ഏറെക്കാലങ്ങളായി ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്ന താരമാണ് രവീന്ദ്ര ജഡേജ. ബോളിങ്ങിലും ബാറ്റിങ്ങിലും ഒരേ പോലെ തന്നെ തിളങ്ങാൻ സാധിക്കുന്ന ചുരുക്കം ചില ഓൾറൗണ്ടർമാരിൽ ഒരാളാണ് ജഡേജ.
ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലും തകർപ്പൻ പ്രകടനമാണ് ഇതുവരെ ജഡേജ പുറത്തെടുത്തിട്ടുള്ളത്. മത്സരത്തിൽ ആദ്യം ബോളിങ്ങിലായിരുന്നു ജഡേജ മികവ് പുലർത്തിയത്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ നിർണായകമായ 3 വിക്കറ്റുകൾ സ്വന്തമാക്കാൻ ജഡേജയ്ക്ക് സാധിച്ചു. ആദ്യ ഇന്നിംഗ്സിൽ ഓലീ പോപ്പ്, ജോ റൂട്ട്, ഹാർട്ട്ലി എന്നിവരുടെ വിക്കറ്റുകളാണ് ഈ ഇടംകയ്യൻ സ്പിന്നർ നേടിയത്.
ആദ്യ ഇന്നിങ്സിൽ കേവലം 88 റൺസ് മാത്രം വിട്ടു നൽകിയായിരുന്നു ജഡേജ 3 വിക്കറ്റുകൾ സ്വന്തമാക്കിയത്. പിന്നാലെ മത്സരത്തിന്റെ രണ്ടാം ദിവസം ബാറ്റിങ്ങിലും ജഡേജ തീയായി മാറുകയുണ്ടായി. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 155 പന്തുകൾ നേരിട്ട ജഡേജ 81 റൺസ് സ്വന്തമാക്കിയിട്ടുണ്ട്.
7 ബൗണ്ടറികളും 2 സിക്സറുകളുമാണ് ജഡേജയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ബാറ്റിങ്ങിലും ബോളിങ്ങിലും മത്സരത്തിൽ മികവ് പുലർത്തിയതോടെ ജഡേജയ്ക്ക് പ്രശംസകളുമായി ഒരുപാട് മുൻ താരങ്ങളും രംഗത്ത് എത്തുകയുണ്ടായി. ഇപ്പോൾ ജഡേജയെ പ്രകീർത്തിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് ഇംഗ്ലണ്ടിന്റെ മുൻ നായകൻ മൈക്കിൾ വോണാണ്.
തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മൈക്കിൾ വോൺ ജഡേജയെ പ്രശംസിച്ചിരിക്കുന്നത്. നിലവിൽ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓൾ റൗണ്ടറാണ് ജഡേജ എന്ന് വോൺ പറയുന്നു. വോണിന്റെ ഈ അഭിപ്രായം നിമിഷങ്ങൾക്കകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിട്ടുണ്ട്.
“ലോക ക്രിക്കറ്റിൽ നിലവിലുള്ളതിൽ ഏറ്റവും മികച്ച ഓൾറൗണ്ടർ അവൻ തന്നെയാണ്”- മൈക്കിൾ വോൺ കുറിച്ചത് ഇങ്ങനെയാണ്. ഒരുപാട് ഇന്ത്യൻ താരങ്ങൾ വോണിന്റെ ഈ പ്രസ്താവനയെ അനുകൂലിച്ചു കൊണ്ട് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. മത്സരത്തിലെ ജഡേജയുടെ പ്രകടനം പൂർണമായും വിലയിരുത്തിയാണ് വോൺ ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.
മത്സരത്തിന്റെ രണ്ടാം ദിവസം ഇന്ത്യയ്ക്കായി വളരെ നിർണായകമായ ബാറ്റിംഗ് പ്രകടനമായിരുന്നു ജഡേജ കാഴ്ചവച്ചത്. സ്പിന്നർമാർക്ക് ആനുകൂല്യം നൽകിയിരുന്ന പിച്ചിൽ അതിവിദഗ്ധമായാണ് ജഡേജ ഇംഗ്ലണ്ട് സ്പിന്നർമാരെ നേരിട്ടത്. കൂടുതൽ സമയവും ബോളിനെ പ്രതിരോധിക്കാൻ തന്നെയാണ് ജഡേജ മത്സരത്തിൽ ശ്രമിച്ചത്.
155 പന്തുകൾ രണ്ടാം ദിവസം ജഡേജ നേരിടുകയുണ്ടായി. മൂന്നാം ദിവസവും ഇതേ ശൈലിയിൽ തന്നെ ബാറ്റിംഗ് തുടർന്ന്, ഇന്ത്യയ്ക്ക് മികച്ച ഒരു ഒന്നാം ഇന്നിംഗ്സിൽ ലീഡ് നേടിക്കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ജഡേജ.