ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സിനെ മഹേന്ദ്രസിംഗ് ധോണിയുമായി താരതമ്യം ചെയ്ത് മുൻ ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിംഗ്. മത്സരം വിജയിപ്പിക്കാനുള്ള ബെൻ സ്റ്റോക്സിന്റെ കഴിവിനെയാണ് മഹേന്ദ്രസിംഗ് ധോണിയുമായി പോണ്ടിംഗ് താരതമ്യം ചെയ്തിരിക്കുന്നത്. സമ്മർദ്ദമേറിയ സാഹചര്യങ്ങൾ അനായാസം കൈകാര്യം ചെയ്തുകൊണ്ട് ടീമിനെ വിജയിപ്പിക്കാൻ പറ്റുന്ന മന്ത്രം സ്റ്റോക്സിന്റെ കയ്യിലുണ്ട് എന്ന് പോണ്ടിംഗ് പറയുന്നു. അതിനാൽ തന്നെ അയാളെ ഒരു പ്രത്യേക ലീഗിലാണ് താൻ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നും പോണ്ടിംഗ് പറയുകയുണ്ടായി. ലോർഡ്സിൽ നടന്ന രണ്ടാം ആഷസ് ടെസ്റ്റിൽ 155 റൺസുമായി ബെൻ സ്റ്റോക്സ് അടിച്ചു തകർത്തിരുന്നു. അതിനുശേഷമാണ് പോണ്ടിംഗ് തന്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത്.
സമ്മർദ്ദത്തിന് കീഴിൽ ബെൻ സ്റ്റോക്ക്സ് എന്നും അജയ്യനായി നിൽക്കുന്നു എന്നാണ് പോണ്ടിംഗ് പറഞ്ഞത്. “അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ കളിക്കാരും അവർ കളിക്കാൻ ഇറങ്ങുമ്പോൾ ഏതുസമയത്തും സമ്മർദ്ദത്തിൽ ആയിരിക്കും. പക്ഷേ ബെൻ സ്റ്റോക്സ് അങ്ങനെയല്ല. മധ്യനിരയിലായാലും ഇന്നിംഗ്സിന്റെ അവസാനമായാലും ബെൻ സ്റ്റോക്സിനെ സമ്മർദ്ദങ്ങൾ തളർത്താറില്ല. അവൻ കൂടുതലായി കളിയിൽ ശ്രദ്ധ ചെലുത്തുകയും അനായാസം വിജയങ്ങൾ നേടുകയും ചെയ്യുന്നു. അവൻ ക്രീസിൽ നിൽക്കുന്ന സമയത്ത് ബോൾ ചെയ്യുന്ന ബോളർക്കാണ് സമ്മർദ്ദം കൂടുന്നത്.”- പോണ്ടിംഗ് പറയുന്നു.
“ബെൻ സ്റ്റോക്സിന്റെ ബാറ്റിംഗ് കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് മഹേന്ദ്രസിംഗ് ധോണിയെയാണ്. ധോണി ട്വന്റി20 മത്സരങ്ങളിൽ ഫിനിഷ് ചെയ്യുന്ന മോഡലിൽ തന്നെയാണ് സ്റ്റോക്സ് ടെസ്റ്റ് മത്സരങ്ങളിൽ ഫിനിഷ് ചെയ്യുന്നത്. സ്റ്റോക്സ് എപ്പോൾ ക്രീസിലുള്ളപ്പോഴും ആരാധകർക്ക് ഒരു വിശ്വാസം നിലനിൽക്കാറുണ്ട്. ആ വിശ്വാസം ഉണ്ടാക്കിയെടുത്തത് സ്റ്റോക്സിന്റെ ബാറ്റിങ്ങും മനോധൈര്യവും തന്നെയാണ്. അവന്റെ കഴിവ് അസാധ്യമാണ് എന്ന് പറയാതിരിക്കാനാവില്ല.”- പോണ്ടിംഗ് കൂട്ടിച്ചേർക്കുന്നു.
ഇംഗ്ലണ്ട് ടീമിനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു ക്രിക്കറ്റർ തന്നെയാണ് ബെൻ സ്റ്റോക്സ്. 2019 ലെ ഏകദിന ലോകകപ്പിലും 2022ലെ ട്വന്റി20 ലോകകപ്പിലും ഇംഗ്ലണ്ട് ടീമിനെ വിജയത്തിലെത്തിച്ചതിൽ ബെൻ സ്റ്റോക്സിന് നിർണായകമായ പങ്കുണ്ടായിരുന്നു. ഇരു ടൂർണമെന്റ്കളുടെയും ഫൈനലിൽ അത്ഭുതകരമായ പ്രകടനം കാഴ്ചവച്ചായിരുന്നു ഇംഗ്ലണ്ടിനെ സ്റ്റോക്സ് കിരീടം ചൂടിച്ചത്. വരുന്ന ലോകകപ്പിലും ഇംഗ്ലണ്ടിന്റെ നിറസാന്നിധ്യമാകാൻ എല്ലാത്തരത്തിലും സാധിക്കുന്ന ക്രിക്കറ്ററാണ് സ്റ്റോക്സ്.