ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ടെസ്റ്റിൽ ചരിത്ര വിജയം കുറിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. കേപ്ടൗണിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണ് മത്സരത്തിൽ പിറന്നിരിക്കുന്നത്. 7 വിക്കറ്റുകൾക്കായിരുന്നു ഇന്ത്യ മത്സരത്തിൽ വിജയം കണ്ടത്. ആദ്യ മത്സരത്തിൽ സെഞ്ചുറിയനിൽ ഏറ്റ കനത്ത പരാജയത്തിന് വലിയൊരു തിരിച്ചടിയാണ് ഇന്ത്യ നൽകിയിരിക്കുന്നത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക കേവലം 55 റൺസിനായിരുന്നു പുറത്തായത്. മുഹമ്മദ് സിറാജാണ് ദക്ഷിണാഫ്രിക്കയുടെ പതനത്തിന് പ്രധാന കാരണമായത്. ആദ്യ ഇന്നിങ്സിൽ 15 റൺസ് മാത്രം വിട്ടുനൽകി 6 വിക്കറ്റുകൾ സ്വന്തമാക്കാൻ സിറാജിന് സാധിച്ചിരുന്നു. സിറാജാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.
തന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് കാഴ്ച വച്ചിരിക്കുന്നത് എന്ന് സിറാജ് മത്സരശേഷം പറയുകയുണ്ടായി. മത്സരത്തിലൂടനീളം കൃത്യത പുലർത്താനാണ് താൻ ശ്രമിച്ചത് എന്നും സിറാജ് കൂട്ടിച്ചേർത്തു.
“ടെസ്റ്റ് കരിയറിലെ എന്റെ ഏറ്റവും മികച്ച ഫിഗറാണ് മത്സരത്തിൽ പിറന്നത്. കൃത്യത പുലർത്തുക എന്നതിലാണ് ഞാൻ ശ്രദ്ധിച്ചത്. കൃത്യമായ ഏരിയകളിൽ പന്ത് എറിയുകയും, കൂടുതൽ ചിന്തിക്കാതിരിക്കുകയുമാണ് ഞാൻ ചെയ്തത്. കഴിഞ്ഞ മത്സരത്തിൽ ഇത്തരത്തിൽ കൃത്യത പാലിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ എനിക്കെതിരെ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ റൺസ് കണ്ടെത്തിയിരുന്നു.”- സിറാജ് പറയുന്നു.
“സ്ഥിരത പുലർത്താനായി ഞാൻ ഒരുപാട് കഠിനാധ്വാനങ്ങൾ ചെയ്തിരുന്നു. എന്റെ ലെങ്ത്തിൽ ഞാൻ കൃത്യമായി വിശ്വസിച്ചു. അതിന് എനിക്ക് മത്സരത്തിൽ പ്രതിഫലങ്ങൾ ലഭിച്ചു. ബൂമ്രയും ഞാനും തമ്മിൽ വലിയ രീതിയിലുള്ള സംഭാഷണങ്ങൾ നടക്കാറുണ്ട്. പിച്ചിനെ സംബന്ധിച്ചുള്ള കൃത്യമായ സന്ദേശങ്ങൾ ബുമ്ര എനിക്ക് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നൽകുന്നു.”
“എത്രയും വേഗത്തിൽ പിച്ച് നിരീക്ഷിച്ച് അതിന്റെ സ്വഭാവം മനസ്സിലാക്കി വിശകലനം ചെയ്യാനാണ് ഞങ്ങൾ ശ്രമിക്കാറുള്ളത്. അങ്ങനെ സംഭവിക്കുമ്പോൾ കൃത്യമായി ഞങ്ങളുടെ ബോളർമാർക്ക് ഏതുതരത്തിലുള്ള വിക്കറ്റാണ് ഇതെന്നും, ഏതുതരത്തിൽ ഇവിടെ ബോൾ ചെയ്യണമെന്നും കൃത്യത ലഭിക്കുന്നു.”- സിറാജ് കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം ഇതുവരെ തന്നെ പിന്തുണച്ച ആരാധകർക്കും സിറാജ് നന്ദി പറയുകയുണ്ടായി. ഇനിയും തനിക്ക് പിന്തുണ നൽകണം എന്നാണ് സിറാജ് കൂട്ടിച്ചേർത്തത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റ് സ്വന്തമാക്കിയ സിറാജ്, രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റാണ് സ്വന്തമാക്കിയത്.
രണ്ടാം ഇന്നിങ്സിൽ ബൂമ്രയുടെ ആധിപത്യമായിരുന്നു കണ്ടത്. ബൂമ്ര മത്സരത്തിൽ പൂർണ്ണമായും 8 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. എന്തായാലും ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വലിയ അഭിമാനകരമായ നേട്ടം തന്നെയാണ് മത്സരത്തിലെ വിജയത്തിലൂടെ ലഭിച്ചിരിക്കുന്നത്.