അവനാണ് ഇംഗ്ലണ്ടിന്റെ പേടി സ്വപ്നം. തന്ത്രം മെനഞ്ഞ് പുറത്താക്കണം. മുൻ ഇംഗ്ലണ്ട് താരത്തിന്റെ നിർദ്ദേശം

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരം ഫെബ്രുവരി 15ന് രാജ്കോട്ടിലാണ് നടക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റുകൾ അവസാനിക്കുമ്പോൾ ഒരു മത്സരം വീതം വിജയിച്ച ഇന്ത്യയും ഇംഗ്ലണ്ടും സമനില പാലിക്കുകയാണ്. അതിനാൽ തന്നെ മൂന്നാമത്തെ ടെസ്റ്റ്‌ ഇരു ടീമുകൾക്കും വളരെ നിർണായകമാണ്.

ഈ സാഹചര്യത്തിൽ ഇംഗ്ലണ്ട് ടീമിന് ആവശ്യമായ മുൻ കരുതലുകൾ നൽകി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്. മത്സരത്തിലെ സാഹചര്യത്തെപ്പറ്റിയും ഇംഗ്ലണ്ട് നേരിടുന്ന വലിയ വെല്ലുവിളിയെ പറ്റിയും ലോയ്ഡ് സംസാരിക്കുകയുണ്ടായി. രാജ്കോട്ട് എല്ലായിപ്പോഴും റണ്ണൊഴുകുന്ന പിച്ചാണെന്നും അതുകൊണ്ടു തന്നെ ഇംഗ്ലണ്ട് തങ്ങളുടെ ആക്രമണ മനോഭാവം പുറത്തെടുക്കണമെന്നും ലോയ്ഡ് പറയുന്നു.

ഈ പരമ്പരയിലെ ആദ്യ ഫ്ലാറ്റ് പിച്ചാണ് രാജ്കോട്ടിൽ ലഭിക്കാൻ പോകുന്നത് എന്നാണ് ലോയ്ഡ് കരുതുന്നത്. അതിനാൽ ഇംഗ്ലണ്ടിന്റെ ആദ്യ 6 ബാറ്റർമാരിൽ ഒരാൾ ഒരു വലിയ സെഞ്ച്വറി സ്വന്തമാക്കേണ്ടതുണ്ടെന്നും ലോയ്ഡ് കരുതുന്നു. ഇംഗ്ലണ്ട് ബാസ്ബോൾ രീതിയിൽ കളിച്ച് വലിയ സ്കോർ സ്വന്തമാക്കിയില്ലെങ്കിൽ മത്സരം സമനിലയിൽ കലാശിക്കുമെന്നും ലോയ്ഡ് കരുതുന്നു.

“രാജ്കോട്ട് എപ്പോഴും വലിയ സ്കോറുകൾ ഉണ്ടാവുന്ന പിച്ചാണ്. അതിനാൽ ആദ്യം ബാറ്റ് ചെയ്താലും രണ്ടാമത് ബാറ്റ് ചെയ്താലും മത്സരം സമനിലയിലാവാനുള്ള സാധ്യത വളരെയധികമാണ്. എന്നിരുന്നാലും ബെൻ സ്റ്റോക്സിന്റെ കീഴിൽ വളരെ ആക്രമണപരമായി ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ ഇംഗ്ലണ്ടിന് സാധിക്കും.

ഇത്തരത്തിൽ ആക്രമണപരമായി നേരിടാൻ സാധിക്കുന്ന ഒരു മൈതാനം തന്നെയാണ് രാജ്കോട്ടിലേത്. ഇംഗ്ലണ്ടിന്റെ ആദ്യ 6 ബാറ്റർമാരിൽ ഒരാൾ ഒരു വലിയ സെഞ്ചുറി സ്വന്തമാക്കേണ്ടതുണ്ട്. അങ്ങനെ സംഭവിച്ചാൽ ഇംഗ്ലണ്ടിന് 400 റൺസിലധികം സ്വന്തമാക്കാൻ കഴിയും. രാജകോട്ടിൽ 250-270 സ്കോറുകൾ അത്ര മികച്ചതല്ല. അതിനാൽ 50കളും 20കളും നേടാതെ വലിയ സ്കോറുകൾ കണ്ടെത്താൻ ബാറ്റർമാർ ശ്രമിക്കണം.”- ലോയ്ഡ് പറഞ്ഞു.

