ലോകകപ്പ് ഫൈനലിൽ ബുമ്രയുടെ ഓവർ നേരത്തെ തീർത്തത് രോഹിതിന്റെ തന്ത്രം, പ്രശംസിച്ച് ഇന്ത്യൻ മുൻ കോച്ച്.

rohit sharma world cup 2023

2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ കിരീടം അണിയിക്കാൻ നായകൻ രോഹിത് ശർമയ്ക്ക് സാധിച്ചിരുന്നു. ഇതിന് ശേഷം രോഹിത് ശർമയെ പുകഴ്ത്തി രംഗത്തെത്തി ഇരിക്കുകയാണ് മുൻ ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ. ഇന്ത്യൻ ടീമിൽ വലിയ രീതിയിൽ പിന്തുണ ലഭിക്കുന്ന താരമാണ് രോഹിത് ശർമ എന്ന് റാത്തോർ പറയുകയുണ്ടായി.

ടീമിനായി തന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് രോഹിത് ശർമയാണെന്നും അത് ഫലവത്താവുമ്പോൾ രോഹിത്താണ് ക്രെഡിറ്റ് അർഹിക്കുന്നതെന്നും റാത്തോർ പറഞ്ഞു. ഒരു പ്രമുഖ യൂട്യൂബ് ചാനലിൽ സംസാരിക്കുമ്പോഴാണ് റാത്തോർ ഇക്കാര്യം വെളിപ്പെടുത്തിയത്.

“ടീം പൂർണ്ണമായും ഉപയോഗിക്കേണ്ട തന്ത്രങ്ങളും ഓരോ കളിയിലും സ്വീകരിക്കേണ്ട പ്ലാനുകളുമൊക്കെ രൂപപ്പെടുത്തുന്നതിൽ രോഹിത് ശർമ മികച്ച ഒരു നായകനാണ്. ഇക്കാര്യങ്ങൾ ഇത്രമാത്രം ശ്രദ്ധിക്കുന്ന മറ്റൊരു നായകനെ ഞാൻ കണ്ടിട്ടില്ല. ചില സമയത്ത് ടോസ് നേടിയതിന് ശേഷം ബാറ്റിംഗാണോ ബോളിംഗാണോ തിരഞ്ഞെടുക്കേണ്ടത് എന്ന കാര്യം രോഹിത് മറന്നിട്ടുണ്ട്. ടീമിനൊപ്പം ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഐപാടും ഫോണും രോഹിത് മറന്നുവയ്ക്കാൻ സാധ്യതയുണ്ട്. പക്ഷേ തന്റെ ഗെയിം തന്ത്രങ്ങൾ ഒരു സാഹചര്യത്തിലും രോഹിത് ശർമ മറക്കില്ല. ഇത്തരം കാര്യങ്ങളിൽ വളരെ കഴിവുള്ള വ്യക്തിയാണ് രോഹിത് ശർമ.”- വിക്രം റാത്തോർ പറഞ്ഞു.

“ഇത്തരത്തിൽ ടീമിനായി തന്ത്രങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിന് രോഹിത് ഒരുപാട് സമയം മാറ്റിവയ്ക്കാറുണ്ട്. ബോളർമാരുടെയും ബാറ്റർമാരുടെയും മീറ്റിങ്ങിൽ രോഹിത് ശർമ തുടർച്ചയായി പങ്കെടുക്കുന്നു. അവരുടെ വ്യക്തിപരമായ ചിന്തകളും ആശയങ്ങളും മനസ്സിലാക്കാനായി രോഹിത് ശർമ അവർക്കൊപ്പം പരമാവധി സമയം ചിലവഴിക്കാറുണ്ട്. ഇത്തരത്തിൽ താരങ്ങൾക്കൊപ്പം സമയം ചിലവഴിക്കുന്ന നായകൻ വേറെയില്ല. മാത്രമല്ല ഒരു ബാറ്റർ എന്ന നിലയിലും അസാമാന്യ പ്രതിഭയാണ് രോഹിത് ശർമയ്ക്കുള്ളത്. അത് രോഹിത്തിന് വലിയ രീതിയിൽ ഗുണം ചെയ്തിട്ടുണ്ട്. മത്സരത്തെ വളരെ ആഴത്തിൽ മനസ്സിലാക്കാനുള്ള കഴിവും അവനുണ്ട്. താൻ എന്താണ് ചെയ്യുന്നത് എന്ന പൂർണ ബോധ്യം അവനുണ്ട്.”- വിക്രം റാത്തോർ കൂട്ടിച്ചേർക്കുന്നു.

Read Also -  ബുംറയെ മൈതാനത്ത് പ്രയാസപ്പെടുത്തിയ ബാറ്റർ ആര്? കിടിലന്‍ മറുപടിയുമായി ഇന്ത്യന്‍ താരം.

“2024 ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ജസ്പ്രീറ്റ് ബുമ്രയുടെ ഓവറുകൾ പതിവിലും നേരത്തെ രോഹിത് ശർമ എറിഞ്ഞു തീർത്തിരുന്നു. അവസാന രണ്ട് ഓവറുകൾ ബാക്കിനിൽക്കെ ബുമ്രയുടെ ഓവർ അവസാനിപ്പിച്ചതിന് രോഹിത്തിന് നേരെ വലിയ ചോദ്യവും ഉയർത്തിയിട്ടുണ്ടാവും.”

”പലരും രോഹിത്തിന്റെ ഈ തന്ത്രത്തിനെതിരെ നെറ്റിയും ചുളിച്ചിട്ടുണ്ടാവും. പക്ഷേ രോഹിത് അങ്ങനെ ചെയ്തതു കൊണ്ട് വലിയ മാറ്റം മത്സരത്തിൽ സംഭവിച്ചു. അതോടെ അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാൻ 16 റൺസ് സ്വന്തമാക്കണമെന്ന അവസ്ഥയെത്തി. ഇത്തരത്തിൽ ഞെട്ടിക്കുന്ന പല തീരുമാനങ്ങളും രോഹിത് കൈക്കൊള്ളാറുണ്ട്.”- റാത്തോർ പറഞ്ഞുവെക്കുന്നു.

Scroll to Top