കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യൻ ടീമിനെ ഏറ്റവും മികച്ച രീതിയിൽ നയിച്ച നായകന്മാരിൽ ഒരാളാണ് രോഹിത് ശർമ. വിരാട് കോഹ്ലി നായക സ്ഥാനം ഒഴിഞ്ഞതിന് ശേഷമായിരുന്നു രോഹിത് ശർമ ഇന്ത്യൻ നായക സ്ഥാനത്തേക്ക് വന്നത് ഇന്ത്യയെ എല്ലാ ഫോർമാറ്റിലും മുൻപിലേക്ക് നയിക്കാൻ രോഹിത്തിന് സാധിച്ചിട്ടുണ്ട്. 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ എത്തിക്കാൻ രോഹിതിന് സാധിച്ചിരുന്നു.
203 ഏകദിന ലോകകപ്പിലും രോഹിതിന്റെ നേതൃത്വത്തിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു. 2024 ട്വന്റി20 ലോകകപ്പ് ഇന്ത്യയ്ക്ക് നേടിക്കൊടുക്കുന്നതിലും രോഹിത് വലിയ പങ്കുവഹിച്ചു. അതിനാൽ തന്നെ രോഹിത്തിന് ശേഷം ആരാവും ഇന്ത്യൻ നായകൻ എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഇതിനുള്ള ഉത്തരം നൽകി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേറിയ.
രോഹിത് ശർമയ്ക്ക് ശേഷം ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ നായകനായി വിക്കറ്റ് കീപ്പർ ബാറ്ററായ റിഷഭ് പന്ത് എത്തണം എന്നാണ് ഡാനിഷ് കനേറിയ പറയുന്നത്. രോഹിത്തിന് ശേഷം ഇന്ത്യയ്ക്ക് ആശ്രയിക്കാൻ സാധിക്കുന്ന ഒരു നായകനാണ് പന്ത് എന്ന് കനേറിയ വിശ്വസിക്കുന്നു.
ഒരു ക്യാപ്റ്റനാവാൻ വേണ്ട എല്ലാ പ്രതിഭയുമുള്ള താരമാണ് റിഷഭ് പന്ത്. ടീമിനെ നയിക്കാൻ അവസരം ലഭിച്ചപ്പോൾ മികവ് പുലർത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് നായകനായിരുന്നു പന്ത്. ടീമിനെ കിരീടത്തിലെത്തിക്കാൻ സാധിച്ചില്ലെങ്കിലും സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ചവെക്കാൻ പന്തിന്റെ നേതൃത്വത്തിൽ ഡൽഹിയ്ക്ക് കഴിഞ്ഞിരുന്നു. ഇതിന് ശേഷമാണ് കനേറിയ പന്തിന് പിന്തുണയുമായി രംഗത്ത് എത്തിയത്.
“എന്നെ സംബന്ധിച്ച് ഇന്ത്യയ്ക്ക് ഭാവിയിലേക്ക് നായകനാക്കാൻ സാധിക്കുന്ന ഒരു താരം റിഷഭ് പന്താണ്. ആദ്യമായി, അവൻ ഒരു മികച്ച വിക്കറ്റ് കീപ്പറാണ്. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിൽ അവിശ്വസനീയ പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്ന ഒരു ബാറ്ററുമാണ് പന്ത്. അവൻ ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കുന്ന രീതിയും അവന്റെ സ്വാഭാവികമായ ഷോട്ടുകളും ബോളർമാരുമായി ആശയവിനിമയം പങ്കുവയ്ക്കുന്ന രീതിയുമൊക്കെ ഒരു നല്ല നായകന് സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാകാൻ പന്ത് നല്ലൊരു ഓപ്ഷനാണ് എന്ന് ഞാൻ കരുതുന്നു.”- കനേറിയ പറഞ്ഞു.
2022 ഡിസംബറിലായിരുന്നു പന്തിന് വലിയൊരു കാർ അപകടം ഉണ്ടായത്. ഇതിന് ശേഷം ഒരു തകർപ്പൻ തിരിച്ചുവരവാണ് പന്ത് നടത്തിയത്. 21 മാസങ്ങൾക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരികെ വന്ന പന്ത് ബംഗ്ലാദേശിനെതിരെ ആദ്യ മത്സരത്തിൽ തന്നെ ഒരു ഇമ്പാക്ട് ഉണ്ടാക്കുന്ന സെഞ്ച്വറി സ്വന്തമാക്കി.
മത്സരത്തിൽ ഇന്ത്യ 280 റൺസിന്റെ വിജയം നേടിയപ്പോൾ തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായി കളംനിറഞ്ഞത് പന്തായിരുന്നു. ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തിലും പന്ത് ഇത്തരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.