ആവേശകരമായ ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പര ഈ മാസം 9നാണ് തുടങ്ങുന്നത്. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇരു ടീമുകളെയും സംബന്ധിച്ച് ഈ പരമ്പര അഭിമാന പ്രശ്നമാണ്. കഴിഞ്ഞ രണ്ട് തവണയും ഓസ്ട്രേലിയയിൽ വച്ച് നടന്ന പരമ്പര സ്വന്തമാക്കിയത് ഇന്ത്യ ആയിരുന്നു. അവരുടെ നാട്ടിൽ നേടിയ വിജയം സ്വന്തം നാട്ടിലും ആവർത്തിക്കാൻ ആയിരിക്കും ഇന്ത്യ ശ്രമിക്കുക. എന്നാൽ ഓസ്ട്രേലിയയെ തോൽപ്പിക്കുന്നത് ഇന്ത്യക്ക് എത്ര എളുപ്പമാകില്ല. അതിശക്തമായ ടീമും കൊണ്ടാണ് ഓസ്ട്രേലിയ ഇന്ത്യയിലേക്ക് വരുന്നത്. വ്യക്തമായ മുന്നൊരുക്കത്തോടെ നാല് സ്പിന്നർമാരെ കൂട്ടിയാണ് ഓസ്ട്രേലിയ ഇന്ത്യയിലേക്ക് എത്തുന്നത്.
ഓസീസ് നിരയിൽ ഇന്ത്യയിൽ കളിച്ച് അനുഭവസമ്പത്തുള്ള നിരവധി താരങ്ങൾ ഉണ്ട്. അതുകൊണ്ടു തന്നെ അത്ര എളുപ്പത്തിൽ പരമ്പര നേടുവാൻ ഇന്ത്യയ്ക്ക് സാധിക്കില്ല. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ മുതിർന്ന താരങ്ങളുടെ സമീപകാലത്തെ ഫോം അത്ര മികച്ചതല്ല. ഇന്ത്യക്ക് അക്കാര്യവും വലിയ ആശങ്കകൾ സമ്മാനിക്കുന്നുണ്ട്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് പരമ്പരയിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുവാൻ ഓസ്ട്രേലിയൻ ടീമിന് ഓസീസ് പേസർ മിച്ചൽ ജോൺസൺ നിർദ്ദേശിച്ചിരിക്കുന്ന വഴിയാണ്. ആദ്യം ബാറ്റ് ചെയ്ത് ഉയർന്ന സ്കോർ കണ്ടെത്തുക എന്നതാണ് ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള വഴി എന്നാണ് ജോൺസൺ പറയുന്നത്.
“ഒന്നിലധികം തവണ ആദ്യം ബാറ്റ് ചെയ്യുവാൻ ഈ പരമ്പരയിൽ ഓസ്ട്രേലിയയിലേക്ക് സാധിച്ചാൽ ഉയർന്ന ടോട്ടൽ പടുത്തുയർത്തി ഇന്ത്യയെ സമ്മർദത്തിലാക്കുവാൻ സാധിക്കും. നാല് സ്പിന്നർമാരുടെ കൂടെയാണ് ഓസ്ട്രേലിയ വരുന്നത്. നദാൻ ലിയോണിന്റെ അനുഭവസമ്പത്തിനെയും ടെസ്റ്റ് റെക്കോർഡിനേയും ഇന്ത്യക്കാർ ബഹുമാനിച്ചേക്കും. എന്നാൽ പേടിയുണ്ടാകില്ല. ഇന്ത്യൻ ബാറ്റ്സ്മാൻ സ്പിന്നിനെ നന്നായി നേരിടുകയും കൃത്യമായി കാലുകൾ ചലിപ്പിക്കുകയും ചെയ്യുന്നവരാണ്.”-ജോൺസൺ പറഞ്ഞു. കരുത്തുറ്റ ബൗളിംഗ് നിര തന്നെയാണ് കങ്കാരു പടയുടെ കരുത്ത്.
അതേസമയം സമീപകാലത്ത് ഇന്ത്യൻ ബൗളർമാർ നടത്തുന്ന മികച്ച പ്രകടനം ഇന്ത്യക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. എന്നാൽ ഇന്ത്യക്ക് വലിയ തിരിച്ചടിയാകുക വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷബ് പന്തിന്റെ അഭാവം ആയിരിക്കും. കാറപകടത്തിൽ പരിക്കേറ്റ താരം ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് പന്ത്. അതുകൊണ്ടുതന്നെ സൂപ്പർ താരത്തിൻ്റെ അഭാവം ഇന്ത്യയ്ക്ക് വലിയ തിരിച്ചടി സമ്മാനിക്കും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. പന്തിന്റെ അഭാവം ശ്രേയസ് അയ്യർ നികത്തും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ. സമീപകാലത്ത് ശ്രേയസ് അയ്യരുടെ മികച്ച പ്രകടനം തന്നെയാണ് ആ പ്രതീക്ഷകൾക്ക് കാരണം.