ഞാൻ ഇവിടെ വലിയ പ്രസംഗം നടത്തുമ്പോൾ അവിടെ ഇരുന്ന് അങ്ങനെ ചെയ്യുന്നതിന് നന്ദി; ഹെറ്റ്മയറിനോട് സഞ്ജു സാംസൺ

ഇത്തവണത്തെ ഐപിഎല്ലിൽ വളരെ മികച്ച പ്രകടനമായിരുന്നു രാജസ്ഥാൻ റോയൽസ് കാഴ്ചവെച്ചത്. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റ് രണ്ടാം സ്ഥാനക്കാരായാണ് സഞ്ജു സാംസണും സംഘവും ഐപിഎൽ പതിനഞ്ചാം സീസണിൽ നിന്ന് മടങ്ങിയത്. ഈ സീസണിലെ ഓറഞ്ച് ക്യാപ്പും പർപ്പിൾ ക്യാപ്പും നേടിയത് രാജസ്ഥാൻ റോയൽസ് താരങളാണ്.
ഓറഞ്ച് ക്യാപ്പ് ജോസ് ബട്‌ലർ നേടിയപ്പോൾ പർപ്പിൾ ക്യാപ്പ് ചഹൽ സ്വന്തമാക്കി.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സഞ്ജു സാംസൺ പ്രസംഗിക്കുന്നതിനിടയിൽ ഹെറ്റ്മയറിനെ കുറിച്ച് പറയുന്നതും ഹെറ്റ്മയർ അതിനു നൽകുന്ന റിയാക്ഷനും അടങ്ങിയ വീഡിയോ ആണ്. സഞ്ജു സാംസൺ പ്രസംഗിക്കുന്നതിനിടയിൽ വെസ്റ്റിൻഡീസ് താരം ഭക്ഷണം കഴിക്കുകയായിരുന്നു. “ഹെറ്റി, ഞാനിവിടെ മികച്ച പ്രസംഗം നടത്തുമ്പോൾ അവിടെ ഇരുന്ന് ഡിന്നർ കഴിക്കുന്നതിന് നന്ദി” സഞ്ജു സാംസൺ ഇതു പറഞ്ഞപ്പോൾ അവിടെ ഇരുന്നിരുന്ന എല്ലാവരും ഉറക്കെ ചിരിച്ചു. എന്നാൽ വെസ്റ്റിൻഡീസ് താരം മാത്രം ചിരിക്കാതെ സഞ്ജു സാംസണെ ഒരു നോട്ടവും നോക്കി.

images 84

“സത്യസന്ധമായി എല്ലാവരോടും നന്ദി പറയുന്നു. ഞാൻ എടുത്ത തീരുമാനങ്ങളിൽ വിശ്വസിച്ച എല്ലാവർക്കും നന്ദി. ഞാൻ തെറ്റായ തീരുമാനങ്ങളും നല്ല തീരുമാനങ്ങളും എടുത്തിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. ഒരു നായകനായി ഞാൻ വളരുകയും പഠിക്കുകയും ചെയ്യുകയാണ്. സംഗക്കാരയ്ക്ക് ഒരുപാട് നന്ദി.

ഇതിൻ്റെ എല്ലാ ക്രെഡിറ്റും സംഗക്കാരയ്ക്ക് ഉള്ളതാണ്. എല്ലാ ഉയർച്ചതാഴ്ചകളിലും നിങ്ങൾ സഹായിച്ചു. ഈ സീസണിൽ നമുക്ക് ഒരുപാട് നല്ല ഓർമ്മകൾ ഉണ്ട്. കഴിഞ്ഞ സീസണിൽ നമ്മൾ ഏഴാം സ്ഥാനത്തിനും എട്ടാം സ്ഥാനത്തിനും വേണ്ടി പൊരുതുകയായിരുന്നു. ആ ടീമിനെ സംഗക്കാര ഇവിടെ എത്തിച്ചത് അവിശ്വസനീയമാണ്. എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി.”-സഞ്ജു സാംസൺ പറഞ്ഞു