ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ മത്സരത്തിലെ വിരാട് കോഹ്ലിയുടെ ഇന്നിംഗ്സിനെ അഭിനന്ദിച്ചുകൊണ്ട് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന രംഗത്ത്. നിലവിൽ വിരാട് കോഹ്ലി വളരെ മികച്ച ഫോമിലാണ് ഉള്ളതെന്നും, അത് ഇന്ത്യയ്ക്ക് കൂടുതൽ കരുത്ത് പകരുന്നു എന്നുമാണ് സുരേഷ് റെയ്ന പറഞ്ഞത്. ഉത്തരവാദിത്വങ്ങൾ തന്റെതാക്കി മാറ്റുന്നതിൽ വിരാട് കോഹ്ലി മികച്ച താരമാണ് എന്ന് റെയ്ന പറയുന്നു. ഒപ്പം മത്സരത്തിലെ ജഡേജയുടെ പ്രകടനത്തെയും സുരേഷ് റെയ്ന അഭിനന്ദിക്കുകയുണ്ടായി. ന്യൂസിലാൻഡിനെതിരായ മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിന് ശേഷമാണ് റെയ്ന പ്രസ്താവന നടത്തിയത്.
“വിരാട് കോഹ്ലി ഇപ്പോൾ വേറൊരു തലത്തിലാണ് ഉള്ളത്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് കോഹ്ലി ഇപ്പോൾ കളിക്കുന്നത്. മാത്രമല്ല അയാൾ തന്റെ ബാറ്റിംഗ് അങ്ങേയറ്റം ആസ്വദിക്കുകയും ചെയ്യുന്നു. ഒപ്പം ഉത്തരവാദിത്വങ്ങൾ തന്റേതാക്കി മാറ്റുന്നു. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ വിരാട് കോഹ്ലി ചെയ്ത ഏറ്റവും മികച്ച കാര്യം രവീന്ദ്ര ജഡേജയ്ക്കൊപ്പമുള്ള കൂട്ടുകെട്ട് തന്നെയാണ്. ജഡേജയും മത്സരത്തിൽ റൺസ് കണ്ടെത്തുകയുണ്ടായി. വിരാട് കോഹ്ലിയിൽ നിന്ന് ഇത്തരത്തിൽ ഒരു വലിയ ആത്മവിശ്വാസം ജഡേജയ്ക്കും ആവശ്യമായിരുന്നു.”- റെയ്ന പറഞ്ഞു.
“മത്സരത്തിൽ ജഡേജ റൺസ് കണ്ടെത്തുകയും ഫിനിഷ് ചെയ്യുകയും ചെയ്തിരുന്നു. വിജയറൺ നേടിയ ശേഷമാണ് ജഡേജ മടങ്ങിയത്. വലിയ ഷോട്ടുകൾ കളിക്കേണ്ട സാഹചര്യത്തിൽ അതിന് സാധിക്കുന്ന ഒരു കളിക്കാരനാണ് ജഡേജ. നിലവിൽ ഇന്ത്യ ഏത് സമയത്ത് പ്രതിസന്ധിയിലായാലും വിരാട് കോഹ്ലി ആ ദൗത്യം ഏറ്റെടുത്ത് ടീമിനെ വിജയിപ്പിക്കുന്നു. ഇപ്പോൾ ഒരുപാട് തവണ കോഹ്ലി ഇത് ചെയ്തിട്ടുണ്ട്. കോഹ്ലിയുടെ ആത്മവിശ്വാസവും ശാന്തതയും മത്സര ബോധവുമൊക്കെ അവിശ്വസനീയം തന്നെയാണ്.”- റെയ്ന കൂട്ടിച്ചേർക്കുന്നു.
മത്സരത്തിലെ രോഹിത് ശർമയുടെ ഇന്നിംഗ്സിനെ പറ്റിയും റെയ്ന സംസാരിക്കുകയുണ്ടായി. “രോഹിത് ശർമയുടെ മത്സരങ്ങളിലെ ആറ്റിട്യൂഡും ബാറ്റിംഗ് സ്റ്റൈലും ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ മാറ്റ് ഹെൻറിക്കെതിരെ കൃത്യമായ ഡോമിനേഷൻ രോഹിത് നടത്തുകയുണ്ടായി. രോഹിത്തിന് അത്തരം ആക്രമണങ്ങൾ ഇഷ്ടമാണ്. മത്സരത്തിൽ ക്രീസിന് പുറത്തേക്കിറങ്ങിയാണ് രോഹിത് ബോളർമാരെ നേരിട്ടത്. അത് വളരെ നല്ലൊരു കാര്യമാണ്. പേസ് ബോളർമാരുടെ ലൈൻ തെറ്റാൻ ഇതൊരു കാരണമാവും. രോഹിത്തും നിലവിൽ മികച്ച ഫോമിലാണ്. നല്ല ഷോട്ടുകൾ കളിക്കാൻ രോഹിത്തിനും സാധിക്കുന്നുണ്ട്.”- റെയ്ന പറഞ്ഞു.