സൗത്താഫ്രിക്കക്ക് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയും നഷ്ടമാക്കിയ ടീം ഇന്ത്യ വമ്പൻ പ്രതിസന്ധിയെയാണ് നേരിടുന്നത്. ടെസ്റ്റ് പരമ്പരയിൽ ചരിത്ര ജയം പ്രതീക്ഷിച്ചെത്തിയ ടീം ഇന്ത്യക്ക് കാലിടറിയപ്പോൾ ഏകദിന പരമ്പര കൂടി നഷ്ടമാക്കിയത് ഷോക്കായി മാറി കഴിഞ്ഞു.പരമ്പര നഷ്ടത്തിന് പിന്നാലെ ഇന്ത്യൻ ടീം മാറ്റങ്ങൾ കൊണ്ടുവരണം എന്ന് ശക്തമായി ഇപ്പോൾ ആവശ്യം ഉന്നയിക്കുകയാണ് മുൻ താരങ്ങൾ. മിഡിൽ ഓർഡറിലെ തകർച്ചയും ഒപ്പം വിക്കറ്റ് വീഴ്ത്താൻ കഴിയാതെ പോയ ഫാസ്റ്റ് ബൗളർമാരും സ്പിന്നർമാരുമാണ് ഈ നാണംകെട്ട തോൽവിക്ക് കാരണമെന്നും മുൻ താരങ്ങൾ നിരീക്ഷിക്കുന്നു.
എന്നാൽ ഇന്ത്യൻ ടീമിന്റെ തിരിച്ചുവരവ് സംഭവിക്കാൻ വ്യത്യസ്തമായ അഭിപ്രായം പങ്കുവെക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ.സാധാരണയായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്പിൻ ബൗളർമാർ നിരാശപെടുത്തുമ്പോൾ മറ്റൊരു സ്പിൻ ബൗളർക്കായി ഇപ്പോൾ വാദിക്കുകയാണ് മുൻ താരം. കുൽദീപ് യാദവിനെ പോലൊരു താരത്തിനെ വീണ്ടും ഇന്ത്യൻ ഇന്ത്യൻ ടീമിലേക്ക് എത്തിക്കണമെന്നാണ് മഞ്ജരേക്കർ അഭിപ്രായം.മിഡിൽ ഓവറുകളിൽ കളി ഗതി മാറ്റാൻ സാധിക്കുന്ന ബൗളർമാരെ ആവശ്യമാണെന്നും മഞ്ജരേക്കർ തുറന്ന് പറഞ്ഞു.
“മധ്യഓവറുകളിൽ നമുക്ക് ആവശ്യം വിക്കറ്റ് വീഴ്ത്താൻ സാധിക്കുന്നതായ സ്പിൻ ബൗളർമാരാണ്. കുൽദീപ് യാദവ് അത്തരം ഒരു സ്പിൻ ബൗളറാണ്. എനിക്ക് വിശ്വാസം ഉണ്ട് കുൽദീപ് എത്തിയാൽ മിഡിൽ ഓർഡറിൽ കളി മാറും. ഇതോടെ അവസാന ഓവറിൽ എതിരാളികൾ അധികം റൺസ് അടിക്കില്ല. ഇത് അവർക്ക് മുകളിൽ സമ്മർദ്ദം സൃഷ്ടിക്കും. വിക്കറ്റുകൾ വീഴ്ത്താൻ കഴിയുന്ന കുൽദീപ് യാദവിന്‍റെ റോൾ ഒരിക്കലും ജഡേജക്കൊ ജയന്ത് യാദവിനോ നിർവഹിക്കാൻ സാധിക്കില്ല ” മഞ്ജരേക്കർ നിരീക്ഷിച്ചു.