ന്യൂസിലൻഡും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ടെസ്റ്റിനിടെ വിചിത്രമായ സംഭവം അരങ്ങേറി. ന്യൂസിലൻഡ് ബാറ്റര്‍ ഹെൻറി നിക്കോൾസ് പുറത്തായത് ചരിത്രത്തിലെ ഏറ്റവും നിർഭാഗ്യകരമായ പുറത്താക്കലുകളിൽ ഒന്നായാണ്. ജാക്ക് ലീച്ചിന്‍റെ പന്തില്‍ ഫോറടിക്കാനുള്ള ശ്രമത്തിനിടെ സ്വന്തം സഹതാരത്തിന്റെ ബാറ്റിൽ കൊണ്ട് പൊങ്ങിയാണ് ഫീൽഡറുടെ കൈകളിലേക്ക് എത്തിയത്.
ടീ ബ്രേക്കിന് മുമ്പുള്ള അവസാന ഓവറിലാണ് സംഭവം നടന്നത്,ഹെൻറി നിക്കോൾസിന്‍റെ സ്ട്രെയിറ്റ് ഡ്രൈവ് ശ്രമം സഹതാരവും നോൺ-സ്ട്രൈക്കർ ബാറ്റ്‌സ്മാനുമായ ഡാരിൽ മിച്ചലിന് നേരെയാണ് പോയത്. തന്റെ ദിശയിലേക്ക് പന്ത് വരുന്നത് കണ്ട മിച്ചൽ, മാറാന്‍ ശ്രമിക്കവേ, ബാറ്റ് തട്ടി ബോള്‍ ഉയര്‍ന്നു പൊങ്ങി മിഡ്-ഓഫിൽ നിലയുറപ്പിച്ച അലക്സ് ലീസിന്റെ കയ്യിലേക്ക് എത്തി.
പന്ത് നിലത്ത് തൊടാത്തതിനാല്‍ ഔട്ടായി താരത്തിനു മടങ്ങേണ്ടി വന്നു. 99 പന്തില്‍ 19 റണ്‍സാണ് ന്യൂസിലന്‍റ് താരം നേടിയത്. ഭാഗ്യം കൊണ്ട് വിക്കറ്റ് ലഭിച്ചതിനു ശേഷമുള്ള ലീച്ചിന്റെ മുഖത്തെ ഭാവം എല്ലാം പറയുന്നുണ്ടായിരുന്നു
മത്സരത്തില്‍, ടോസ് നേടിയ കിവീസ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു, എന്നിരുന്നാലും, ഇംഗ്ലീഷ് ബൗളർമാരാണ് തുടക്കം ആധിപത്യം പുലർത്തിയത്. 123 ന് 5 എന്ന നിലയില്‍ തകര്‍ന്ന ന്യൂസിലന്‍റിനെ കരകയറ്റിയത് ഡാരില്‍ മിച്ചലും ടോം ബ്ലഡലും ചേര്‍ന്നാണ്