ക്രിക്കറ്റ് ലോകമിപ്പോൾ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ ഇരു ടീമുകളുടെയും പ്രകടനത്തെ കുറിച്ചുള്ള വിശദമായ ചർച്ചകളിലാണ്. വളരെ ആവേശത്തോടെ പുരോഗമിക്കുന്ന ഫൈനലിൽ ഇന്ത്യൻ ടീം 217 റൺസിൽ എല്ലാവരും പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിൽ മൂന്നാം ദിനം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് ടീം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് നേടി കഴിഞ്ഞു. ഇതിനകം കിവീസ് ടീം ഫൈനലിൽ ആധിപത്യം ഉറപ്പിച്ചെങ്കിലും നാലാം ദിവസത്തെ കളിയാണ് പ്രധാനം. ഇന്ത്യൻ ബൗളർമാർ അവസരത്തിനൊത്ത് ഉയരുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.
എന്നാൽ ഇന്ത്യൻ ടീമിന്റെ ഒന്നാം ഇന്നിങ്സിലെ ബാറ്റിംഗ് തകർച്ചയെ വിമർശിക്കുകയാണ് പല ക്രിക്കറ്റ് പ്രേമികളും. വമ്പൻ സ്കോർ നേടുവാൻ കഴിയാതെ ഇന്ത്യൻ താരങ്ങൾ എല്ലാം ലഭിച്ച തുടക്കം പാഴാക്കിയപ്പോൾ നായകൻ കോഹ്ലി 44 റൺസും അജിങ്ക്യ രഹാനെ 49 റൺസും നേടി. അതേസമയം ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്തിന്റെ പുറത്താകലാണ് ചില ആരാധകരെ ചൊടിപ്പിച്ചത് ജാമിസന്റെ ഒരു വൈഡ് പന്തിൽ കവർ ഡ്രൈവ് കളിക്കാൻ ശ്രമിച്ച താരത്തെ സ്ലിപ്പിൽ കിവീസ് താരങ്ങൾ പിടികൂടി പുറത്താക്കി.22 പന്തിൽ നാല് റൺസ് മാത്രമാണ് പന്ത് നേടിയത്. ഫൈനലിലെ താരത്തിന്റെ പ്രകടനം വിലയിരുത്തുകയാണ് മുൻ ഇംഗ്ലണ്ട് താരം നാസർ ഹുസൈൻ. പന്ത് ചില കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണമെന്നാണ് താരത്തിന്റെ അഭിപ്രായം.
“ഇന്നലെ പന്ത് കളിച്ച ഷോട്ട് ഒരുവേള ഒഴിവാക്കേണ്ടതാണ്. അത്തരം ഒരു ഷോട്ട് ഇംഗ്ലണ്ടിൽ ഏറെ റിസ്‌ക്കാണ്. പക്ഷേ ഒരിക്കലും ആ ഷോട്ടിന്റെ പേരിൽ അവനെ ടീമിലെ ആരും ചോദ്യം ചെയ്യാൻ നിൽക്കരുത്. അവന്റെ ശൈലിയാണ് അവനിലെ കരുത്തും. റിഷാബ് പന്തിനെ അവന്റെ സ്വാഭാവിക ശൈലിയിൽ കളിക്കാൻ അനുവദിക്കണം. യഥേഷ്ട്ടം ഷോട്ടുകൾ കളിക്കുന്ന ആക്രമണ ബാറ്റിംഗിന് പേരുകേട്ട പന്തിനെയാണ് എല്ലാവരും ഇഷപ്പെടുന്നത്. പന്തിനെ എപ്രകാരം ടീം മാനേജ്മെന്റ് കളിക്കാൻ അനുവദിക്കുന്നുവെന്നതും വളരെ പ്രധാനമാണ്.ഈ ശൈലിയിൽ ഷോട്ട് കളിച്ചാണ് അവൻ പല നിർണായക മത്സരങ്ങളിലും ഇന്ത്യയെ ജയിപ്പിച്ചത് ” നാസർ ഹുസൈൻ വാചാലനായി