2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും ഉറ്റുനോക്കുന്ന ഒരു മത്സരമാണ് മുംബൈ- ചെന്നൈ പോരാട്ടം. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നാണ് ഇത്. നാളെ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഹർദിക് പാണ്ട്യയുടെ അഭാവത്തിൽ സൂര്യകുമാർ യാദവാണ് മത്സരത്തിൽ മുംബൈ ടീമിന്റെ നായകൻ.
മത്സരത്തിൽ മുംബൈക്ക് മുൻപിലുള്ള വലിയ വെല്ലുവിളി ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണിയെ പിടിച്ചു കെട്ടുക എന്നതാണ്. കഴിഞ്ഞ സീസണുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു ധോണി കാഴ്ചവെച്ചത്. ധോണിയെ ഏതുതരത്തിൽ പിടിച്ചുകെട്ടാനാണ് തങ്ങൾ ശ്രമിക്കുന്നത് എന്ന ചോദ്യത്തിന് മുംബൈ നായകൻ സൂര്യകുമാർ യാദവ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരിക്കുന്നത്.
വളരെ തമാശ നിറഞ്ഞ രീതിയിലായിരുന്നു സൂര്യകുമാർ യാദവ് പത്ര റിപ്പോർട്ടറുടെ ഈ ചോദ്യത്തിന് മറുപടി നൽകിയത്. “അൺക്യാപ്പ്ഡ് താരമായ മഹേന്ദ്ര സിംഗ് ധോണിയെ നിയന്ത്രിക്കാൻ എന്തെങ്കിലും തന്ത്രങ്ങൾ കയ്യിലുണ്ടോ?’ എന്നതായിരുന്നു റിപ്പോർട്ടുകളുടെ ചോദ്യം. ഇതിന് സൂര്യകുമാർ യാദവ് നൽകിയ മറുപടി ഇങ്ങനെയാണ്. “ഇത്രയും വർഷങ്ങളായിട്ട് അദ്ദേഹത്തെ നിയന്ത്രിക്കാൻ ആർക്കെങ്കിലും സാധിച്ചിട്ടുണ്ടോ?”. സൂര്യകുമാറിന്റെ ഈ മറുപടി വലിയ ചിരിയാണ് സദസ്സിൽ ഉയർത്തിയത്. എന്നാൽ ധോണി എത്രമാത്രം മികച്ച താരമാണ് എന്ന് സൂര്യകുമാർ യാദവ് ഈ മറുപടിയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.
മത്സരത്തിലെ മുംബൈ ടീമിന്റെ തന്ത്രങ്ങളെ പറ്റിയും സൂര്യകുമാർ യാദവ് സംസാരിക്കുകയുണ്ടായി. സമീപകാലത്ത് ട്വന്റി20 ക്രിക്കറ്റിൽ അത്ര മികച്ച ഫോമിലല്ല സൂര്യകുമാർ യാദവ് കളിച്ചിരുന്നത്. ഇതേ സംബന്ധിച്ചും സൂര്യകുമാർ സംസാരിച്ചു. തിലക് വർമയെ മൂന്നാം നമ്പറിൽ മൈതാനത്ത് എത്തിച്ച് താൻ നാലാം നമ്പറിലേക്ക് മാറാനാണ് ശ്രമിക്കുന്നത് എന്ന് സൂര്യകുമാർ യാദവ് പത്രസമ്മേളനത്തിൽ പറയുകയുണ്ടായി.
“മുൻനിരയിൽ കൃത്യമായ ഇമ്പാക്ട് ഉണ്ടാക്കേണ്ടത് ആവശ്യമാണ്. തിലക് വർമയെ ഞാൻ കുറച്ചധികം നാളുകളായി കാണുന്നു. അവൻ ഒരുപാട് കഠിനപ്രയത്നം നടത്തുന്നുണ്ട്. ഇന്ത്യൻ ടീമിനായും അവൻ നന്നായി കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവൻ മൂന്നാം നമ്പരിൽ ബാറ്റിംഗ് ഇറങ്ങും. ഞാൻ നാലാം നമ്പറിൽ എന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കും. എന്നെ സംബന്ധിച്ച് ഇത്തരം പൊസിഷനുകൾ ഒരു വലിയ പ്രശ്നമല്ല.”- സൂര്യകുമാർ പറഞ്ഞു.
“ഏത് പൊസിഷനിൽ മൈതാനത്ത് എത്തിയാലും ഞാൻ എന്റേതായ രീതിയിൽ കളിക്കാനാണ് ശ്രമിക്കാറുള്ളത്. അവസരം ലഭിക്കുമ്പോൾ വമ്പൻ ഷോട്ടുകൾ കളിക്കാൻ ഞാൻ തയ്യാറാവും. ഞങ്ങളൊക്കെയും ഇത്തരത്തിലുള്ള താരങ്ങൾ തന്നെയാണ്. എനിക്ക് മൂന്നാം നമ്പറിലും അഞ്ചാം നമ്പറിലും ബാറ്റ് ചെയ്യാൻ സാധിക്കും. തിലക് വർമയ്ക്കും അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ സാധിക്കും. ഇത്തരമൊരു വ്യത്യസ്തതയാണ് ടീമുകൾക്ക് ആവശ്യം. ഞാൻ കഴിഞ്ഞ സമയങ്ങളിൽ നെറ്റിൽ ഒരുപാട് പരിശീലനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അതൊക്കെയും ഗുണം ചെയ്യും എന്ന് ഞാൻ കരുതുന്നു.”- സൂര്യകുമാർ കൂട്ടിച്ചേർക്കുന്നു.