ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ പരാജയം ഇന്ത്യൻ ടീമിലെ വലിയ രീതിയിൽ അലട്ടുന്നുണ്ട്. പല രീതിയിലുള്ള വിമർശനങ്ങളാണ് പരമ്പരയിലെ പരാജയത്തിന് ശേഷം ഉണ്ടായിരിക്കുന്നത്. ഇന്ത്യ ശ്രീലങ്കയെ വളരെ ദുർബലരായി കണ്ടത് പരാജയത്തിൽ പ്രധാന കാരണമായി മാറി എന്ന് മുൻ ക്രിക്കറ്റർമാരടക്കം പറയുകയുണ്ടായി.
ഇന്ത്യയുടെ ടീം സെലക്ഷനിലെ പിഴവുകളും ചൂണ്ടിക്കാട്ടി ചില താരങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. ഇത്തരമൊരു പിഴവ് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം ബാസിത് അലി. ഇന്ത്യ ശ്രേയസ് അയ്യർക്ക് പകരം സൂര്യകുമാർ യാദവിനെ ഏകദിന ടീമിൽ ഉൾപ്പെടുത്തേണ്ടിയിരുന്നു എന്നാണ് ബാസിത് അലി പറയുന്നത്.
സ്പിന്നർമാർക്കെതിരെ ആക്രമണം അഴിച്ചു വിടുന്ന സൂര്യകുമാർ യാദവിനെ പോലെ ഒരു താരത്തെയായിരുന്നു ഇന്ത്യയ്ക്ക് ശ്രീലങ്കൻ പിച്ചുകളില്‍ ആവശ്യം എന്നാണ് ബാസിത് അലിയുടെ നിഗമനം. ശ്രേയസ് അയ്യർ മികച്ച ശരാശരിയുള്ള താരമാണെങ്കിലും സൂര്യകുമാർ യാദവ് ശ്രേയസിനേക്കാൾ 1000 മടങ്ങ് മികച്ച ക്രിക്കറ്ററാണ് എന്ന് ബാസിത് പറയുകയുണ്ടായി.
മാത്രമല്ല വ്യത്യസ്തമായ ഷോട്ടുകൾ കളിച്ച് സ്പിന്നർമാരെ കൃത്യമായി സമ്മർദ്ദത്തിലാക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചേനെ എന്ന് ബാസിത് അലി കരുതുന്നു. ശ്രീലങ്കൻ സ്പിൻ നിരയ്ക്കെതിരെ ഇന്ത്യൻ ബാറ്റർമാർ എടുത്ത സമീപനങ്ങൾ വളരെ മോശമായിരുന്നു എന്നും ബാസിത് അലി കൂട്ടിച്ചേർത്തു.
“ശ്രേയസ് അയ്യരുടെ ശരാശരി 40ന് മുകളിലാണ് എന്നത് വസ്തുതയാണ്. പക്ഷേ സൂര്യകുമാർ യാദവ് ശ്രേയസ് അയ്യരെകാൾ 1000 മടങ്ങ് മികച്ച ക്രിക്കറ്ററാണ് എന്ന് ഓർക്കണം. ഇത്തരം സാഹചര്യങ്ങളിൽ നമുക്കാവശ്യം കൃത്യമായി സ്വീപ്പുകളും റിവേഴ്സ് സ്വീപ്പുകളും കളിക്കുന്ന ബാറ്റർമാരെയാണ്. ഒരുപക്ഷേ സൂര്യകുമാർ യാദവും ജയസ്വാളും ടീമിൽ ഉണ്ടായിരുന്നെങ്കിൽ ശ്രീലങ്കൻ സ്പിന്നർമാർക്കെതിരെ മികച്ച പോരാട്ടം നയിക്കാൻ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് സാധിച്ചേനെ.”- ബാസിത് അലി പറയുകയുണ്ടായി.
പരമ്പരയിൽ മോശം ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു ഇന്ത്യയ്ക്കായി ശ്രേയസ് അയ്യർ കാഴ്ചവച്ചത്. ആദ്യ മത്സരത്തിൽ 23 റൺസും രണ്ടാം മത്സരത്തിൽ 7 റൺസും അവസാന മത്സരത്തിൽ 8 റൺസുമാണ് ശ്രേയസ് അയ്യർ സ്വന്തമാക്കിയത്. മറുവശത്ത് സൂര്യകുമാർ യാദവ് തന്റെ ആദ്യ ക്യാപ്റ്റൻസി ദൗത്യത്തിൽ തന്നെ വമ്പൻ വിജയം സ്വന്തമാക്കിയിരുന്നു. 3-0 എന്ന നിലയ്ക്ക് ട്വന്റി20 പരമ്പരയിൽ ഇന്ത്യയെ വിജയിപ്പിക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചു. പരമ്പരയിൽ 3 മത്സരങ്ങളിൽ നിന്ന് 92 റൺസ് നേടിയ സൂര്യകുമാർ തന്നെയായിരുന്നു താരമായി മാറിയതും