മുംബൈ ടെസ്റ്റിലെ വിജയത്തോടെ ന്യൂസിലന്‍റിനെതിരെയുള്ള ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. മത്സരത്തിലെ പുരസ്കാരദാന ചടങ്ങില്‍ പ്ലേയിങ്ങ് ഇലവനില്‍ ഇല്ലാതിരുന്ന മിച്ചല്‍ സാന്‍റനറിനു ഒരു ലക്ഷം രൂപയുടെ പുരസ്കാരമാണ് ലഭിച്ചത്.
വാങ്കടയില്‍ പകരക്കാരനായി എത്തി ന്യൂസിലന്‍റിനായി 5 റണ്‍സ് രക്ഷപ്പെടുത്തിയതിനാണ് ന്യൂസിലന്‍റ് ഓള്‍റൗണ്ടറിനു പുരസ്കാരം സമ്മാനിച്ചത്. സേവ് ഓഫ് ദ മാച്ച് പുരസ്കാരമാണ് താരത്തിനു ലഭിച്ചത്. ഒരു ലക്ഷം രൂപയാണ് പുരസ്കാര സമ്മാനം.
ഒന്നാം ഇന്നിംഗ്സില്‍ ശ്രേയസ്സ് അയ്യറുടെ സിക്സ് ശ്രമമാണ് ബൗണ്ടറിയരികില്‍ മിച്ചല്‍ സാന്‍റനര്‍ തടഞ്ഞിട്ടത്. ഉയർന്നുപൊങ്ങിയ പന്ത് ബൗണ്ടറിക്ക് അപ്പുറത്ത് പതിക്കുമെന്ന് ഉറപ്പായിരിക്കെ, ബൗണ്ടറിക്കരികെ ഫീൽഡ് ചെയ്തിരുന്ന പകരക്കാരൻ താരം മിച്ചൽ സാന്റ്നർ അപാര മെയ്‌വഴക്കത്തോടെ ആ ഷോട്ട് തടുത്ത് ഗ്രൗണ്ടിലിട്ടു.
സാന്റ്നറുടെ സാഹസിക പ്രകടനം നിമിത്തം അയ്യരുടെ ഉജ്വലമായ ഷോട്ടിൽനിന്ന് ഇന്ത്യയ്ക്ക് ലഭിച്ചത് ഒരേയൊരു റൺ മാത്രം.