“അവൻ ഇന്ത്യയുടെ X ഫാക്ടർ ആയിരുന്നു, അവനെ എന്തിന് ഒഴിവാക്കി?”- ചോദ്യം ചെയ്ത് സുരേഷ് റെയ്‌ന.

2013ന് ശേഷം മറ്റൊരു ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കാനാണ് ഇത്തവണ രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീമിറങ്ങുന്നത്. ഇതിന് ഇന്ത്യയ്ക്ക് സാധിക്കുമെന്ന പൂർണമായ ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സുരേഷ് റെയ്‌ന എത്തിയിരിക്കുന്നത്. 2013 ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു ധോണിയുടെ നായകത്വത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇതിനുശേഷം വലിയ പ്രതീക്ഷയാണ് 2025 ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ വെച്ചിരിക്കുന്നത്. ടൂർണ്ണമെന്റിനായുള്ള 15 അംഗങ്ങൾ അടങ്ങിയ സ്ക്വാഡിനെ അജിത്ത് അഗാർക്കറും നായകൻ രോഹിത് ശർമയും പ്രഖ്യാപിക്കുകയുണ്ടായി. ഈ സ്ക്വാഡിനെ വിശകലനം ചെയ്താണ് റെയ്ന ഇപ്പോൾ സംസാരിക്കുന്നത്.

ഇത്തവണത്തെ ഇന്ത്യൻ സ്‌ക്വാഡിൽ തനിക്ക് വലിയ ആത്മവിശ്വാസമുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് റെയ്ന. എന്നാൽ ഇന്ത്യ ടൂർണമെന്റിൽ സൂര്യകുമാർ യാദവിനെ ഉൾപ്പെടുത്താതിരുന്നത് വലിയ തെറ്റായിപ്പോയി എന്നും റെയ്ന പറയുന്നു. ഇതിനെ വിമർശിച്ചാണ് താരം സംസാരിച്ചത്. ഇന്ത്യയെ സംബന്ധിച്ച് സൂര്യകുമാർ യാദവ് ഒരു എക്സ് ഫാക്ടറായിരുന്നു എന്ന് റെയ്ന കരുതുന്നു. “നിലവിൽ ടൂർണമെന്റിലെ ഒരു ശക്തമായ ടീമായി തന്നെയാണ് ഇന്ത്യയെ കാണാൻ സാധിക്കുന്നത്. രോഹിത് ഇന്ത്യൻ ടീമിന് വിജയം നേടിക്കൊടുക്കും എന്ന കാര്യത്തിൽ ഞാൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. എന്നിരുന്നാലും സൂര്യകുമാർ യാദവിനെ ടീമിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം എന്നെ ഞെട്ടിച്ചു.”- റെയ്ന പറയുന്നു.

“മധ്യനിരയിലെ ഇന്ത്യയുടെ X ഫാക്ടറായിരുന്നു സൂര്യകുമാർ യാദവ്. അതാണ് ഇപ്പോൾ ഇന്ത്യയ്ക്ക് നഷ്ടമായിരിക്കുന്നത്. 2023 ലോകകപ്പിൽ അടക്കം സൂര്യകുമാർ യാദവിന്റെ മികച്ച പ്രകടനങ്ങൾ നമ്മൾ കണ്ടുകഴിഞ്ഞു. മൈതാനത്തിന്റെ ഏതു ഭാഗത്തേക്കും റൺസ് സ്വന്തമാക്കാൻ അവന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവനെ 360 ഡിഗ്രി താരമെന്ന് വിളിക്കുന്നതും. കൃത്യമായി സ്വീപ്പ് ഷോട്ടുകൾ കളിച്ച ബോളർമാരെ അവൻ സമ്മർദ്ദത്തിലാക്കിയിരുന്നു. ഒരു ഗെയിം ചേഞ്ചർ തന്നെയായിരുന്നു സൂര്യകുമാർ. വമ്പൻ ടീമുകൾക്കെതിരെ ഇന്ത്യയ്ക്ക് 9 റൺസിന് മുകളിൽ റൺറേറ്റ് ആവശ്യമുള്ളപ്പോഴും സൂര്യകുമാർ യാദവിന് അത് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അവൻ സ്ക്വാഡിൽ ഉൾപ്പെടെണ്ടതായിരുന്നു.”- റെയ്ന കൂട്ടിച്ചേർക്കുന്നു.

“മധ്യ ഓവറുകളിൽ എതിർ ടീമിന്മേൽ കൃത്യമായി ആധിപത്യം സ്ഥാപിക്കുന്ന ഒരു താരത്തെയാണ് ഇന്ത്യയ്ക്ക് ആവശ്യമായുള്ളത്. ദുബായിലെ മൈതാനങ്ങളുടെ വിസ്തീർണ്ണം വളരെ വ്യത്യസ്തമാണ്. ബാറ്റർമാരുടെ മുൻപിലായി ചെറിയ ബൗണ്ടറികളും, കവറുകളിലേക്ക് വലിയ ബൗണ്ടറികളുമാണ് അവിടെയുള്ളത്. അതുകൊണ്ടുതന്നെ സൂര്യകുമാർ യാദവിന് സാഹചര്യങ്ങൾ കൃത്യമായി മുതലാക്കാൻ സാധിച്ചേനെ. ഇപ്പോൾ അവന്റെ അഭാവത്തിൽ ഇന്ത്യയുടെ മുൻനിര ബാറ്റർമാർ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. മധ്യ ഓവറുകളിൽ ഇന്ത്യയ്ക്ക് രാഹുൽ, പന്ത് എന്നിവരുടെ സഹായം കൂടുതലായി ആവശ്യമായി വരും. സൂര്യ ടീമിൽ ഉണ്ടായിരുന്നെങ്കിൽ അത് ടീമിന് കൂടുതൽ സന്തുലിതാവസ്ഥയും നൽകിയേനെ.”- റെയ്ന പറഞ്ഞുവയ്ക്കുന്നു.