സമീപകാലത്ത് അഫ്ഗാനിസ്ഥാൻ ടീമിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ബാറ്റർമാരിൽ ഒരാളാണ് റഹ്മാനുള്ള ഗുർബാസ്. ഇന്ത്യൻ പ്രീമിയർ ലീഗിലടക്കം സാന്നിധ്യമായ ഗുർബാസ് അഫ്ഗാനായി മിന്നുന്ന പ്രകടനങ്ങൾ തന്നെ കാഴ്ച വയ്ക്കുകയുണ്ടായി. തനിക്ക് തന്റെ മത്സരത്തിൽ പുരോഗതിയുണ്ടാകാൻ എപ്പോഴും സഹായിച്ചിട്ടുള്ളത് മഹേന്ദ്ര സിംഗ് ധോണിയുടെയും വിരാട് കോഹ്ലിയുടെയും ഉപദേശങ്ങളാണ് എന്ന് ഗുർബാസ് പറയുകയുണ്ടായി. മികച്ച ഒരു താരമായി മാറാൻ എന്താണ് ചെയ്യേണ്ടതെന്നറിയാൻ എപ്പോഴും ധോണിയുടെയും കോഹ്ലിയുടെയും ഉപദേശം താൻ തേടാറുണ്ട് എന്നും ഗുർബാസ് പറഞ്ഞു.
അഫ്ഗാനിസ്ഥാന്റെ ഇന്ത്യക്കെതിരായ 3 ട്വന്റി20 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒരു അർത്ഥസെഞ്ച്വറി ഗുർബാസ് സ്വന്തമാക്കുകയുണ്ടായി. പിന്നാലെയാണ് ഗുർബാസിന്റെ തുറന്നു പറച്ചിൽ. “ഞാൻ എല്ലായിപ്പോഴും വിരാട് കോഹ്ലിയുടെയും മഹേന്ദ്ര സിംഗ് ധോണിയുടെയും അടുത്ത് ചെന്ന് സംസാരിക്കാറുണ്ട്. എന്റെ മത്സരം എങ്ങനെ പുരോഗതിയിലാക്കാം എന്നതിനെപ്പറ്റിയാണ് ഞാൻ സംസാരിക്കാറുള്ളത്.”
“അതേ സംബന്ധിച്ച് എന്റെ മനസ്സിൽ കുറച്ചു കാര്യങ്ങളുണ്ട്. ഞാൻ അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുകയാണ്. വിരാടുമായി എന്റെ ക്രിക്കറ്റ് യാത്രയെപ്പറ്റി ഞാൻ സംസാരിച്ചിരുന്നു. ഏതുതരത്തിൽ എനിക്ക് വളരാനാവുമെന്നും, അടുത്ത ലെവലിൽ എത്താനാവുമെന്നും ഞാൻ അദ്ദേഹത്തോട് ഉപദേശം തേടിയിരുന്നു.”- ഗുർബാസ് പറയുന്നു.
2024 ട്വന്റി20 ലോകകപ്പിന് മുൻപ് അഫ്ഗാനിസ്ഥാൻ ഇന്ത്യക്കെതിരെ നടത്തിയ പര്യടനം ഒരുപാട് മികച്ച നിമിഷങ്ങൾ സമ്മാനിച്ചുവെന്നും ഗുർബാസ് ചൂണ്ടിക്കാട്ടുകയുണ്ടായി. “ഞങ്ങളെ സംബന്ധിച്ച് അത് ഒരുപാട് പാഠങ്ങൾ ഉൾക്കൊള്ളാനുള്ള സമയമായിരുന്നു. ഇത്തരത്തിലുള്ള മത്സരങ്ങൾ എപ്പോഴും സംഭവിക്കാം.
ഞങ്ങൾ മത്സരങ്ങൾ ആസ്വദിക്കുകയും, ഒപ്പം അതിൽനിന്ന് പഠിക്കുകയും ചെയ്തു. കോഹ്ലിയെയും രോഹിത് ശർമയേയും പോലെയുള്ള താരങ്ങൾക്കെതിരെ കളിക്കുമ്പോൾ അത് ഒരുപാട് ആത്മവിശ്വാസവും പാഠങ്ങളും നൽകുന്നു. ഭാവിയിലും ഇന്ത്യക്കെതിരെ ഇതുപോലെ ഒരുപാട് പരമ്പരകൾ കളിക്കാൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്.”- ഗുർബാസ് കൂട്ടിച്ചേർത്തു.
പരമ്പരയിലെ മൂന്നാം ട്വന്റി20 മത്സരമായിരുന്നു ഏറ്റവും മികച്ചതായി ആരാധകർ ചൂണ്ടിക്കാട്ടിയത്. ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ ഒരു ഇരട്ട സൂപ്പർ ഓവറാണ് വിജയികളെ നിശ്ചയിച്ചത്. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഇന്ത്യൻ ടീമിനെതിരെ വളരെ വലിയ രീതിയിൽ തന്നെ പോരാടുകയുണ്ടായി.
ആദ്യ സൂപ്പർ ഓവറിൽ മികച്ച പ്രകടനം നടത്തിയെങ്കിലും, രണ്ടാം സൂപ്പർ ഓവറിൽ അഫ്ഗാനിസ്ഥാൻ ഇന്ത്യക്കെതിരെ പരാജയം വഴങ്ങുകയായിരുന്നു. മത്സരത്തിൽ 32 പന്തുകളിൽ 50 റൺസ് നേടിയ ഗുർബാസിന്റെ പ്രകടനം അഫ്ഗാനിസ്ഥാന് മേൽക്കോയ്മ നൽകിയിരുന്നു.