ലോകക്രിക്കറ്റ് ആരാധകർ ഏവരും ഇപ്പോൾ വളരെ ആകാംക്ഷയോടെ നോക്കികാണുന്ന പരമ്പരകളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലങ്കൻ പര്യടനത്തിൽ ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുക . മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി :20 മത്സരങ്ങളും ഇന്ത്യൻ ടീം ലങ്കക്ക് എതിരെ കളിക്കുമ്പോൾ ഇന്ത്യൻ ആരാധകർ കാത്തിരിക്കുന്നത് ഇതിഹാസ താരം രാഹുൽ ദ്രാവിഡിന്റെ പരിശീലനത്തിൽ എപ്രകാരമാകും ഇന്ത്യൻ യുവ നിരയുടെ പ്രകടനമെന്നതാണ്. സീനിയർ താരങ്ങൾ പലരും ഇംഗ്ലണ്ടിൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നതിലാണ് യുവ താരങ്ങളെ ഉൾപെടുത്തിയ ടീം ശ്രീലങ്കയിലേക്ക് പറന്നത്.
എന്നാൽ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡിന് ചിലതൊക്കെ തെളിയിക്കാനുള്ള ഒരു അവസരമാണ് ഈ പരമ്പര എന്നും അഭിപ്രായപെടുകയാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ വി.വി.എസ്. ലക്ഷ്മൺ. മുൻപും പല തവണ ദ്രാവിഡ് തന്റെ കോച്ചിംഗ് മികവ് തെളിയിച്ചതാണ് എന്ന് വിശദീകരിച്ച ലക്ഷ്മൺ ഈ പരമ്പര അനേകം ഭാവി ഇന്ത്യൻ ടീമിലേക്കുള്ള മികച്ച ചാമ്പ്യൻ താരങ്ങളെ സൃഷ്ടിക്കാൻ ദ്രാവിഡിനെ സഹായിക്കുമെന്നാണ് ലക്ഷ്മൺ പ്രവചിക്കുന്നത്. “ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ ബെഞ്ച് കരുത്തിൽ രാഹുൽ ദ്രാവിഡ് കാണിച്ച പരിശ്രമം നമുക്ക് എല്ലാം അറിയാവുന്നതാണ് ഇനിയും ഭാവി ഇന്ത്യൻ ടീമിനെ നയിക്കുവാൻ കഴിവുള്ള ചാമ്പ്യൻ താരങ്ങളെ സൃഷ്ടിക്കുവാൻ ദ്രാവിഡിന് കഴിയുമെന്നാണ് എന്റെ വിശ്വാസം “ലക്ഷ്മൺ വാചാലനായി.
അതേസമയം നിലവിൽ ലങ്കയിൽ എത്തി പരിശീലനം നടത്തുന്ന ഇന്ത്യൻ ടീമിന്റെ സ്‌ക്വാഡിൽ യാതൊരുവിധ സമ്മർദ്ദം കാണുന്നില്ല എന്ന് വിശദമാക്കിയ മുൻ താരം ലക്ഷ്മൺ വരാനിരിക്കുന്ന രണ്ട് പരമ്പരകളും നിർണായകമാണ് എന്നും തുറന്ന് പറഞ്ഞു ” സമ്മർദ്ദം ഇല്ലാതെ ഈ പരമ്പരകളിൽ കളിക്കുവാൻ ഈ ടീമിന് സാധിക്കും. ദ്രാവിഡിനെ പോലെയൊരു വ്യക്തിയിൽ നിന്നും ലഭിക്കുന്ന ഓരോ അനുഭവവും പ്രധാനമാണ്. ടീമിന്റെ പരിശീലനത്തിൽ അടക്കം ദ്രാവിഡ് നൽകുന്ന നിർദേശങ്ങൾ കരിയറിൽ അവർക്ക് എല്ലാം ഗുണകരമാകും “താരം അഭിപ്രായം വ്യക്തമാക്കി.