ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പേസ് ബോളർമാരിൽ ഒരാളായിരുന്നു ബ്രറ്റ് ലീ. ഓസ്ട്രേലിയക്കായി തന്റെ കരിയറിലുടനീളം നിറഞ്ഞാടിയ ലീ ഇന്ത്യയുടെ യുവപേസറെ പറ്റി വാചാലനാവുകയുണ്ടായി. ജമ്മു ആൻഡ് കാശ്മീർ പേസർ ഉമ്രാൻ മാലിക്കിനെ പറ്റിയാണ് ലീ സംസാരിക്കുന്നത്. ഇന്ത്യ ഉമ്രാൻ മാലിക്കിനെ ടെസ്റ്റ് ക്രിക്കറ്റിൽ ഉൾപ്പെടുത്താൻ സമയമായി എന്നാണ് ബ്രറ്റ് ലീ പറയുന്നത്. സമീപകാലത്തെ ഉമ്രാന്റെ ബോളിംഗ് പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ലീയുടെ ഈ അഭിപ്രായപ്രകടനം.
“എന്തുകൊണ്ട് ഇന്ത്യയ്ക്ക് ഉമ്രാനെ ടെസ്റ്റ് ക്രിക്കറ്റിൽ ഉൾപ്പെടുത്തികൂടാ? എന്റെ അഭിപ്രായത്തിൽ അയാൾ മികച്ച ഒരു ഓപ്ഷൻ ആണ്. അയാൾ ഭാവിയിലെ ഒരു സൂപ്പർസ്റ്റാറാണ്. അയാൾക്ക് നല്ല ആക്ഷനും സ്ഥിരതയുമുണ്ട്. ഇത്തരത്തിൽ മനോഹരമായ ഒരു സമീപനമാണ് ഉമ്രാനുള്ളത്. അതുകൊണ്ടുതന്നെ അയാളെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണമെന്നാണ് എനിക്ക് തോന്നുന്നത്.”- ബ്രറ്റ് ലീ പറയുന്നു.
ഇതോടൊപ്പം ഇന്ത്യൻ പേസർ ബുമ്രയുടെ പരിക്കിനെപറ്റിയും ലീ സംസാരിക്കുകയുണ്ടായി. പരിക്കിൽ നിന്ന് ഇനിയും രക്ഷനേടാൻ ബുമ്രയ്ക്ക് ഒരു വഴിയും ലീ നിർദ്ദേശിച്ചു. “ബുംറയ്ക്ക് മികച്ച റെക്കോർഡാണ് ഉള്ളത്. എന്നാൽ കുറച്ചധികം നാളുകളായി അയാളെ ബാക്ക് ഇഞ്ചുറികൾ പിടികൂടുന്നു. എനിക്ക് ബൂറയ്ക്ക് നൽകാനുള്ളത് ഒരു ഉപദേശമാണ്. അയാളുടെ റണ്ണപ്പ് ചെറുതായതിനാൽ തന്നെ അയാൾക്ക് പേസ് കണ്ടെത്താൻ ഒരുപാട് പവർ ഉപയോഗിക്കേണ്ടി വരുന്നുണ്ട്. അതാണ് പരിക്കിന് ഒരു കാരണം. ഇത്തരത്തിൽ അയാൾക്ക് ബാക്കിൽ സമ്മർദ്ദമേൽക്കാതിരിക്കാൻ ഉള്ള ഏക വഴി റണ്ണപ്പ് വർദ്ധിപ്പിക്കുക എന്നതാണ്.”- ബ്രെറ്റ് ലീ പറയുന്നു.
കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ടീമിനായി മികവാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ച ക്രിക്കറ്ററാണ് ഉമ്രാൻ മാലിക്. എന്നിരുന്നാലും ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ സ്ഥാനം കണ്ടെത്താൻ മാലിക്കിന് സാധിച്ചില്ല. വരും ദിവസങ്ങളിൽ ടെസ്റ്റ് ടീമിൽ ഉംറാൻ സ്ഥാനം കണ്ടെത്തും എന്ന് ഉറപ്പാണ്.