മൂന്നാം മത്സരത്തിലും സൂര്യകുമാറിന് സ്വർണമുട്ട. വീണ്ടും ആദ്യബോളിൽ പുറത്ത്.

surya golden duck

ഓസ്ട്രേലിയക്കെതിരായ മൂന്നാമത്തെ ഏകദിനത്തിലും ഗോൾഡൻ ഡക്കായി സൂര്യകുമാർ യാദവ്. ആദ്യ രണ്ടു മത്സരങ്ങളിലും മിച്ചൽ സ്റ്റാർക്കിന്റെ ആദ്യ പന്തിലാണ് സൂര്യകുമാർ പുറത്തായതെങ്കിൽ, മൂന്നാം മത്സരത്തിൽ ആഷ്ടൻ ഏഗറുടെ പന്തിലായിരുന്നു മടങ്ങിയത്. ഇതോടെ നാണക്കേടിന്റെ ഗോൾഡൻ ഡക്ക് റെക്കോർഡ് സൂര്യകുമാറിന് വന്നുചേർന്നിട്ടുണ്ട്. ആദ്യ രണ്ടു മത്സരങ്ങളിലും സൂര്യകുമാർ ഗോൾഡൻ ഡക്കായി പുറത്തായത് വലിയ രീതിയിൽ ചർച്ച ഉണ്ടാക്കിയിരുന്നു. അതിനു പിന്നാലെയാണ് സൂര്യ മൂന്നാം മത്സരത്തിലും പൂജ്യനായി മടങ്ങിയിരിക്കുന്നത്.

മത്സരത്തിൽ 36മത്തെ ഓവറിലായിരുന്നു സൂര്യകുമാർ യാദവ് ക്രീസിൽ എത്തിയത്. ഇന്ത്യയ്ക്കായി മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച വിരാട് കോഹ്ലിക്ക്(54) ശേഷമാണ് സൂര്യകുമാർ എത്തിയത്. എന്നാൽ ആദ്യ പന്തിൽ തന്നെ സൂര്യകുമാർ ഏഗറിന് മുൻപിൽ കീഴടങ്ങുന്നതാണ് കാണാൻ സാധിച്ചത്. വളരെ ഫ്ലാറ്റിൽ, വേഗതയോടെയായിരുന്നു ഏഗർ പന്തെറിഞ്ഞത്. സൂര്യകുമാർ ലെഗ് സൈഡിലേക്ക് നീങ്ങുകയും, ബാക്ക് ഫുട്ടിൽ കളിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ വളരെ സ്പീഡിൽ വന്ന പന്ത് ബാറ്റിനെ മറികടന്ന് സ്റ്റമ്പ് പിഴുതെറിയുകയാണ് ഉണ്ടായത്.

Fr1WnFpWIAAd34H

മത്സരത്തിന്റെ നിർണായകമായ സമയത്തായിരുന്നു സൂര്യകുമാർ യാദവിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായത്. മത്സരത്തിൽ വളരെ മികച്ച നിലയിൽ നിന്ന ഇന്ത്യയെ പിന്നിലോട്ടടിക്കാനും ഈ വിക്കറ്റ് കാരണമായി. ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് വിപരീതമായി ഏഴാമനായി ആയിരുന്നു മൂന്നാം ഏകദിനത്തിൽ സൂര്യകുമാർ യാദവ് ഇറങ്ങിയത്. എന്നിരുന്നാലും തന്റെ പ്രകടനത്തിൽ മെച്ചമുണ്ടാക്കാൻ സൂര്യയ്ക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ 2023ലെ ഏകദിന ലോകകപ്പിലേക്ക് ഇന്ത്യ സൂര്യകുമാറിനെ പരിഗണിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യം തന്നെയാണ്.

Read Also -  ക്ലാസ് സെഞ്ച്വറിയുമായി ഋതു. ചെന്നൈ സൂപ്പര്‍ കിംഗ്സ് ചരിത്രത്തില്‍ ഇതാദ്യം.

നാലാം നമ്പറിൽ ശ്രേയസ് അയ്യരുടെ അഭാവത്തിൽ സഞ്ജു സാംസൺ എന്ന മികച്ച ഓപ്ഷൻ നിലനിൽക്കുന്നുണ്ടെങ്കിലും, ഇന്ത്യ വീണ്ടും സൂര്യകുമാറിന് അവസരം നൽകിയത് മുറവിളികൾക്ക് കാരണമായിരുന്നു. ഇന്ത്യക്കായി ഏകദിനത്തിൽ 66 റൺസ് ശരാശരിയുള്ള സഞ്ജു സാംസണെ ഒഴിവാക്കി നിരന്തരം പരാജയപ്പെടുന്ന സൂര്യയെ ടീമിൽ കളിപ്പിക്കുന്നതിനെതിരെ മുൻ താരങ്ങൾ പോലും രംഗത്ത് വരികയുണ്ടായി.

Scroll to Top