2024ൽ വരാനിരിക്കുന്ന വലിയൊരു പരമ്പരയാണ് ബോർഡർ- ഗവാസ്കർ ട്രോഫി. ഇന്ത്യയും ഓസ്ട്രേലിയയും അണിനിരക്കുന്ന പരമ്പരയിൽ 5 ടെസ്റ്റ് മത്സരങ്ങളാണുള്ളത്. ഇത്തവണ ഓസ്ട്രേലിയയിലാണ് ബോർഡർ- ഗവാസ്കർ ട്രോഫി നടക്കുന്നത്. ഇതിനായുള്ള തയ്യാറെടുപ്പുകൾ ഇരു ടീമുകളും ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ ഇന്ത്യൻ ടീമിന് വലിയ ഭീഷണി സൃഷ്ടിക്കാൻ സാധ്യതയുള്ള താരമാണ് സ്റ്റീവൻ സ്മിത്ത്. ഇപ്പോൾ ഇന്ത്യയുടെ പേസ് ബോളർ ജസ്‌പ്രീത് ബുംറയെ അങ്ങേയറ്റം പുകഴ്ത്തിയാണ് സ്മിത്ത് രംഗത്ത് വന്നിരിക്കുന്നത്. ലോക ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റ് എടുത്ത് പരിശോധിച്ചാലും താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച ബോളറാണ് ബുംറ എന്ന് സ്മിത്ത് പറയുകയുണ്ടായി.
ഓസ്ട്രേലിയൻ ടീമിലെ സ്റ്റാർ പേസർമാരായ പാറ്റ് കമ്മിൻസിനെയും മിച്ചൽ സ്റ്റാർക്കിനെയും ഒഴിവാക്കിയാണ് ബുംറയെ സ്മിത്ത് ഏറ്റവും മികച്ച ബോളറായി തിരഞ്ഞെടുത്തത്. ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലൂടെ 400 അന്താരാഷ്ട്ര വിക്കറ്റുകൾ സ്വന്തമാക്കാൻ സാധിച്ചിരുന്നു. നിശ്ചിത ഓവർ ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഒരേപോലെ മികച്ച പ്രകടനങ്ങളാണ് സമീപകാലത്ത് ഈ ഇന്ത്യന്‍ താരം കാഴ്ച വെച്ചിട്ടുള്ളത്. 2024 ട്വന്റി20 ലോകകപ്പിൽ 15 വിക്കറ്റുകൾ സ്വന്തമാക്കിയ ബുംറ ടൂർണമെന്റിന്റെ താരമായി മാറിയിരുന്നു. ഇതിന് ശേഷമാണ് താരത്തെ പ്രശംസിച്ചുകൊണ്ട് സ്മിത്ത് രംഗത്ത് വന്നിരിക്കുന്നത്.
“ബുംറ ഒരു മനോഹര ബോളറാണ്. ന്യൂബോളിലായാലും പഴയ ബോളിലായാലും അങ്ങേയറ്റം മികവ് പുലർത്താൻ അവന് സാധിക്കാറുണ്ട്. അവനെതിരെ ബാറ്റ് ചെയ്യുക എന്നത് വലിയ വെല്ലുവിളി തന്നെയാണ് സൃഷ്ടിക്കാറുള്ളത്. ക്രിക്കറ്റിന്റെ 3 ഫോർമാറ്റ് എടുത്ത് പരിശോധിച്ചാലും അവൻ തന്നെയാണ് ഏറ്റവും മികച്ച ബോളർ.”- സ്റ്റീവ് സ്മിത്ത് സ്റ്റാർ സ്പോർട്സിൽ പറയുകയുണ്ടായി.
2018-19ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ തകർപ്പൻ പ്രകടനങ്ങൾ ആയിരുന്നു ഇന്ത്യന്‍ പേസര്‍ കാഴ്ചവച്ചത്. 4 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകൾ സ്വന്തമാക്കാൻ ബുമ്രയ്ക്ക് സാധിച്ചിരുന്നു. ശേഷം 2020- 21 വർഷത്തെ ഓസ്ട്രേലിയൻ പര്യടനത്തിൽ 3 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളും ബുംറ സ്വന്തമാക്കി. ഇത്തവണയും ഇത്തരത്തിൽ ബുംറ ഫോം പുലർത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.