ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയോട് തനിക്കുള്ള ബഹുമാനം തുറന്നുകാട്ടി മലയാളി താരം സഞ്ജു സാംസൺ. എല്ലായിപ്പോഴും മഹേന്ദ്ര സിംഗ് ധോണിയ്ക്കൊപ്പം മുൻപോട്ടു പോവാനാണ് താൻ ശ്രമിക്കുന്നത് എന്ന് സഞ്ജു സാംസൺ പറയുന്നു. ധോണിയുടെ തന്ത്രങ്ങളാണ് തന്റെ കരിയറിൽ ഉയർച്ചയുണ്ടാകാൻ താൻ തിരഞ്ഞെടുക്കുന്നത് എന്ന് സഞ്ജു സാംസൺ കൂട്ടിച്ചേർക്കുകയുണ്ടായി.
2015 ലായിരുന്നു സഞ്ജു ഇന്ത്യൻ ടീമിനായി തന്റെ അരങ്ങേറ്റ മത്സരം കളിച്ചത്. 2020 ൽ ധോണി തന്റെ അന്താരാഷ്ട്ര വിരമിക്കലും പ്രഖ്യാപിക്കുകയുണ്ടായി. ഇതിന് ശേഷമായിരുന്നു സഞ്ജുവിന് ഇന്ത്യൻ ടീമിൽ കൂടുതൽ അവസരം ലഭിച്ചത്. പിന്നീട് ഐപിഎല്ലിലൂടെയാണ് ഇരു താരങ്ങളും തമ്മിൽ കണ്ടുമുട്ടിയിരുന്നത്.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ മത്സരങ്ങൾ നടക്കുമ്പോൾ താൻ ധോണിയുമായി സംസാരിക്കാറുണ്ട് എന്ന് സഞ്ജു സാംസൺ പറയുന്നു. ധോണിയുടെ കയ്യിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കുന്നത് തനിക്ക് ഗുണം ചെയ്തിട്ടുണ്ട് എന്നും സഞ്ജു പറഞ്ഞു. 2020ൽ ഷാർജയിൽ നടന്ന മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് ധോണിയുമായുള്ള തന്റെ ബന്ധം കൂടുതൽ വലുതായത് എന്നും സഞ്ജു സാംസൺ കൂട്ടിചേർത്തു.
“ഇവിടെ എല്ലാ യുവതാരങ്ങളെപ്പോലെ എനിക്കും മഹേന്ദ്ര സിംഗ് ധോണിയ്ക്കൊപ്പം മുൻപോട്ടു പോവാനാണ് താല്പര്യം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ എപ്പോൾ കളിച്ചാലും എനിക്ക് മഹേന്ദ്ര സിംഗ് ധോണിയുമായി സംസാരിക്കാൻ അവസരം ലഭിക്കാറുണ്ട്. ഞാൻ അദ്ദേഹവുമായി ഇരുന്നു സംസാരിക്കാറുണ്ട്. എങ്ങനെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്ന് ഞാൻ ചോദിച്ചു മനസ്സിലാക്കാറുണ്ട്. എന്നെ സംബന്ധിച്ച് അതൊക്കെയും ഒരു സ്വപ്നമാണ്. അന്ന് ഷാർജയിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ എനിക്ക് സാധിച്ചിരുന്നു. മത്സരത്തിൽ 70- 80 റൺസ് ഞാൻ സ്വന്തമാക്കുകയും ടീമിനെ വിജയിപ്പിക്കുകയും ചെയ്തു. ആ മത്സരത്തിലെ താരമായി എന്നെ തിരഞ്ഞെടുത്തു. അതിനുശേഷം ഞാൻ മഹി ഭായുമായി സംസാരിച്ചു. പിന്നീടാണ് ഞങ്ങളുടെ ബന്ധം വളരാൻ തുടങ്ങിയത്. ഇപ്പോൾ ഞാൻ ഇടയ്ക്ക് ധോണിയെ കാണാറുണ്ട്.”- സഞ്ജു പറയുന്നു.
“കഴിഞ്ഞ ദിവസവും ഞാൻ ധോണി ഭായിയെ കണ്ടിരുന്നു. എന്നെ സംബന്ധിച്ച് അതൊരു അനുഗ്രഹമാണ്. കാരണം ഒരു റോൾ മോഡലായി കണ്ട താരത്തോടൊപ്പം ഇരുന്ന് സംസാരിക്കാനും ഷൂട്ടിങ്ങുകളിലും മറ്റു പരിപാടികളിലും പങ്കെടുക്കാനും സാധിക്കുന്നത് വലിയ കാര്യമാണ്. ഞാനിപ്പോൾ സ്വപ്നത്തിൽ ജീവിക്കുന്നത് പോലെയാണ് തോന്നാറുള്ളത്.”- സഞ്ജു കൂട്ടിച്ചേർക്കുകയുണ്ടായി. ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ സഞ്ജുവിന് പരിക്കേറ്റിരുന്നു. ഐപിഎല്ലിലൂടെ ശക്തമായ ഒരു തിരിച്ചുവരവിനാണ് ഇപ്പോൾ സഞ്ജു ശ്രമിക്കുന്നത്.