അവൻ സേവാഗിനെ പോലെ കളിക്കുന്നു. ഫീൽഡർമാരെ വെല്ലുവിളിയ്ക്കുന്നു. ഇന്ത്യൻ താരത്തെപറ്റി ചോപ്ര.

ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ശക്തമായ ബാറ്റിംഗ് പ്രകടനമാണ് റിഷഭ് പന്ത് കാഴ്ചവച്ചത്. ഇന്ത്യക്കായി നിർണായക സമയത്ത് ക്രീസിലെത്തിയ പന്ത് ആക്രമണ മനോഭാവത്തോടെ ന്യൂസിലാൻഡ് ബോളർമാരെ നേരിടുകയുണ്ടായി.

പന്തിന്റെ ഈ മനോഭാവത്തെ പ്രശംസിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. പന്തിന്റെ മത്സരത്തിലെ ആക്രമണ മനോഭാവത്തെ വീരേന്ദർ സേവാഗിന്റെതിനോട് താരതമ്യപ്പെടുത്തിയാണ് ആകാശ് ചോപ്ര സംസാരിച്ചത്. മത്സരത്തിൽ 59 പന്തുകളിൽ 60 റൺസാണ് പന്ത് സ്വന്തമാക്കിയത്. ശേഷമാണ് ചോപ്രയുടെ പ്രശംസ എത്തിയത്.

“തനിക്കെതിരെ എത്ര ഇടംകയ്യൻ ബോളർമാർ വന്നാലും താൻ നേരിടും എന്ന മനോഭാവത്തിലാണ് റിഷഭ് പന്ത് ഇപ്പോൾ കളിക്കുന്നത്. അവന്റെ മുൻപിലെത്തുന്ന മുഴുവൻ ഇടംകയ്യൻ സ്പിന്നർമാരെയും അവൻ അടിച്ചൊതുക്കും. ചുരുക്കം ചില ബോളർമാർ മാത്രമാണ് ഈ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ളത്. ഒരു ഇന്നിംഗ്സിൽ അവന് ഇത്തരത്തിൽ ആക്രമിക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത ഇന്നിംഗ്സിൽ ഉറപ്പായും അവൻ ആക്രമിച്ചിരിക്കും. ഇന്ന് അവൻ ബാറ്റിംഗ് ആരംഭിച്ച രീതി എന്നെ ഒരുതരത്തിലും അത്ഭുതപ്പെടുത്തിയിട്ടില്ല. കാരണം ആ രീതിയിലാണ് അവൻ എല്ലായിപ്പോഴും കളിക്കുന്നത്.”- ചോപ്ര പറയുന്നു.

“പന്ത് വീരേന്ദർ സേവാഗിനെ പോലെ ഒരു ബാറ്ററാണ്. ഒരു ഓഫ് സ്പിന്നറെ കേവലം ഒരു ബോളറാക്കി മാത്രം മാറ്റാൻ ഒരു ബാറ്റർക്ക് സാധിക്കുമെന്ന് വീരേന്ദർ സേവാഗ് പറയാറുണ്ട്. അതുപോലെതന്നെ ഇടംകയ്യൻ സ്പിന്നറെ വെറുമൊരു ബോളറാക്കി മാറ്റാൻ റിഷഭ് പന്തിനും സാധിക്കുന്നുണ്ട്. ഒരു ഇടംകയ്യൻ സ്പിന്നർ റിഷഭ് പന്തിനെതിരെ ബോൾ എറിയുകയാണെങ്കിൽ ഏതുതരത്തിൽ പിച്ച് പ്രതികരിക്കുന്നു, എത്ര വലുതാണ് അവിടത്തെ മൈതാനം എന്നതൊന്നും ഒരു പ്രശ്നമല്ല. എല്ലാ ബോളുകളിലും പരമാവധി ബൗണ്ടറികൾ കണ്ടെത്താനാണ് അവൻ ശ്രമിക്കുന്നത്.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.

“ബൗണ്ടറി ലൈനിൽ ഒരു ഫീൽഡർ നിൽക്കുന്നുണ്ടെങ്കിലും പന്തിന് അതൊരു പ്രശ്നമല്ല. എല്ലായിപ്പോഴും അവൻ ക്രീസിന് പുറത്തേക്കിറങ്ങി ആക്രമണം അഴിച്ചു വിടാറുണ്ട്. അത് സിക്സറാകുമെന്നും, ആ ഫീൽഡർക്ക് മുകളിലൂടെ ഗ്യാലറിയിൽ എത്തുമെന്നും അവന് നല്ല വിശ്വാസമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഇത്തരത്തിൽ ബൗണ്ടറി ലൈനിൽ നിൽക്കുന്ന ഫീൽഡർമാരെ വെല്ലുവിളിക്കുന്ന ബാറ്റർമാർ കുറവാണ്. വിരേന്ദർ സേവാഗ് ഇക്കാര്യം കൃത്യമായി ചെയ്തിരുന്നത്. ഇപ്പോൾ പന്തും ഇങ്ങനെ ഒരു കാര്യം ശ്രദ്ധിക്കുന്നുണ്ട്.”- ചോപ്ര പറഞ്ഞുവെക്കുന്നു.

Previous articleശ്രേയസ് അയ്യർ കൊൽക്കത്തയോട് ചോദിച്ചത് 30 കോടി. കൊൽക്കത്ത മാനേജ്മെന്റ് പുറത്താക്കി.