ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ നിന്ന് പുറത്തായ സ്റ്റാർ ഇന്ത്യൻ മിഡിൽ ഓർഡർ ബാറ്റർ ശ്രേയസ് അയ്യർ അടുത്ത നാലോ അഞ്ചോ മാസത്തേക്കെങ്കിലും ക്രിക്കറ്റ് കളത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വരും എന്ന് റിപ്പോര്‍ട്ട്.
പുറത്തെ നിരന്തരമായി പരിക്കിനെ തുടര്‍ന്ന്, താരത്തിനോട് ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അങ്ങനെയെങ്കില്‍ ഐപിഎല്‍ മത്സരവും കൂടാതെ ജൂൺ 7 മുതൽ 11 വരെ ഓവലിൽ നടക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാകും.
രണ്ട് തവണ ഐപിഎൽ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ക്യാപ്റ്റന്‍റെ അഭാവം വലിയ തിരിച്ചടിയാകും,
“ശസ്‌ത്രക്രിയയ്‌ക്ക് പോകാൻ അയ്യർക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ലണ്ടനിലെ ഒരു സ്പെഷ്യലിസ്റ്റിനെക്കൊണ്ട് ഓപ്പറേഷൻ ചെയ്യാൻ അദ്ദേഹം ആഗ്രഹിക്കുന്നു, എന്നാൽ ഇന്ത്യയിൽ ഒരു ഓപ്ഷൻ ഉണ്ടെങ്കിൽ, ശസ്ത്രക്രിയ ഇവിടെയും നടക്കാം,” ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന നാലാം ടെസ്റ്റിൽ ഓസ്‌ട്രേലിയയെ നേരിട്ട ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു അയ്യർ. എന്നാൽ നട്ടെല്ലിന്റെ പ്രശ്‌നത്തെ തുടർന്ന് ആദ്യ ഇന്നിംഗ്‌സിൽ അദ്ദേഹം ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല.
അയ്യരുടെ അഭാവത്തിൽ, കൊൽക്കത്തയ്ക്ക് 2023-ലെ ഐപിഎല്ലിന് പുതിയ നായകനെ തേടേണ്ടി വരും. ഡബ്ല്യുടിസി ഫൈനലിലെ അദ്ദേഹത്തിന്റെ അഭാവം, അതേസമയം, ടെസ്റ്റ് ടീമിലെ കെ എൽ രാഹുലിന് ഒരിക്കൽ കൂടി വാതിൽ തുറന്നേക്കാം.