“റൺവേട്ടക്കാരിൽ സച്ചിനെ മറികടക്കാൻ അവന് സാധിക്കും”, ഇംഗ്ലണ്ട് താരത്തെപറ്റി മൈക്കിൾ വോൺ.

ലോകക്രിക്കറ്റിൽ എക്കാലവും ഒരുപാട് റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുള്ള താരമാണ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. കാലാകാലങ്ങളിൽ മറ്റു ബാറ്റർമാരെ ഞെട്ടിക്കുന്ന പല നേട്ടങ്ങളും സച്ചിൻ ടെണ്ടുൽക്കർ സ്വന്തമാക്കിയിട്ടുണ്ട്. സച്ചിന്റെ റെക്കോർഡുകൾ മറികടക്കുക എന്നത് മറ്റു ബാറ്റർമാർക്കൊക്കെയും വലിയ വെല്ലുവിളി തന്നെയാണ്.

എന്നാൽ സച്ചിൻ ടെണ്ടുൽക്കറുടെ ടെസ്റ്റ് ക്രിക്കറ്റിലെ വലിയ റെക്കോർഡുകൾ മറികടക്കാൻ ഇംഗ്ലണ്ട് താരം ജോ റൂട്ടിന് സാധിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ. നിലവിൽ ടെസ്റ്റ് ക്രിക്കറ്റിലെ റൺവേട്ടക്കാരിൽ എട്ടാം സ്ഥാനം കയ്യടക്കാൻ ജോ റൂട്ടിന് സാധിച്ചിട്ടുണ്ട്. വിൻഡിസിനെതിരായ ടെസ്റ്റ് മത്സരത്തിനിടെയാണ് ജോ റൂട്ട് ഈ നേട്ടം സ്വന്തമാക്കിയത്.

വെസ്റ്റിൻഡീസ് ഇതിഹാസ താരം ശിവനരെയൻ ചന്ദ്രപ്പോളിനെ മറികടന്നാണ് ടെസ്റ്റ് ക്രിക്കറ്റിലെ റൺവേട്ടക്കാരിൽ എട്ടാം സ്ഥാനത്ത് ജോ റൂട്ട് എത്തിയത്. ഈ നേട്ടത്തിന് തൊട്ടു പിന്നാലെയാണ് മൈക്കിൾ വോൺ റൂട്ടിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയത്. “കേവലം കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ റൂട്ട് ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനായി മാറും. ഇങ്ങനെ മുന്നോട്ടു പോവുകയാണെങ്കിൽ സച്ചിൻ ടെണ്ടുൽക്കറെ മറികടക്കാൻ പോലും റൂട്ടിന് സാധിക്കും. ഇപ്പോൾ ബാറ്റർമാർ പണ്ടത്തെപ്പോലെ അശ്രദ്ധയോടെയല്ല മൈതാനത്ത് റൺസ് കണ്ടെത്തുന്നത്. വളരെ ബുദ്ധിപൂർവ്വം മൈതാനത്ത് കളിക്കാൻ അവർക്ക് സാധിക്കുന്നുണ്ട് എന്ന് ഞാൻ കരുതുന്നു.”- വോൺ പറഞ്ഞു.

ഇംഗ്ലണ്ടിന്റെ വിൻഡീസിനെതിരായ ട്രെൻഡ്ബ്രിഡ്ജ് ടെസ്റ്റിലാണ് ചരിത്രനേട്ടം റൂട്ട് സ്വന്തമാക്കിയത്. മത്സരത്തിൽ റൂട്ട് 178 പന്തുകളിൽ 122 റൺസാണ് സ്വന്തമാക്കിയത്. 10 ബൗണ്ടറികൾ റൂട്ടിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഇന്നിംഗ്സിൽ അർദ്ധസെഞ്ച്വറി സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് റൂട്ട് റെക്കോർഡ് മറികടന്നത്. എന്തായാലും വരും മത്സരങ്ങളിലും റൂട്ട് ഈ ഫോം തുടരുകയാണെങ്കിൽ മറ്റു പല റെക്കോർഡുകളും മറികടക്കാൻ റൂട്ടിന് സാധിക്കും എന്നാണ് കരുതുന്നത്.

ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ 11,940 റൺസാണ് ജോ റൂട്ട് സ്വന്തമാക്കിയിട്ടുള്ളത്. 11,953 റൺസ് ടെസ്റ്റ് ക്രിക്കറ്റിൽ സ്വന്തമാക്കിയിട്ടുള്ള ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയാണ് ലിസ്റ്റിൽ റൂട്ടിന്റെ മുൻപിലുള്ളത്. എന്നിരുന്നാലും ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടക്കുക എന്നത് ഇപ്പോഴും റൂട്ടിന് ബാലികേറാ മലയായി തന്നെ നിൽക്കുകയാണ്. മുൻപും പല താരങ്ങളും സച്ചിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോർഡ് മറികടക്കുമെന്ന് പ്രവചിച്ചിരുന്നുവെങ്കിലും പലർക്കും കരിയറിന്റെ ഒരു പ്രത്യേക ഭാഗത്ത് അടി തെറ്റുകയാണ് ഉണ്ടായത്.

Previous articleഎന്തുകൊണ്ട് ബുംയെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കുന്നില്ല? ഉത്തരവുമായി ഗൗതം ഗംഭീർ.
Next articleസഞ്ജുവിനെ അവഗണിക്കുന്നത് ആദ്യമായല്ലല്ലോ, ഇനിയും അത് തുടരും. തുറന്നടിച്ച് ഉത്തപ്പ.