2022 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചാണ് അരങ്ങേറ്റ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടിയത്. മെഗാ ലേലത്തിനു ശേഷം ഏറ്റവും മോശം ടീം എന്ന് മുദ്ര ചാര്‍ത്തികൊടുത്തട്ടും, സീസണില്‍ ഒന്നാം സ്ഥാനക്കാരായാണ് ഗുജറാത്ത് പ്ലേയോഫിലേക്ക് യോഗ്യത നേടിയത്. സീസണിലുടനീളം താരങ്ങള്‍ സ്ഥിരത പുലര്‍ത്തിയതോടെ ഗുജറാത്തിന്‍റെ കൈകളിലേക്ക് കിരീടമെത്തി.
ഗുജറാത്തിന്‍റെ മുന്നേറ്റത്തില്‍ പ്രധാന പങ്കു വഹിച്ച താരമാണ് ഡേവിഡ് മില്ലര്‍. 14 മത്സരങ്ങളില്‍ നിന്നും 2 അര്‍ദ്ധസെഞ്ചുറിയടക്കം 481 റണ്‍സാണ് നേടിയത്. സീസണിലുടനീളം ഗുജറാത്തിന്‍റെ വിശ്വസ്തനായ ഫിനിഷറായിരുന്നു മില്ലര്‍. മെഗാ ലേലത്തില്‍ ആദ്യ റൗണ്ടില്‍ ആരും എടുത്തില്ലെങ്കിലും, രണ്ടാം റൗണ്ടില്‍ ഗുജറാത്ത് വിളിച്ചെടുത്തു.
ഇപ്പോഴിതാ സീസണിലുടനീളം മികച്ച പ്രകടനം നടത്തിയ ഡേവിഡ് മില്ലറെ പ്രശംസിക്കുകയാണ് സഞ്ജയ് മഞ്ജരേക്കര്‍. “ഡേവിഡ് മില്ലർ ആയിരുന്നു ഏറ്റവും വലിയ ആശ്ചര്യം. ആദ്യ രണ്ടുവർഷങ്ങൾ ഒഴികെ, മറ്റെല്ലാ സീസണുകളും അദ്ദേഹം പരാജയമായിരുന്നു. ഈ വർഷം ഒരു പുതിയ ഫ്രാഞ്ചൈസിക്കായി മികച്ച പ്രകടനം നടത്തി. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഐപിഎൽ സീസണായിരുന്നു ഇത്. ഫൈനലിൽ അദ്ദേഹം നന്നായി ബാറ്റ് ചെയ്യുകയും ഒന്നാം ക്വാളിഫയറില്‍ ഒരു മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കളിക്കുകയും ചെയ്തു, ”മഞ്ജരേക്കർ പറഞ്ഞു.
അതേസമയം, ഗുജറാത്ത് ടൈറ്റൻസിനെ വലിയ ടീമെന്ന് വിളിക്കാനാകില്ലെന്നും മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. വലിയ ടീം എന്ന് വിളിക്കാന്‍ തുടർന്നുള്ള സീസണുകളിൽ രാജസ്ഥാൻ റോയൽസിനും മികച്ച പ്രകടനം ചെയ്യേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഒരു ടീം വിജയിച്ചിട്ടുണ്ടെങ്കിൽ, അത് ആ പ്രത്യേക സീസണിൽ അവർക്ക് എല്ലാം ശരിയായി ലഭിച്ചതുകൊണ്ടാണ്. ഞങ്ങൾക്ക് ഇപ്പോഴും ജിടിയെ ഒരു വലിയ ടീമെന്ന് വിളിക്കാൻ കഴിയില്ല. അവർ ചാമ്പ്യൻഷിപ്പ് നേടിയെങ്കിലും, അടുത്ത വർഷം അവർ തിരിച്ചെത്തി എങ്ങനെ പ്രകടനം നടത്തുമെന്ന് കണ്ടറിയണം. ” മഞ്ജരേക്കര്‍ കൂട്ടിചേര്‍ത്തു