സമീപകാലത്ത് ഇന്ത്യക്കായി അവിസ്മരണീയ പ്രകടനങ്ങൾ കാഴ്ചവെച്ച താരമാണ് ശ്രേയസ് അയ്യർ. ഐസിസി ചാമ്പ്യൻസ് ട്രോഫിയിലടക്കം ഇന്ത്യയുടെ വമ്പൻ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് അയ്യരുടെ മികവ് കൂടിയാണ്. ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ് ടീമിന്റെ നായകനാണ് ശ്രേയസ്. ഇത്തവണത്തെ മെഗാ ലേലത്തിൽ 26.75 കോടി രൂപയ്ക്കായിരുന്നു പഞ്ചാബ് കിംഗ്സ് അയ്യരെ സ്വന്തമാക്കിയത്.
ഇപ്പോൾ തന്റെ പഴയ പരിശീലകനായ റിക്കി പോണ്ടിങ്ങിനൊപ്പം വീണ്ടും അയ്യർ എത്തുകയാണ്. മുൻപ് ഡൽഹി ക്യാപിറ്റൽസിൽ അയ്യരും റിക്കി പോണ്ടിങ്ങും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. തന്റെ ക്രിക്കറ്റ് കരിയറിൽ വലിയ ഉയർച്ചയുണ്ടാകാൻ ഒരു കാരണം റിക്കി പോണ്ടിംഗ് ആണ് എന്ന് തുറന്നുപറഞ്ഞാണ് അയ്യർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
താൻ പോണ്ടിങ്ങിനെ വളരെയേറെ ബഹുമാനിക്കുന്നുണ്ട് എന്ന് അയ്യർ തുറന്നു പറയുന്നു. തന്റെ വെല്ലുവിളികൾ നിറഞ്ഞ സമയത്തൊക്കെയും പോണ്ടിംഗ് കൂടെയുണ്ടായിരുന്നു എന്നാണ് അയ്യർ പറയുന്നത്. മാത്രമല്ല തന്നെ ഒരു ആത്മവിശ്വാസമുള്ള താരമാക്കി മാറ്റുന്നതിൽ പോണ്ടിംഗ് വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നും അയ്യർ കൂട്ടിച്ചേർത്തു.
“പോണ്ടിംഗ് എല്ലാവരെയും പിന്തുണയ്ക്കുന്ന ഒരു താരമാണ്. മുൻപ് ഞാൻ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഞാനൊരു മികച്ച താരമാണ് എന്ന് എന്നെ ബോധിപ്പിക്കാനും മനസ്സിലാക്കാനും അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹം എനിക്ക് തന്ന ആത്മവിശ്വാസം വേറെ ലെവൽ ആയിരുന്നു.”- ശ്രേയസ് അയ്യർ പറഞ്ഞു.
അതേസമയം പഞ്ചാബ് കിങ്സിന്റെ നായകനായി ശ്രേയസ് അയ്യരെ ലഭിച്ചത് തനിക്ക് വലിയ സന്തോഷമുണ്ടാക്കുന്ന കാര്യമാണ് എന്ന് പോണ്ടിംഗ് പ്രതികരിക്കുകയുണ്ടായി.
“അയ്യർ മികച്ച താരം തന്നെയാണ്. 2024ൽ കൊൽക്കത്തയ്ക്കൊപ്പം ഐപിഎൽ കിരീടം സ്വന്തമാക്കാൻ അവന് സാധിച്ചിരുന്നു. അതിലും മികച്ചൊരു താരത്തെ ആവശ്യപ്പെടാൻ നമുക്ക് സാധിക്കില്ല. കുറച്ചു ദിവസങ്ങൾക്കു മുൻപ് മാത്രമാണ് അയ്യർ ഞങ്ങളുടെ ക്യാമ്പിൽ എത്തിയത്. ഒരു നായകൻ എന്ന നിലയിൽ തന്റെ പേര് വ്യക്തമാക്കാൻ അയ്യർക്ക് സാധിച്ചിട്ടുണ്ട്. ആദ്യ മത്സരത്തോടുകൂടി അവൻ അവന്റെ ഉദ്യമത്തിലേക്ക് എത്തും. ഞാൻ മുൻപ് പറഞ്ഞതുപോലെ അവന്റെ കാര്യത്തിൽ ഞാൻ വലിയ സന്തോഷവാനാണ്.”- പോണ്ടിംഗ് കൂട്ടിച്ചേർത്തു.
ഇത്തവണ മികച്ച താരങ്ങളുമായാണ് പഞ്ചാബ് കിംഗ്സ് മൈതാനത്ത് എത്തുന്നത്. അയ്യർക്കൊപ്പം ഗ്ലൻ മാക്സ്വെൽ, ശശാങ്ക് സിംഗ്, മർക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലീസ് എന്നീ ബാറ്റർമാരൊക്കെയും പഞ്ചാബിന് കരുത്തേകുന്നു. ബോളിംഗ് വിഭാഗത്തിലും വമ്പൻ താരങ്ങളെ തന്നെയാണ് പഞ്ചാബ് സ്വന്തമാക്കിയിരിക്കുന്നത്. പേസ് നിരയിൽ അർഷദീപ് സിംഗ് മാർക്കോ യാൻസൺ, യാഷ് താക്കൂർ എന്നിവർ പഞ്ചാബിന്റെ വജ്രായുധങ്ങളാവും. സ്പിൻ വിഭാഗത്തിന് നേതൃത്വം നൽകുന്നത് യൂസ്വേന്ദ്ര ചഹലാണ്. ഇത്തരത്തിൽ എല്ലാ മേഖലയിലും തിളക്കമാർന്ന താരങ്ങൾ തന്നെയാണ് പഞ്ചാബിനുള്ളത്.