ശ്രീലങ്കക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്ക് ഓപ്പണർമാരെ നഷ്ടമായി എങ്കിലും പിന്നീട് എത്തിയ ഹനുമാ വിഹാരിയുടെ അർദ്ധ സെഞ്ച്വറി പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിന് മുൻപിൽ രക്ഷകനായി അവതരിക്കുകയായിരുന്നു. പൂജാരയുടെ അഭാവത്തിൽ മൂന്നാമത്തെ നമ്പറിൽ എത്തിയ വിഹാരി ഇന്ത്യൻ ഇന്നിങ്സിലെ പുതിയ വന്മതിൽ താൻ എന്നും തെളിയിക്കുന്ന പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്.128 ബോളിൽ നിന്നും 5 ഫോർ അടക്കം 58 റൺസ് അടിച്ചാണ് താരം പുറത്തായത്. എന്നാൽ താരം മൂന്നാം നമ്പറിൽ പുത്തൻ റോളുമായി എത്തുമ്പോൾ രസകരമായ ഒരു അനുഭവം വിശദമാക്കുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ ഫീല്‍ഡിങ് പരിശീലകനായ ആര്‍ ശ്രീധര്‍.
2019ല്‍ ഇന്ത്യയില്‍ നടന്ന നിർണായക ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കിടയിൽ തന്നെ ഒഴിവാക്കണമെന്ന് ഹനുമ വിഹാരി പറഞ്ഞത് ഓർത്തെടുക്കുകയാണ് ഇപ്പോൾ ആർ. ശ്രീധർ.സൗത്താഫ്രിക്കക്ക് എതിരായ ഒന്നാം ടെസ്റ്റിൽ സെഞ്ച്വറി അടിച്ച് കയ്യടികൾ നേടിയ ശേഷമാണ് ഹനുമാ വിഹാരി വിചിത്രമായ ഒരു ആവശ്യവുമായി ഫീൽഡിങ് കോച്ചിന്റെ അരികിലേക്ക് എത്തിയത്.ടോപ് ഫൈവ് ബാറ്റ്സ്മാന്‍മാര്‍ ഫോമിലുള്ളപ്പോള്‍, തന്നെ വരാനിരിക്കുന്ന രണ്ടാം ടെസ്റ്റിലേക്ക് പരിഗണിക്കേണ്ട എന്നാണ് വിഹാരി ആവശ്യം തുറന്ന് പറഞ്ഞത്.
“2019ലെ സൗത്താഫ്രിക്കൻ പരമ്പര നടക്കുമ്പോൾ തന്നെയാണ് ഈ ഒരു സംഭവം. ഒന്നാം ടെസ്റ്റിൽ സെഞ്ച്വറി നേടി അവൻ തിളങ്ങിയിരുന്നു. എന്നാൽ രണ്ടാം ടെസ്റ്റ് ആരംഭിക്കും മുൻപായി അവൻ എന്റെ അരികിലേക്ക് എത്തി ഇക്കാര്യം വ്യക്തമാക്കി. ടീമിലെ ടോപ് ഫൈവ് ബാറ്റ്‌സ്മാന്മാർ എല്ലാം വളരെ മികച്ച ഫോമിലാണ് അതിനാൽ തന്നെ ഒരു എക്സ്ട്രാ ബൗളർക്ക് അവസരം നൽകിയാൽ അതാകും ടീമിന് ഏറെ ഗുണകരമാകുക.
അതിനാൽ എന്നെ ഒഴിവാക്കിക്കോ. ഇപ്രകാരം വിഹാരി എന്നോട് പറഞ്ഞു.ഒരുവേള അവന്റെ ഈ വാക്കുകൾ ശരിയായിരുന്നു. രണ്ടാം ടെസ്റ്റിൽ ഞങ്ങൾ വിഹാരിക്ക് പകരം ഉമേഷ് യാദവിന് അവസരം നൽകി “മുൻ ഫീൽഡിങ് കോച്ച് വെളിപ്പെടുത്തി