നിലവിൽ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റർ തന്നെയാണ് ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. 2022 മുതൽ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനങ്ങൾ മാത്രമാണ് സൂര്യ കാഴ്ചവെച്ചിട്ടുള്ളത്. ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിലും സൂര്യയുടെ ഈ കടന്നാക്രമണം കാണാൻ സാധിച്ചു.
എന്നിരുന്നാലും ഏകദിന ക്രിക്കറ്റിലേക്ക് വരുമ്പോൾ വളരെ മോശം പ്രകടനങ്ങളാണ് സൂര്യ പുറത്തെടുത്തിരിക്കുന്നത്. ഇതിനെതിരെ വലിയ വിമർശനങ്ങളും കഴിഞ്ഞ സമയങ്ങളിൽ ഉയർന്നിരുന്നു. തന്റെ ഏകദിന ക്രിക്കറ്റിലെ പ്രകടനം വളരെ മോശമാണ് എന്ന് ഇപ്പോൾ തുറന്നു സമ്മതിക്കുകയാണ് സൂര്യകുമാർ യാദവ്. ഇക്കാര്യം വെളിപ്പെടുത്തുന്നതിൽ തനിക്ക് യാതൊരുവിധ വിഷമവുമില്ല എന്നാണ് സൂര്യ പറയുന്നത്.
ഏകദിന കരിയറിലെ തന്റെ നമ്പരുകൾ മെച്ചപ്പെടുത്തുന്നതിനായി താൻ ശ്രമിക്കുന്നുണ്ട് എന്നാണ് സൂര്യകുമാർ പറയുന്നത്. “സത്യസന്ധമായി പറയുകയാണെങ്കിൽ 50 ഓവർ ക്രിക്കറ്റിലെ എന്റെ ബാറ്റിങ്ങിലെ നമ്പറുകൾ വളരെയധികം മോശമാണ്. ഇക്കാര്യം തുറന്നു പറയുന്നതിൽ എനിക്ക് യാതൊരു വിഷമവുമില്ല. നമ്മളെല്ലായിപ്പോഴും സത്യസന്ധതയെ കുറിച്ചാണ് സംസാരിക്കാറുള്ളത്. അങ്ങനെ തന്നെയാണ് ചെയ്യേണ്ടതും. അതുകൊണ്ടുതന്നെ ഈ സമയത്ത് എങ്ങനെയാണ് നമ്മുടെ ബാറ്റിംഗ് പ്രകടനങ്ങൾ മെച്ചപ്പെടുത്തേണ്ടത് എന്നാണ് ശ്രദ്ധിക്കേണ്ടത്.”- സൂര്യകുമാർ പറയുന്നു.
“നിങ്ങൾക്ക് വലിയ പരിചയമില്ലാത്ത ഫോർമാറ്റാണ് ഏകദിന ക്രിക്കറ്റ് എന്ന് രോഹിത് ശർമയും രാഹുൽ ദ്രാവിഡ് സാറും എന്നോട് മുൻപ് പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ഏകദിനത്തിൽ കൂടുതൽ കളിക്കണമെന്നും, അതിനെപ്പറ്റി കൂടുതൽ ചിന്തിക്കണമെന്നും എന്നോട് ഇരുവരും ആവശ്യപ്പെട്ടിരുന്നു. ഇന്നിങ്സിന്റെ അവസാനത്തെ 10- 15 ഓവറുകളിലാണ് ബാറ്റ് ചെയ്യാൻ അവസരം ലഭിക്കുന്നതെങ്കിൽ ടീമിനായി എന്താണ് എനിക്ക് ചെയ്യാൻ സാധിക്കുക എന്ന് ചിന്തിക്കണം എന്നവർ പറഞ്ഞു. ഈ ഉത്തരവാദിത്തങ്ങൾ എങ്ങനെ മികച്ച അവസരങ്ങളാക്കി മാറ്റിയെടുക്കണം എന്നതാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്.”- സൂര്യകുമാർ യാദവ് കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ 44 പന്തുകളിൽ 83 റൺസായിരുന്നു സൂര്യകുമാർ യാദവ് നേടിയത്. മത്സരത്തിൽ 10 ബൗണ്ടറികളും 4 സിക്സറുകളും സ്വന്തമാക്കാൻ സൂര്യകുമാറിന് സാധിച്ചു. നിർണായക സമയത്ത് ഇന്ത്യക്കായി ക്രീസിലെത്തിയ സൂര്യകുമാർ ഇന്ത്യയുടെ വിജയം ഉറപ്പിച്ച ശേഷമാണ് മൈതാനം വിട്ടത്. 188 സ്ട്രൈക് റേറ്റിലാണ് സൂര്യകുമാർ മൂന്നാം മത്സരത്തിൽ വെടിക്കെട്ട് നടത്തിയത്.