ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമിലേക്ക് സ്ഥാനം ലഭിക്കാനുള്ള പ്രയാണത്തിലാണ് മലയാളി താരം സഞ്ജു സാംസൺ. വെസ്റ്റിൻഡീസിനെതിരെ ഏകദിന- ട്വന്റി20 പരമ്പരകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ വലിയ തയ്യാറെടുപ്പുകളിലാണ് സഞ്ജു. പരമ്പരയിൽ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ സഞ്ജുവിന്റെ ലോകകപ്പ് ടീമിലേക്കുള്ള സാധ്യതകൾ തെളിയുകയുള്ളൂ.
ഈ സാഹചര്യത്തിൽ ലോകകപ്പ് ടീമിൽ ഇടം പിടിക്കുന്നതിനായി മലയാളി താരം സഞ്ജു സാംസണ് ഉപദേശങ്ങൾ നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. വിൻഡീസിനെതിരായ പരമ്പരകളാവും സഞ്ജു സാംസണിന്റെ ലോകകപ്പ് ടീമിലെ സ്ഥാനം നിർണയിക്കുക എന്നാണ് വസീം ജാഫർ പറയുന്നത്.
കെ എൽ രാഹുൽ ഇന്ത്യയുടെ പ്രാഥമിക വിക്കറ്റ് കീപ്പറായും സഞ്ജു സാംസൺ ബാക്കപ്പായും ഏകദിന സ്ക്വാഡിൽ ഇടംപിടിക്കണം എന്നാണ് വസീം ജാഫർ പറയുന്നത്. “സഞ്ജു എന്തുകൊണ്ടും ലോകകപ്പിനുള്ള സ്ക്വാഡിൽ ഭാഗമാവേണ്ട ആളാണ് എന്നാണ് എന്റെ വിലയിരുത്തൽ. എന്നിരുന്നാലും ഇന്ത്യ വിക്കറ്റ് കീപ്പറായി പ്രാഥമിക പരിഗണന നൽകേണ്ടത് രാഹുലിന് തന്നെയാണ്. അയാൾ ഫിറ്റ്നസ് വീണ്ടെടുത്താൽ മാത്രമേ ഇത് നൽകാവൂ.
രാഹുലിനു ശേഷം ഇന്ത്യൻ ടീമിന്റെ ബാക്കപ്പ് കീപ്പറായി സഞ്ജു സാംസൺ എത്തണം. ഒരു പക്ഷേ ബാക്കപ്പ് ഓപ്പണറായി ഇന്ത്യ ഇഷാനെയും ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഒരു പക്ഷേ സഞ്ജു താഴെപ്പെട്ടേക്കാം.”- ജാഫർ പറയുന്നു.
ഇക്കാരണങ്ങൾ കൊണ്ട് തന്നെ വിൻഡീസിനെതിരായ ഏകദിന പരമ്പര സഞ്ജുവിനെ സംബന്ധിച്ച് വളരെ നിർണായകമാണ് എന്നാണ് ജാഫറിന്റെ അഭിപ്രായം. “പല സമയത്തും ബാറ്റിംഗിൽ കൃത്യമായി സ്ഥിരത കണ്ടെത്താൻ സാധിക്കാതെ വരുന്നത് സഞ്ജുവിനെ ബാധിക്കുന്നുണ്ട്. അതിനാൽ തന്നെ വിൻഡീസിനെതിരായ പരമ്പരയിൽ സ്ഥിരതയോടെ കളിക്കാനും ഉത്തരവാദിത്വപരമായി പെരുമാറാനും സഞ്ജു സാംസൺ തയ്യാറാവണം.
ഈ രണ്ടു കാര്യങ്ങളിൽ സഞ്ജു ശ്രദ്ധിക്കുകയാണെങ്കിൽ ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി അയാൾക്ക് ടീമിലെത്താൻ സാധിക്കും.”- ജാഫർ കൂട്ടിച്ചേർക്കുന്നു.
ഇതുവരെ 2023ൽ ഇന്ത്യയ്ക്ക് വേണ്ടി ഏകദിന മത്സരങ്ങളിൽ കളിക്കാൻ സഞ്ജു സാംസണ് സാധിച്ചിട്ടില്ല. എന്നിരുന്നാലും കഴിഞ്ഞവർഷം ഏകദിനത്തിൽ വളരെ മികച്ച പ്രകടനങ്ങൾ സഞ്ജു കാഴ്ച വച്ചിരുന്നു. കഴിഞ്ഞ വർഷം 10 ഏകദിന മത്സരങ്ങൾ സഞ്ജു സാംസൺ ഇന്ത്യക്കായി കളിക്കുകയുണ്ടായി.
ഇതിൽ നിന്ന് 71 റൺസ് ആവറേജിലാണ് സഞ്ജു പ്രകടനം കാഴ്ചവച്ചത്. എന്തായാലും വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പര സഞ്ജുവിന് ഒരുപാട് പ്രതീക്ഷകൾ നൽകുന്നുണ്ട്.