കഴിഞ്ഞ ദിവസം സൗത്താഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചപ്പോൾ ഏറ്റവും അധികം ശ്രദ്ധേയമായി മാറിയത് സീനിയർ താരം ശിഖർ ധവാന്റെ സ്‌ക്വാഡിലേക്കുള്ള സെലക്ഷനാണ്. മോശം ബാറ്റിങ് ഫോമിനെ തുടർന്ന് ടീമിൽ നിന്നും തന്നെ പുറത്തായ ധവാൻ നീണ്ട ഇടവേളക്ക് ശേഷം ഏകദിന ടീമിലേക്ക് എത്തുമ്പോൾ മറ്റൊരു ചർച്ചാവിഷയമായി മാറുന്നത് അശ്വിന്റെ തിരിച്ചുവരവാണ്.
ഓഫ് സ്പിൻ ബൗളർ നാല് വർഷങ്ങൾക്ക് ശേഷമാണ് ഏകദിന ടീമിലേക്ക് എത്തുന്നത്. വിജയ് ഹസാരെ ട്രോഫിയിൽ അടക്കം ഏതാനും ആഭ്യന്തര മത്സരങ്ങളിൽ കളിച്ചെങ്കിലും ധവാൻ ഫോമിലേക്ക് ഉയർന്നിരുന്നില്ല. എങ്കിലും ഒരിക്കൽ കൂടി ഈ ഇടങ്കയ്യൻ ബാറ്റ്‌സ്മാനൊരു അവസരം ലഭിച്ചു. നേരത്തെ ടി :20 ലോകകപ്പിൽ ശിഖർ ധവാനെ ഒഴിവാക്കിയിരുന്നു.
എന്നാൽ ധവാൻ ഇന്ത്യൻ ടീമിലേക്ക് വീണ്ടും എത്തുമ്പോൾ ഒരു വ്യത്യസ്ത അഭിപ്രായം പങ്കുവെക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവേയാണ് മുൻ ഇന്ത്യൻ താരം ശിഖർ ധവാന്റെ ടെസ്റ്റ് കരിയറിനെ കുറിച്ച് വാചാലനായത്.34 ടെസ്റ്റുകളിൽ നിന്നും 40.61 ശരാശരിയിൽ 2315 റൺസാണ് ധവാൻ നേടിയിട്ടുള്ളത്. ഏഴ് ടെസ്റ്റ് സെഞ്ച്വറികൾ അടിച്ചിട്ടുള്ള ധവാൻ അവസാനമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത് 2018ലാണ്.അതേസമയം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീം ധവാന് കൂടുതൽ അവസരങ്ങൾ നൽകേണ്ടിയിരുന്നുവെന്ന് അഭിപ്രായപെടുകയാണ് ആകാശ് ചോപ്ര.
” ശിഖർ ധവാന് ഇതൊരു രണ്ടാമത്തെ വരവാണ്. അദ്ദേഹം ഇപ്പോൾ ചെറുപ്പമല്ല എന്നത് ഓർക്കണം. കൂടാതെ അദ്ദേഹം ലഭിക്കുന്ന അവസരങ്ങൾ ഇനിയെങ്കിലും പൂർണ്ണമായി ഉപയോഗിക്കണം.2023 ലോകകപ്പ് മുന്നിൽ കണ്ടുള്ള ഒരു സൂപ്പർ അവസരമാണ് ഇത്. അദ്ദേഹത്തിന് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും അവഗണനകൾ നേരിട്ടുവെന്ന് മാത്രമേ ഞാൻ പറയൂ. ”
”ടെസ്റ്റ് ക്രിക്കറ്റിൽ ധവാന് അൽപ്പം കൂടി അവസരങ്ങൾ ലഭിക്കണമായിരുന്നു. ഇംഗ്ലണ്ട് പര്യടനമാണ് ടെസ്റ്റ് ക്രിക്കറ്റിൽ അയാൾ കരിയറിന് അവസാനം കുറിച്ചത്. ഒന്നാം ടെസ്റ്റിൽ കളിച്ച ധവാനെ രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും കളിപ്പിച്ചില്ല. ശേഷം ടീമിൽ നിന്നും പുറത്താക്കി. അത് ഒരിക്കലും നീതിയല്ല. ടെസ്റ്റ് ക്രിക്കറ്റിൽ ഒരിക്കലും മുന്നോട്ടുള്ള പരിഗണന ലഭിച്ചില്ല. “ആകാശ് ചോപ്ര നിരീക്ഷിച്ചു.