രോഹിത്തിനും കോഹ്ലിക്കും ശേഷം മികച്ച താരമാണ് അവൻ :ലോകകപ്പ് ടീമിൽ വരണമെന്നാവശ്യപ്പെട്ട് മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ് എക്കാലവും അനേകം പ്രതിഭകളാൽ അനുഗ്രഹീതമാണ്.പക്ഷേ ഇന്ത്യൻ ടീമിലേക്ക് അവസരം ലഭിക്കാൻ വളരെ കഷ്ടപാടുകളും മികച്ച ഒരുപിടി പ്രകടനങ്ങളും കാഴ്ചവെക്കണമെന്നത് സത്യമാണ്. ഇത്തരത്തിൽ ഒരു ഇന്ത്യൻ ക്രിക്കറ്റ്‌ താരമാണ് ശ്രദ്ധാകേന്ദ്രമായി മാറുന്നത്. ഇന്ത്യൻ ടീമിലേക്ക് വളരെ ഏറെ വൈകി വന്ന ഒരു വസന്തമായി വിലയിരുത്തപെടുന്ന താരമാണ് മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ്. ആഭ്യന്തര ക്രിക്കറ്റിലും ഐപില്ലിലും മിന്നും ബാറ്റിങ് പ്രകടനങ്ങൾ പുറത്തെടുത്ത താരം ഏകദിന, ടി :20 അരങ്ങേറ്റങ്ങൾക്ക് പിന്നാലെ വളരെ ഏറെ അത്ഭുതങ്ങളാണ് ബാറ്റിങ്ങിൽ കാഴ്ചവെക്കുന്നത്. ഏകദിന ക്രിക്കറ്റിൽ താരം ശ്രീലങ്കക്ക്‌ എതിരായ മത്സരത്തിലൂടെ അരങ്ങേറിയപ്പോൾ ടി :20 ക്രിക്കറ്റിലെ ആദ്യ പന്ത് തന്നെ സിക്സ് അടിച്ചാണ് സൂര്യകുമാർ യാദവിന്റെ മിന്നും തുടക്കവും.

താരത്തിന്റെ മികച്ച പ്രകടനങ്ങളെ പല ക്രിക്കറ്റ്‌ ആരാധകരും മുൻ താരങ്ങളും വരെ വാനോളം പുകഴ്ത്തിയെങ്കിലും മുൻപ് താരത്തിനൊപ്പം കളിച്ചിട്ടുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരവും ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിന്റെ ബൗളറുമായിട്ടുള്ള ഹർഭജൻ സിംഗിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. നിലവിൽ ഇന്ത്യൻ ടീമിലെ നായകനായ കോഹ്ലിക്കും ഉപനായകൻ രോഹിത്തിനും ശേഷം ഏറ്റവും അധികം കഴിവുള്ള ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവാണെന്ന് വിശദീകരിച്ച ഹർഭജൻ ഇനിയും ഇന്ത്യൻ ടീമിനായി അനേകം നേട്ടങ്ങളും ഒട്ടേറെ വിജയങ്ങളും നേടുവാൻ സൂര്യകുമാർ യാദവിന് കഴിയുമെന്നും പ്രവചിച്ചു.

“കോഹ്ലിക്കും രോഹിത്തിനും ശേഷം ടീം ഇന്ത്യയിൽ ഏറ്റവും അധികം ടാലന്റ് കാണുവാൻ സാധിക്കുന്ന ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവ് തന്നെയാണ്. ചെറുപ്പ കാലയളവിൽ തന്നെ എനിക്ക് അവനെ അറിയാം. ഐപിഎല്ലിൽ ഞാൻ മുംബൈ ഇന്ത്യൻസ് ടീമിന്റെ ക്യാപ്റ്റനായപ്പോൾ സൂര്യകുമാർ യുവ ബാറ്റ്‌സ്മാനായിരുന്നു. സ്പിന്നർമാരെയും പേസർമാരെയും ഒരുപോലെ കളിക്കുവാൻ സാധിക്കുന്ന ചുരുക്കം ബാറ്റ്‌സ്മാന്മാരിൽ ഒരാളാണ് അവൻ. കരിയറിൽ അനേകം നേട്ടങ്ങൾ കൊയ്യുവാൻ ഇനിയും അവന് സാധിക്കും” ഹർഭജൻ അഭിപ്രായം വിശദമാക്കി.

നേരത്തെ ലങ്കക്ക് എതിരായ ഏകദിന പരമ്പരയിൽ അരങ്ങേറ്റം കുറിച്ച താരം ഏകദിന പരമ്പര യിലെ മാൻ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കി.താരം ആദ്യ ടി :20യിൽ അർദ്ധ സെഞ്ച്വറി നേടി ആരാധകരെ വീണ്ടും അമ്പരപ്പിച്ചിരുന്നു. വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ താരം കളിക്കുമെന്നാണ് ഹർഭജൻ സിങ്ങും ഇപ്പോൾ പങ്കുവെക്കുന്ന അഭിപ്രായം “എല്ലാ ടീമിലും കളിക്കാനുള്ള പ്രകടനം അവന്റെ ബാറ്റിൽ നിന്നും പിറന്നിട്ടുണ്ട്. ഏകദിന ലോകകപ്പിലും, ടി :20 ക്രിക്കറ്റ്‌ ലോകകപ്പിലും ടെസ്റ്റ് ടീമിലും എല്ലാം സൂര്യ അവസരം അർഹിക്കുന്നുണ്ട് “ഭാജി അഭിപ്രായം വ്യക്തമാക്കി.