“സഞ്ജു ഇങ്ങനെ അടിച്ചു തകർക്കുമ്പോൾ എങ്ങനെ പിടിച്ചു നിർത്താനാണ് “. സൗത്താഫ്രിക്കന്‍ നായകൻ ചോദിക്കുന്നു.

ഇന്ത്യക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ദയനീയമായ പരാജയം തന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേരിടേണ്ടിവന്നത്. തങ്ങളുടെ നാട്ടിൽ എല്ലാത്തരത്തിലും ഇന്ത്യ ദക്ഷിണാഫ്രിക്കയെ അടിച്ചൊതുക്കുകയായിരുന്നു. ആദ്യം ബാറ്റിംഗിൽ സഞ്ജു സാംസൺ വെടിക്കെട്ട് തീർത്ത് സെഞ്ചുറി സ്വന്തമാക്കി. പിന്നീട് ഇന്ത്യയുടെ സ്പിന്നർമാരും കളം നിറഞ്ഞതോടെ ദക്ഷിണാഫ്രിക്ക അടിയറവ് പറയുകയാണ് ഉണ്ടായത്. മത്സരത്തിൽ 61 റൺസിന്റെ പരാജയമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേരിടേണ്ടി വന്നത്. മത്സരശേഷം ദക്ഷിണാഫ്രിക്കൻ നായകൻ മാര്‍ക്രം ഈ നിരാശാജനകമായ പ്രകടനത്തെപ്പറ്റി സംസാരിക്കുകയുണ്ടായി.

സഞ്ജു സാംസൺ ഇത്തരത്തിൽ വെടിക്കെട്ട് തീർക്കുമ്പോൾ പിടിച്ചുനിർത്തുക എന്നത് അല്പം പ്രയാസകരമാണ് എന്ന് മാര്‍ക്രം തുറന്നു പറഞ്ഞു. “മത്സരത്തിൽ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുക്കാനുള്ള തീരുമാനം അത്ര മോശമായി ഞാൻ കാണുന്നില്ല. 2 ഇന്നിങ്സുകളിലും ന്യൂബോളിൽ ബൗൺസ് അധികമായി ലഭിച്ചിരുന്നു. അത് 2 ഇന്നിങ്സുകളിലും സ്ഥിരതയോടെ തന്നെയായിരുന്നു. പക്ഷേ മത്സരത്തിൽ മികച്ച തുടക്കം ഞങ്ങൾക്ക് ലഭിച്ചില്ല. അതാണ് മത്സരത്തിൽ പരാജയം നേരിടാനുള്ള പ്രധാനകാരണം. മാത്രമല്ല അവിസ്മരണീയമായ പ്രകടനമാണ് സഞ്ജു മത്സരത്തിൽ കാഴ്ചവച്ചത്. ഞങ്ങളുടെ ബോളർമാരെ പൂർണ്ണമായ സമ്മർദ്ദത്തിലേക്ക് തള്ളി വിടാൻ അവന് സാധിച്ചിരുന്നു. അവനെ പിടിച്ചു കെട്ടുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. വരുന്ന മത്സരങ്ങളിൽ ഞങ്ങൾ കൂടുതൽ മെച്ചപ്പെട്ട തന്ത്രങ്ങളുമായി മൈതാനത്ത് എത്തും.”- സൗത്താഫ്രിക്കന്‍  നായകന്‍ പറയുന്നു.

“സഞ്ജു ഇത്തരത്തിൽ ആക്രമണം അഴിച്ചു വിടുമ്പോൾ അത് തടഞ്ഞുനിർത്തുക എന്നത് അല്പം പ്രയാസകരമാണ്. അക്കാര്യത്തിൽ അവനെ അംഗീകരിച്ചു കൊടുത്തേ പറ്റൂ. ആരൊക്കെ അവസാന ഓവറുകളിൽ പന്തറിയണം എന്നതിനെപ്പറ്റി ഞങ്ങൾ ഇന്ന് കുറച്ച് മീറ്റിങ്ങുകൾ കൂടിയിരുന്നു. കോയേറ്റ്സി, ജാൻസൺ എന്നീ പേസർമാരുടെ പ്രകടനത്തിൽ വലിയ അഭിമാനമുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഇന്നുണ്ടായ ഏറ്റവും വലിയ പോസിറ്റീവായ കാര്യം ഈ താരങ്ങളുടെ ബോളിംഗ് തന്നെയാണ്.”- മാര്‍ക്രം കൂട്ടിച്ചേർക്കുകയുണ്ടായി. അടുത്ത മത്സരത്തിൽ എങ്ങനെയും വിജയം സ്വന്തമാക്കാൻ ശ്രമിക്കുമെന്നാണ് ക്യാപ്റ്റന്‍ പറഞ്ഞത്.

“അടുത്ത മത്സരം ഞങ്ങളെ സംബന്ധിച്ച് വളരെ നിർണായകമാണ്. വ്യക്തിപരമായി ചിന്തിക്കുമ്പോൾ ടീമിലുള്ള സഹതാരങ്ങൾക്കൊക്കെയും ഏതുതരത്തിൽ മെച്ചപ്പെടാൻ സാധിക്കും എന്ന് കൃത്യമായി മനസ്സിലാകുന്നവർ തന്നെയാണ്. അതുകൊണ്ട് ബാറ്റിംഗ് ബോളിംഗ് മീറ്റിങ്ങുകൾ ഉടൻ തന്നെ ഉണ്ടാകും. മാത്രമല്ല നെറ്റിലെ പ്രകടനം മാത്രം കണക്കിലെടുത്ത് പ്ലെയിങ് ഇലവൻ കണ്ടെത്തില്ല. കൂടുതലായി, മൈതാനത്ത് ഏത് തരത്തിൽ മനോഭാവം പുലർത്താൻ താരങ്ങൾക്ക് സാധിക്കുമെന്നതാണ് പ്രധാനപ്പെട്ട കാര്യം.”

Previous article90ൽ നിൽക്കുമ്പോളും സഞ്ജു ശ്രമിച്ചത് ബൗണ്ടറി നേടാൻ. അവൻ ടീമിനായി കളിക്കുന്നവൻ”, പ്രശംസയുമായി സൂര്യകുമാർ യാദവ്
Next articleരോഹിതിന്റെ പകരക്കാരൻ, ഇന്ത്യൻ ടീമിന്റെ സ്ഥിര ഓപ്പണറായി സഞ്ജു സാംസൺ.