“സ്വന്തം കഴിവിൽ വിശ്വസിച്ചാൽ ലോകത്തിലെ ഏറ്റവും മികച്ച താരമാവാൻ അവന് കഴിയും”. ഇന്ത്യൻ താരത്തെപറ്റി ഹസി.

വിമർശനങ്ങൾക്കിടയിലും ഇന്ത്യൻ ബാറ്റർ കെഎൽ രാഹുലിന് പിന്തുണ അറിയിച്ച് മുൻ ഓസ്ട്രേലിയൻ ഇതിഹാസ താരം മൈക്കിൾ ഹസി. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യയ്ക്കായി മോശം പ്രകടനങ്ങൾ കാഴ്ചവച്ചതിന് പിന്നാലെ രാഹുലിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിലടക്കം രാഹുലിന്റെ മനോഭാവത്തെ പലരും ചോദ്യം ചെയ്യുകയുണ്ടായി.

എന്നാൽ ഇത്തരത്തിൽ വരുന്ന വിമർശനങ്ങളെയൊന്നും രാഹുൽ കേൾക്കേണ്ട ആവശ്യമില്ല എന്നാണ് മൈക്കിൾ ഹസി പറയുന്നത്. സ്വന്തം കഴിവിൽ വിശ്വസിച്ചു മുൻപോട്ടു പോകാൻ സാധിച്ചാൽ രാഹുലിന് ഒരു മികച്ച താരമായി മാറാൻ സാധിക്കുമെന്നും ഹസി വിശ്വസിക്കുന്നു.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു രാഹുൽ പുറത്തെടുത്തത്. ഇതിന് ശേഷം ഇന്ത്യ അവസാന 2 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് രാഹുലിനെ ഒഴിവാക്കുകയും ചെയ്തു. ഇതുവരെ 53 ടെസ്റ്റ് മത്സരങ്ങൾ ഇന്ത്യൻ ടീമിനായി കളിച്ചിട്ടുള്ള രാഹുലിന്റെ ശരാശരി കേവലം 33.87 മാത്രമാണ്. ഇതിന് പിന്നാലെ വന്ന വിമർശനങ്ങളെ പറ്റിയാണ് ഹസി സംസാരിച്ചത്.

രാഹുലിന്റെ ക്ലാസിനെ പറ്റി എല്ലാവർക്കും കൃത്യമായ ബോധ്യമുണ്ടെന്നും, രാഹുൽ ഇപ്പോൾ വരുന്ന വിമർശനങ്ങൾക്കെതിരെ പ്രതികരിക്കാൻ നിൽക്കേണ്ടതില്ലയെന്നും ഹസി പറയുന്നു. തന്റെ പ്രകടനത്തിൽ മാത്രം പൂർണമായും ശ്രദ്ധിക്കുക എന്നതാണ് രാഹുലിന് ചെയ്യാൻ സാധിക്കുന്നത് എന്ന് ഹസി ചൂണ്ടിക്കാട്ടുന്നു.

“വളരെ മികച്ച ഒരു താരമാണ് രാഹുൽ എന്ന് എനിക്കറിയാം. സ്വന്തം കഴിവിനെയും സ്വന്തം കളിയെയും അവൻ വിശ്വസിക്കണം. ആത്മവിശ്വാസത്തോടെ തുടരാൻ വേണ്ടതെല്ലാം രാഹുൽ ചെയ്യണം. രാഹുലിന്റെ ക്ലാസ് എന്താണെന്ന് എല്ലാവർക്കും അറിയാം. പുറത്തുനിന്ന് വരുന്ന വിമർശനങ്ങളും മറ്റു ശബ്ദങ്ങളും അവനെ അലട്ടുന്നുണ്ട് എന്ന് ഞാൻ കരുതുന്നു. ഒരുപക്ഷേ അവന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉണ്ടാവാം. പക്ഷേ ആ ശബ്ദങ്ങളെല്ലാം അവൻ അവഗണിക്കുകയാണ് വേണ്ടത്. മാത്രമല്ല തന്റെ കളിയിലും തയ്യാറെടുപ്പിലും രാഹുൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കണം. ഇങ്ങനെ ചെയ്താൽ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി രാഹുലിന് മാറാൻ സാധിക്കും.”- ഹസി പറയുന്നു.

“ഓസ്ട്രേലിയക്കെതിരായ പരമ്പരയിലൂടെ രാഹുൽ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് എനിക്ക് ഉറപ്പാണ്. പരമ്പരയിലെ ആദ്യ മത്സരം മുതൽ മികച്ച റൺ കണ്ടെത്താൻ രാഹുലിന് സാധിക്കും. ബാക്കിയുള്ള മത്സരങ്ങളിലും രാഹുൽ ഈ ഫോം തുടരുകയും ചെയ്യും.”- ഹസി കൂട്ടിച്ചേർത്തു. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ രോഹിത് ശർമ കളിക്കില്ല എന്ന വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ രാഹുലിനെ ഇന്ത്യ ഓപ്പണറായി പരീക്ഷിക്കാനും സാധ്യതയുണ്ട്. ഇങ്ങനെയെങ്കിൽ രാഹുലിന് മുൻപിലേക്ക് വരുന്നത് വലിയ അവസരം തന്നെയാണ്. നവംബർ 22നാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

Previous article“സഞ്ജു, ഇജ്ജാതി ബാറ്റർ.”, തന്റെ നിലപാടിൽ മാറ്റം വരുത്തി ക്രിസ് ശ്രീകാന്ത്.
Next articleകോഹ്ലിയല്ല, 2025 ഐപിഎല്ലിലെ ബാംഗ്ലൂരിന്റെ നായകനാവുക ഈ താരം.