ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് രണ്ട് ദിവസം മുൻപാണ് വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. നായകൻ കോഹ്ലിയടക്കം പ്രമുഖ താരങ്ങൾ ഇംഗ്ലണ്ടിലെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനും ഒപ്പം ഇംഗ്ലണ്ട് പരമ്പരക്കുമായി ഇംഗ്ലണ്ടിൽ പോകുന്നതിനാൽ യുവ താരങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ഇന്ത്യൻക്രിക്കറ്റ് സംഘത്തെയാണ് സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തത്. ഓപ്പണർ ശിഖർ ധവാൻ ക്യാപ്റ്റനായി എത്തുമ്പോൾ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറിനെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു. സഞ്ജു സാംസൺ അടക്കമുള്ള യുവ താരങ്ങൾ അടങ്ങുന്ന സ്‌ക്വാഡിൽ ശിഖർ ധവാൻ നായകനായി വന്നതിനെ വിമർശന വിധേയമാക്കുകയാണ് മുൻ ഇന്ത്യൻ താരം ദൊഡ്ഡ ഗണേഷ്.
ലിമിറ്റഡ് ഓവർ പരമ്പരകളിൽ ധവാൻ നായകനായി വന്നത് ഒരിക്കലും അംഗീകരിക്കുവാൻ കഴിയില്ലയെന്നാണ് മുൻ ഇന്ത്യൻ താരവുമായ ദൊഡ്ഡ ഗണേഷ് അഭിപ്രായപെടുന്നത്. “ഇന്ത്യൻ ടീമിൽ റിസർവ്വ് താരങ്ങൾ അടക്കം 25 പേരുണ്ട്. സെലക്ഷൻ കമ്മിറ്റി സീനിയോരിറ്റി മാത്രം അടിസ്ഥാനമാക്കിയാണ് ഇപ്പോൾ ശിഖർ ധവാനെ നായകനായി മാറ്റിയത് എങ്കിൽ ഏറ്റവും നായകനാകുവാൻ യോഗ്യൻ മനീഷ് പാണ്ട്യയാണ്.വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ ധവാൻ കളിക്കാൻ പോയാൽ ആരാകും അടുത്ത നായകൻ ” മുൻ താരം വിമർശനം കടുപ്പിച്ചു.
കൂടാതെ ഇന്ത്യൻ ടീമിന്റെ ഉപനായകൻ റോളിൽ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറിനെ നിയമിച്ച തീരുമാനം തന്നെ ഞെട്ടിച്ചുവെന്നാണ് ദൊഡ്ഡ ഗണേഷിന്റെ അഭിപ്രായം.”എന്തുകൊണ്ടാണ് അവർ ഫിറ്റ്നസ് പ്രശ്നങ്ങൾ നേരിടുന്ന ഭൂവിയെ ഉപനായകനാക്കിയത്.ഹാർദിക് പാണ്ട്യ എത്ര നാളുകളായി ടീമിനോപ്പം ഉണ്ട്. അവന് മിക്ക താരങ്ങളെയും അറിയാം. അവനായിരുന്നു വൈസ് ക്യാപ്റ്റൻ റോളിൽ ബെസ്റ്റ് “മുൻ ഇന്ത്യൻ അഭിപ്രായം വിശദമാക്കി.