കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ പരിശ്രമിച്ചട്ടും നടക്കാതെപ്പോയ താരങ്ങളുണ്ട്. അതിലൊരാളാണ് യുവ ഓപ്പണര്‍ പൃഥി ഷാ. 2018 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കന്നി ടെസ്റ്റ് മത്സരത്തില്‍ സെഞ്ചുറി അടിച്ച് തുടങ്ങിയ പൃഥി ഷാ പിന്നീട് നടന്ന ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തായി. ഇപ്പോഴിതാ ഈ യുവ താരത്തെ കൈവിട്ടു കളയരുത് എന്ന് പറയുകയാണ് മുന്‍ ഓസ്ട്രേലിയന്‍ താരം മൈക്കള്‍ ക്ലാര്‍ക്ക്. സേവാഗിനെപ്പോലെ വിനാശകാരിയാ താരം എന്നാണ് പൃഥി ഷായെ വിശേഷിപ്പിച്ചത്.
” സേവാഗിനെപ്പോലെ ഒരു മികച്ച കളിക്കാരനാണ് അദ്ദേഹം. ടീമിനെ മുന്നില്‍ നിന്നും നയിച്ച ഒരു പ്രതിഭയായിരുന്നു സേവാഗ്. ടോപ്പ് ഓഡറില്‍ ആക്രമണ ശൈലിയില്‍ കളിക്കുന്ന താരം. അതുകൊണ്ട് സേവാഗിനെ എനിക്ക് പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായിരുന്നു. ചെറുപ്പമാണ് എന്നറിഞ്ഞുകൊണ്ട് തന്നെ പൃഥി ഷായെപ്പോലെ ഉള്ള താരങ്ങളെ വിശ്വാസമര്‍പ്പിക്കണം ” ക്ലാര്‍ക്ക് പറഞ്ഞു.
2021 ലെ ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയിലെ പൃഥി ഷായുടെ മോശം പ്രകടനത്തെയും മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ന്യായീകരിച്ചു. അഡലെയ്ഡിലെ ഡേ-നൈറ്റ് ടെസ്റ്റില്‍ 0,2 എന്നിങ്ങിനെയായിരുന്നു ഇന്ത്യന്‍ ഓപ്പണറുടെ സ്കോര്‍.
“അന്ന് പൃഥ്വി ഷായിൽ പ്രതീക്ഷയുടെ കനത്ത ഭാരമുണ്ടായിരുന്നു. സത്യത്തിൽ ഷായ്ക്ക് കൂടുതൽ സമയം നൽകണം. അത് അദ്ദേഹത്തിന്റെ ആദ്യ ഓസ്ട്രേലിയൻ പര്യടനമായിരുന്നു. ആദ്യം അദ്ദേഹത്തിന് പിന്തുണയും തുടർച്ചയായി അവസരവും ഉറപ്പാക്കണം. നിർഭാഗ്യവശാൽ ഷാ ടീമിനു പുറത്തായി. പക്ഷേ, പിന്തുണ നൽകിയാൽ ഷാ ശക്തമായി തിരിച്ചെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്’. – ക്ലാർക്ക് പറഞ്ഞു.