ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ അഭിമാന നിമിഷം തന്നെയായിരുന്നു 2011 ലോകകപ്പ്. ഇന്ത്യയിൽ നടന്ന ലോകകപ്പിൽ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ വിജയകിരീടം ചൂടുകയുണ്ടായി. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു ഇത്. ബദ്ധ വൈരികളായ പാകിസ്താനെ സെമിഫൈനലിൽ പരാജയപ്പെടുത്തിയിരുന്നു അന്ന് ശ്രീലങ്കയ്ക്കെതിരായ ഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടിയത്. സെമി ഫൈനൽ മത്സരത്തിലും ആവേശകരമായ ഒരുപാട് നിമിഷങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആ ലോകകപ്പിന് 12 വർഷങ്ങൾക്ക് ശേഷം വലിയൊരു വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാന്റെ അന്നത്തെ സ്പിന്നറായ സയീദ് അജ്മൽ. അന്ന് ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ സെമിഫൈനൽ മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കറെ പുറത്താകലിൽ നിന്ന് രക്ഷിക്കാനായി ഇന്ത്യൻ ടീം ചതി നടത്തി എന്ന വിമർശനമാണ് അജ്മൽ ഉന്നയിക്കുന്നത്.
2011 സമയത്ത് ലോകക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായിരുന്നു അജ്മൽ. 2011ലെ ലോകകപ്പിൽ സച്ചിൻ ടെണ്ടുൽക്കർ ഒരുപാട് മികച്ച ഇന്നിങ്സുകൾ കളിച്ചിരുന്നു. പാക്കിസ്ഥാനെതിരെ നാല് തവണയോളം സച്ചിൻ മത്സരത്തിൽ പുറത്താകലിന്റെ വക്കിലെത്തിയിരുന്നു. എന്നാൽ ഭാഗ്യം കൊണ്ട് സച്ചിന്റെ ഇന്നിംഗ്സ് മുൻപോട്ട് പോവുകയായിരുന്നു. ഇതിനിടെ അജ്മലിന്റെ പന്തിൽ സച്ചിൻ എൽബിഡബ്ല്യു ആവുകയുണ്ടായി. പക്ഷേ റിവ്യൂ എടുത്തപ്പോൾ സച്ചിൻ ടെണ്ടുൽക്കർ രക്ഷപ്പെട്ടു. ഈ സംഭവത്തിൽ ചതി നടന്നു എന്നാണ് അജ്മൽ അവകാശപ്പെടുന്നത്.
“2011ൽ ഇന്ത്യയിൽ നടന്ന ലോകകപ്പിൽ എനിക്ക് കളിക്കാൻ അവസരം ലഭിച്ചിരുന്നു. ആ മത്സരത്തിൽ സച്ചിൻ എന്റെ പന്തിൽ എൽബിഡബ്ല്യു ആയിരുന്നു. വിക്കറ്റിന് മുമ്പിൽ കുടുങ്ങിയ സച്ചിൻ അന്ന് റിവ്യൂവിൽ രക്ഷപ്പെടുകയാണ് ചെയ്തത്. എന്നാൽ ആ സംഭവം ഓർമ്മയുള്ളവർ ഒന്ന് ശ്രദ്ധിക്കണം. അന്ന് ഫീൽഡിൽ ഉണ്ടായിരുന്ന അമ്പയറിനും എനിക്കും അദ്ദേഹം ഔട്ടായിരുന്നു എന്ന് ഉറപ്പാണ്. ആ റിപ്ലൈയിൽ അവസാനത്തെ രണ്ട് ഫ്രെയിമുകൾ വെട്ടി കളഞ്ഞതാണ് കാണിച്ചിരുന്നത്. ഒരുപക്ഷേ ആ ഫ്രെയിമുകൾ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ സച്ചിൻ അന്ന് പുറത്താകുമായിരുന്നു.”- അജ്മൽ പറയുന്നു.
പാക്കിസ്ഥാനെതിരായ മത്സരത്തിൽ 85 റൺസായിരുന്നു സച്ചിൻ ടെണ്ടുൽക്കർ നേടിയത്. സച്ചിന്റെ ഇന്നിംഗ്സിന്റെ ബലത്തിലാണ് ഇന്ത്യ മത്സരത്തിൽ മാന്യമായ ഒരു സ്കോറിൽ എത്തിയത്. ശേഷം പാകിസ്താനെ മത്സരത്തിൽ 29 റൺസിന് പരാജയപ്പെടുത്താനും ഇന്ത്യയ്ക്ക് സാധിച്ചു. മൊഹാലിയിലെ ഈ മത്സരത്തിൽ വിജയിച്ച ശേഷമാണ് ഇന്ത്യ ശ്രീലങ്കയ്ക്കെതിരായ ഫൈനലിൽ സ്ഥാനം കണ്ടെത്തിയത്. ഫൈനലിൽ ആറു വിക്കറ്റുകൾക്ക് ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കുകയായിരുന്നു.