ഒപ്പം ഇന്ത്യൻ ബാറ്റർ ജയസ്വാളാണ് ഇംഗ്ലണ്ടിന് വലിയ രീതിയിൽ വെല്ലുവിളി ഉയർത്തുന്നതെന്നും ലോയ്ഡ് ചൂണ്ടിക്കാട്ടുന്നു. “രണ്ടാം ടെസ്റ്റ് മത്സരത്തിൽ ശുഭമാൻ ഗിൽ തന്റെ ഫോമിലേക്ക് തിരികെ എത്തിയിട്ടുണ്ട്. ഇന്ത്യൻ ബാറ്റർമാർ വലിയ സ്കോറുകൾ കണ്ടെത്താൻ കഴിവുള്ളവർ തന്നെയാണ്. ഇംഗ്ലണ്ടിന് വലിയ പ്രശ്നമായുള്ളത് ജയസ്വാൾ തന്നെയാണ്.”

“ഈ പരമ്പരയിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയിരിക്കുന്ന താരമാണ് ജയസ്വാൾ. അതിനാൽ അവനെ പുറത്താക്കാൻ കൃത്യമായ തന്ത്രം ഇംഗ്ലണ്ട് മെനയേണ്ടതുണ്ട്. ജയസ്വാൾ വെടിക്കെട്ട് താരമാണെങ്കിലും അവന് വലിയ വീക്നെസ്സുകൾ ഒന്നുമില്ല. അതുകൊണ്ട് അതിരുകടന്ന ചിന്തയാണ് ആവശ്യമായുള്ളത്. ജയസ്വാളിനെതിരെ ഇടങ്കയ്യൻ സ്പിന്നർമാരെ പന്തറിയിപ്പിക്കേണ്ടതുണ്ട്.”- ലോയ്ഡ് കൂട്ടിച്ചേർത്തു.

“ഇത്തരത്തിൽ ന്യൂബോൾ ഇടംകയ്യൻ ബോളർമാർക്ക് നൽകിയാൽ അത് ജയസ്വാളിൽ കൂടുതൽ പ്രചോദനങ്ങൾ ഉണ്ടാക്കും. അവൻ അതിനനുസരിച്ച് വമ്പൻ ഷോട്ടുകൾക്ക് ശ്രമിക്കുകയും ഫീൽഡർമാർക്ക് ക്യാച്ച് നൽകി പുറത്താവുകയും ചെയ്യും. ഇത്തരത്തിൽ ജയസ്വാളിന്റെ ഈഗോ അനുസരിച്ച് ഇംഗ്ലണ്ട് മത്സരത്തിൽ കളിക്കണം എന്നതാണ് എന്റെ അഭിപ്രായം.”- ലോയ്ഡ് പറഞ്ഞുവെക്കുന്നു.

അതേസമയം ഇന്ത്യയെ സംബന്ധിച്ച് കോഹ്ലിയും ശ്രേയസ് അയ്യരും ഇല്ലാതെയാണ് മൂന്നാം ടെസ്റ്റ്‌ മത്സരത്തിന് ഇറങ്ങുന്നത്. പകരം യുവതാരങ്ങളെ അണിനിരത്തി ഒരു വമ്പൻ വിജയം നേടാനാണ് ഇന്ത്യയുടെ പ്രതീക്ഷ.

Previous articleറസ്സലിന്‍റെ അഴിഞ്ഞാട്ടത്തിനു വാര്‍ണറുടേയും ടിം ഡേവിഡിന്‍റെയും മറുപടി. അവസാന ടി20യില്‍ ആശ്വാസ വിജയവുമായി വിന്‍ഡീസ്.
Next articleബ്രാഹിം ഡയസിന്‍റെ ഒന്നാന്തരം ഗോള്‍. ചാംപ്യന്‍സ് ലീഗില്‍ വിജയവുമായി റയല്‍ മാഡ്രിഡ്