2024ൽ ഇന്ത്യൻ ക്രിക്കറ്റ് വളരെയധികം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു പരമ്പരയാണ് ബോർഡർ- ഗവാസ്കർ ട്രോഫി. 2024 നവംബറിൽ ആരംഭിക്കുന്ന ഓസ്ട്രേലിയക്കെതിരായ 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്. ഇത്തവണ ഓസ്ട്രേലിയയിലാണ് ബോർഡർ- ഗവാസ്കർ ട്രോഫി നടക്കുന്നത് എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.
കഴിഞ്ഞ 2 തവണ ഓസ്ട്രേലിയയിൽ ടെസ്റ്റ് പര്യടനം നടത്തിയപ്പോഴും 2-1 എന്ന നിലയിൽ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. അതിനാൽ തന്നെ ഒരു ഹാട്രിക് പരമ്പര വിജയമാണ് ഇന്ത്യ ഇത്തവണ പ്രതീക്ഷിക്കുന്നത്. അതിനായി തങ്ങളുടെ വജ്രായുധങ്ങൾ റെഡിയായി കഴിഞ്ഞു എന്ന ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. ബൂമ്രയും ഷാമിയും അടക്കമുള്ള താരങ്ങൾ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തും എന്നാണ് ജയ് ഷാ പറഞ്ഞത്.
വളരെ വലിയ മുൻകരുതൽ തന്നെയാണ് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ മാനേജ്മെന്റ് കൈകൊണ്ടിരിക്കുന്നത്. തങ്ങളുടെ പ്രധാന പേസർമാരായ ജസ്പ്രീറ്റ് ബൂമ്ര, മുഹമ്മദ് ഷാമി എന്നിവർക്ക് ഇന്ത്യൻ മാനേജ്മെന്റ് വിശ്രമം നൽകുകയുണ്ടായി. 2023 ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരത്തിന് ശേഷം ഇതുവരെയും മുഹമ്മദ് ഷാമി ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല.
അതിനാൽ തന്നെ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലൂടെ മുഹമ്മദ് ഷാമി ടീമിലേക്ക് തിരികെ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ ഷാമി ഏത് മത്സരത്തിലൂടെ ടീമിൽ തിരിച്ചെത്തും എന്നതിനെ സംബന്ധിച്ച് വ്യക്തതകൾ വന്നിട്ടില്ല. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ മുഹമ്മദ് ഷാമി തിരികെ ടീമിലെത്തും എന്നാണ് മുൻപ് ബിസിസിഐ സെലക്ടർ അജിത്ത് അഗാർക്കർ പറഞ്ഞിരുന്നത്. എന്നാൽ രഞ്ജി ട്രോഫിയിലൂടെ ഷമി തിരികെ എത്തും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്തായാലും മുഹമ്മദ് ഷാമിയുടെ സേവനം ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഉണ്ടാവുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഉറപ്പിച്ചു പറയുന്നു. “നമ്മുടെ ടീം ഇപ്പോൾ ഓസ്ട്രേലിയൻ പര്യടനത്തിന് പൂർണ്ണമായും തയ്യാറാണ്. കഴിഞ്ഞ കുറച്ച് സമയങ്ങളായി നമ്മൾ ജസ്പ്രീറ്റ് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. മുഹമ്മദ് ഷാമിയും ഉടൻതന്നെ പൂർണ്ണമായ ഫിറ്റ്നസ്സിലേക്ക് തിരികെ വരും. ഇപ്പോൾ വളരെ അനുഭവസമ്പത്തുള്ള നിരയാണ് നമുക്കൊപ്പം ഉള്ളത്. സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ഫിറ്റ്നസ് വീണ്ടെടുത്ത് കഴിഞ്ഞു”- ജയ് ഷാ പറഞ്ഞു.
“ഓസ്ട്രേലിയൻ പര്യടനത്തിൽ ഉറപ്പായും ഇന്ത്യൻ ടീമിനൊപ്പം ഷാമി ഉണ്ടാവും. കാരണം അത്രമാത്രം അനുഭവസമ്പത്തുള്ള താരമാണ് ഷാമി. നമുക്ക് ഓസ്ട്രേലിയയിൽ അവന്റെ സേവനം ആവശ്യമാണ്.”- ജയ് ഷാ പറയുന്നു. എന്നാൽ ഷാമി രഞ്ജി ട്രോഫി മത്സരങ്ങൾ കളിച്ച് തന്റെ ഫിറ്റ്നസ് തെളിയിക്കേണ്ടതുണ്ട് എന്നാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായ സ്നേഹാശിഷ് ഗാംഗുലി പറഞ്ഞത്. “ഷാമി ഓസ്ട്രേലിയൻ പര്യടനത്തിൽ കളിക്കേണ്ടതുണ്ട്. പക്ഷേ രഞ്ജി ട്രോഫിയിൽ കളിച്ച് അവൻ തന്റെ ഫിറ്റ്നസ് തെളിയിക്കേണ്ടതുമുണ്ട്.”- ഗാംഗുലി പറഞ്ഞു. എന്തായാലും ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് നിർണായകമായ ദിവസങ്ങളാണ് വരാനിരിക്കുന്നത്.