ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ അവിഭാജ്യ ഘടകമാണ് മിഡിൽ ഓർഡർ താരമായ ഹനുമാ വിഹാരി. ഏതൊരു നമ്പറിലും ബാറ്റ് ചെയ്യാൻ റെഡിയായിട്ടുള്ള ഹനുമാ വിഹാരിക്ക് മറ്റ് സീനിയർ താരങ്ങളുടെ പരിക്കും, ഫോം ഇല്ലാത്ത അവസ്ഥയും വരുമ്പോൾ മാത്രമാണ് അവസരം കിട്ടുന്നത്. ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥിരമല്ലാത്ത താരത്തിന് നിർണായക ഉപദേശവുമായി എത്തുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അസറുദ്ധീൻ. ടീമിലെക്ക് പോലും സ്ഥാനം നേടാൻ കഴിയാതെ വിഷമിക്കുന്ന ഹനുമാ വിഹാരിയുടെ പ്രധാന പ്രശ്നം എന്തെന്ന് പറയുകയാണ് മുഹമ്മദ് അസറുദ്ധീൻ.
നേരത്തെ ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയയിലെ ഐതിഹാസിക ടെസ്റ്റ് പറമ്പര നേട്ടത്തിൽ ഏറെ പങ്കുവഹിച്ച താരത്തെ മൂന്നാം നമ്പറിലടക്കം ഇന്ത്യൻ ടീം മാനേജ്മെന്റ് പരീക്ഷിച്ചിരുന്നു. എന്നാൽ താരത്തിന് ചില മികച്ച ഇന്നിങ്സുകൾ ശേഷവും ഇന്ത്യൻ സ്‌ക്വാഡിൽ സ്ഥിരമായി മാറാൻ കഴിയാത്തതിനെ കുറിച്ചാണ് മുൻ ഇന്ത്യൻ ക്യാപ്റ്റന്‍റെ നിരീക്ഷണം.ഇതിനകം തന്നെ ടെസ്റ്റ് കരിയറിൽ 15 ടെസ്റ്റുകൾ കളിച്ചിട്ടുള്ള വിഹാരി ഒരു സെഞ്ച്വറി അടക്കം 808 റൺസ് നേടിയിട്ടുണ്ട്.
“നമുക്ക് എല്ലാം ഹനുമാ വിഹാരിയുടെ ടാലെന്റ് എന്തെന്ന് അറിയാം. അദ്ദേഹം മികച്ച ഒരു ബാറ്റ്‌സ്മാനാണ്. എന്നാൽ കേവലം ചില ഫിഫ്റ്റി പ്ലസ് ഇന്നിംഗ്സുകൾ കൊണ്ട് ഇന്ത്യൻ ടെസ്റ്റ് ടീമിലെ പ്രധാന താരമായി മാറാനാകില്ല. ഈ 50-60 റൺസ് കൊണ്ട് ഇന്ത്യ ടീമിലെ സ്ഥിരം ബാറ്റ്‌സ്മാനായി മാറില്ല. അതിന് ആവശ്യം സെഞ്ച്വറികൾ തന്നെയാണ് “മുൻ ക്യാപ്റ്റൻ മുഹ്മദ് അസറുദ്ധീൻ അഭിപ്രായം വിശദമാക്കി.
ജൂലായ് 1-5 വരെ ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം പുനഃക്രമീകരിച്ച ടെസ്റ്റിനുള്ള ഇന്ത്യയുടെ 17 അംഗ ടെസ്റ്റ് ടീമിന്റെ ഭാഗമാണ് വിഹാരി. നിലവിൽ ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ 2-1ന് മുന്നിലാണ്.