“ആ താരം ടീമിലുണ്ട്, ഇന്ത്യയ്ക്ക് ചാമ്പ്യൻസ് ട്രോഫി നേടാനാവും” : ഗാംഗുലി

2025 ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി. ഇത്തവണ ടൂർണമെന്റിന്റെ ഗ്രൂപ്പ് എയിൽ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ന്യൂസിലാൻഡ് എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യയുള്ളത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ, ടൂർണമെന്റിനുള്ള 15 അംഗങ്ങൾ അടങ്ങുന്ന ടീമിനെ പ്രഖ്യാപിച്ചത്.

രോഹിത് ശർമ, വിരാട് കോഹ്ലി തുടങ്ങിയ വമ്പൻ താരങ്ങളൊക്കെയും ഇത്തവണ ചാമ്പ്യൻസ് ട്രോഫിയിൽ അണിനിരക്കുന്നുണ്ട്. എന്നിരുന്നാലും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനങ്ങളുടെ പേരിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് ഇരു താരങ്ങളും. പക്ഷേ വിരാട് കോഹ്ലി ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിലും മികവ് പുലർത്തും എന്നാണ് ഗാംഗുലി വിശ്വസിക്കുന്നത്.

“മിതാലി രാജിനെ പോലെയും ജൂലൻ ഗോസാമിയെ പോലെയും ഒരിക്കൽ മാത്രം കാണാനാവുന്ന പ്രതിഭയാണ് വിരാട് കോഹ്ലി. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നിശ്ചിത ഓവർ ക്രിക്കറ്ററാണ് വിരാട് കോഹ്ലി എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. പെർത്തിൽ നടന്ന മത്സരത്തിൽ അവനൊരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. ശേഷം അവന്റെ പരമ്പരയിലെ പ്രകടനം എന്നെ അല്പം അത്ഭുതപ്പെടുത്തി. കാരണം പരമ്പരയിൽ അവൻ വലിയ സ്‌കോറുകൾ സ്വന്തമാക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതുണ്ടായില്ല.”- ഗാംഗുലി പറയുന്നു.

“എല്ലാ താരങ്ങൾക്കും തങ്ങളുടെ ശക്തിയും ബലഹീനതകളുമുണ്ട്. ഇത്തരം ബലഹീനതകളെ നമ്മൾ ഏതു തരത്തിൽ കണ്ടെത്തി പരിഹരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വിരാട് കോഹ്ലിയ്ക്ക് ഇനിയും ഒരുപാട് നാൾ കളിക്കാൻ സാധിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര വിരാട് കോഹ്ലിയെ സംബന്ധിച്ച് ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ചാമ്പ്യൻസ് ട്രോഫിയിലെ കോഹ്ലിയുടെ ഫോം എന്നെ യാതൊരു തരത്തിലും നിരാശനാക്കുന്നില്ല. ഞാൻ മുൻപ് പറഞ്ഞതുപോലെ തന്നെ നിലവിലെ ഏറ്റവും മികച്ച നിശ്ചിത ഓവർ ക്രിക്കറ്ററാണ് അവൻ. അതുകൊണ്ടു തന്നെ ചാമ്പ്യൻസ് ട്രോഫിയിൽ അവൻ റൺസ് സ്വന്തമാക്കും.”- ഗാംഗുലി കൂട്ടിച്ചേർത്തു.

“ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കാൻ സാധ്യതയുള്ള ഒരു ടീമാണ് ഇന്ത്യ. 2023 ഏകദിന ലോകകപ്പിലും 2024 ട്വന്റി20 ലോകകപ്പിലും മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇന്ത്യൻ നായകൻ രോഹിത് ശർമയും നിശ്ചിത ഓവർ ക്രിക്കറ്റിൽ തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ള താരമാണ്. ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിൽ നമുക്ക് വ്യത്യസ്തനായ ഒരു രോഹിത് ശർമയെ കാണാൻ സാധിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. മുഹമ്മദ് ഷാമി ടീമിലേക്ക് തിരികെയെത്തിയതും എനിക്ക് വലിയ സന്തോഷം ഉണ്ടാക്കുന്നു. ബൂമ്രയ്‌ക്കൊപ്പം ഷാമി കൂടിയാണ് അണിനിരക്കുമ്പോൾ ഇന്ത്യയുടെ സ്ക്വാഡ് കൂടുതൽ ശക്തമാവും.”- ഗാംഗുലി പറഞ്ഞുവയ്ക്കുന്നു.

Previous article“ഞാൻ നന്നായി കളിച്ചില്ല, അതുകൊണ്ട് പുറത്താക്കി.. ഒരു വിഷമവും ഇല്ല”, തുറന്ന് പറഞ്ഞ് സൂര്യകുമാർ.
Next article“ആദ്യ മത്സരത്തിൽ വിക്കറ്റ് കീപ്പർ സഞ്ജു തന്നെ”. അക്കാര്യത്തിൽ ഒരു ചോദ്യവും വേണ്ടെന്ന് സൂര്യകുമാർ യാദവ്.