ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനും ഒപ്പം വിശ്വസ്ത ബാറ്റ്‌സ്മാനുമായ വിരാട് കോഹ്ലി ഇന്ന് ആധുനിക ക്രിക്കറ്റിലെ ഇതിഹാസ താരമെന്നാണ് എല്ലാ ക്രിക്കറ്റ് പ്രേമികളാലും അറിയപെടുന്നത്. പല അപൂർവ്വ നേട്ടങ്ങളും കരിയറിൽ ചുരുക്കം കാലയളവിൽ സ്വന്തമാക്കിയ കോഹ്ലി 3 ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ റൺ മെഷീൻ തന്നെയാണ് . നിലവിലെ പല ക്രിക്കറ്റ് താരങ്ങളും ബാറ്റിംഗിലെ അസാധ്യ നേട്ടങ്ങളാൽ വിരാട് കോഹ്ലിക്ക് ബഹുദൂരം പിറകിലാണ്. ഫാബുലസ് ഫോറിൽ ഇന്ന് മൂന്ന് ഫോർമാറ്റിലും വളരെ സ്ഥിരതയാർന്ന ബാറ്റിങ് പ്രകടനം കാഴ്ചവെക്കുന്ന വിരാട് കോഹ്ലിക്ക് പക്ഷേ എതിരാളികൾ ആരുമില്ലായെന്നും ആരാധകർ പലരും അഭിപ്രായപെടാറുണ്ട്.
എന്നാൽ വിരാട് കോഹ്ലിയെ ഇപ്പോൾ ഇതിഹാസം എന്ന് അഭിസംബോധന ചെയ്യുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്.തന്റെ മുപ്പതാം വയസ്സിൽ തന്നെ കോഹ്ലി ഇതിഹാസ ക്രിക്കറ്ററായി മാറിയെന്നാണ് യുവിയുടെ അഭിപ്രായം. “ഇന്ന് ലോകത്തെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമാണ് കോഹ്ലി.കോഹ്ലി ഇന്ത്യൻ ടീമിൽ കഠിന പരിശീലനം ആരംഭിച്ചതും വളർന്നതും എല്ലാം കൺമുൻപിലായിരുന്നു.അദ്ദേഹം ഏറെ കഷ്ടപാടുകൾ സഹിച്ചും എല്ലാവിധ വെല്ലുവിളികളെയും നേരിടുന്ന ഒരു താരമാണ്.ഇന്ത്യൻ ടീമിലേക്ക് എത്തിയ സമയം മുതലേ ഏറെ പ്രതീക്ഷ നൽകിയ താരമാണ് കോഹ്ലി.എല്ലാ അവസരങ്ങളും ലഭിച്ചപ്പോൾ അവനത് തെളിയിച്ചതാണ് “യുവി വാചാലനായി.
അന്തരാഷ്ട്ര ക്രിക്കറ്റിൽ 2008ലാണ് കോഹ്ലി അരങ്ങേറിയത്. കോഹ്ലിയുടെ നേട്ടങ്ങൾ ഇതിനകം തന്റെ മുപ്പതാം വയസ്സിൽ തന്നെ സ്വപ്നതുല്യമാണെന്ന് പറഞ്ഞ യുവരാജ് കരിയറിൽ ഇനിയും ഏറെ കുതിക്കാൻ വിരാട് കോഹ്ലിക്കും സാധിക്കുമെന്നും ആത്മവിശ്വാസം തുറന്ന് പറഞ്ഞു. “സാധാരണയായി വിരമിക്കുന്ന സമയത്താണ് പല താരങ്ങളും ഇതിഹാസ താരമെന്ന ഒരു വിശേഷണം കരിയറിൽ കരസ്ഥമാക്കുന്നത്. പക്ഷേ കോഹ്ലി തന്റെ മുപ്പതാം വയസ്സിൽ ഇതിഹാസമായി മാറി കഴിഞ്ഞു. ഇന്ത്യൻ നായകനായ ശേഷം കോഹ്ലിയുടെ ബാറ്റിങ്ങിലെ സ്ഥിരത ഏറെ വർധിച്ചു. ഇനിയും അനേകം വർഷങ്ങൾ കോഹ്ലിക്ക് മുൻപിലുണ്ട്. ഒട്ടനവധി നേട്ടം അവന് സ്വന്തമാക്കുവാൻ കഴിയും “മുൻ ഇന്ത്യൻ താരം യുവരാജ് പ്രവചനം വിശദമാക്കി