ഇനി വരുന്ന വർഷങ്ങൾ അവന്റേതാണ്. ഇന്ത്യൻ യുവതാരത്തെപറ്റി ഓസീസ് ലെജൻഡ് പറയുന്നു.

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച തുടക്കം തന്നെയാണ് ഗുജറാത്ത് ടൈറ്റൻസ് ടീമിന് ലഭിച്ചിരിക്കുന്നത്. 2022ലെ ഐപിഎൽ ചാമ്പ്യൻമാരായ ഗുജറാത്ത് അതിശക്തമായ പ്രകടനങ്ങൾ ആണ് ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്. ഇതിൽ പ്രധാനമായും എടുത്തു പറയാനുള്ളത് ശുഭമാൻ ഗില്ലിന്റെ പ്രകടനമാണ്. ഗുജറാത്തിന്റെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ഒരു വമ്പൻ ബാറ്റിംഗ് പ്രകടനം തന്നെ ഗില്‍ കാഴ്ച വയ്ക്കുകയുണ്ടായി. മത്സരത്തിൽ 154 റൺസായിരുന്നു ഗുജറാത്തിന് മുൻപിലുള്ള വിജയലക്ഷ്യം. 49 പന്തുകളിൽ 67 റൺസെടുത്ത ശുഭമാൻ ഗില്ലിന്റെ തകർപ്പൻ ബാറ്റിംഗിന്റെ ബലത്തിലായിരുന്നു ഗുജറാത്ത് വിജയം കണ്ടത്. ഗില്‍ വരുംസമയത്ത് ലോക ക്രിക്കറ്റിൽ ഏറ്റവുമധികം ആഘോഷിക്കപ്പെടാൻ പോകുന്ന ക്രിക്കറ്ററാണ് എന്നാണ് മുൻ ഓസ്ട്രേലിയൻ താരം മാത്യു ഹെയ്ഡൻ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

ഗില്ലിന്റെ 2023 ഐപിഎല്ലിലെ ഇന്നിംഗ്സുകളുടെ അടിസ്ഥാനത്തിലാണ് ഹെയ്ഡന്റെ പ്രസ്താവന. പഞ്ചാബിനെതിരായ മത്സരത്തിൽ ഗുജറാത്തിന് ആവശ്യമായത് മധ്യഓവറുകളിൽ വിക്കറ്റിന് കാവലാവാൻ സാധിക്കുന്ന ഒരു ബാറ്ററെ ആയിരുന്നുവെന്നും, ഗിൽ അത് ഉത്തമമായി നിർവഹിച്ചുവന്നുമാണ് ഹെയ്‌ഡൻ പറയുന്നത്. “ഗുജറാത്തിന് ആവശ്യം ഉത്തരവാദിത്തമുള്ള ഒരു ബാറ്ററെയായിരുന്നു. പഞ്ചാബിന്റെ മികച്ച ബോളിംഗ് അറ്റാക്കിനെതിരെ കുറച്ചധികം സമയം ക്രീസിൽ തുടരുന്ന ഒരു ബാറ്ററെ അവർക്ക് അനിവാര്യമായിരുന്നു. അതാണ് ഗിൽ മത്സരത്തിൽ ചെയ്തത്. അയാൾ മത്സരത്തിൽ കളിച്ച ചില ഷോട്ടുകൾ കണ്ണിന് കുളിർമയേകുന്നതാണ്. അയാൾ ഒരു ക്ലാസ് പ്ലെയറാണ്. അടുത്ത വർഷങ്ങളിൽ ലോക ക്രിക്കറ്റിൽ ഒരുപാട് ആഘോഷിക്കപ്പെടാൻ പോകുന്ന ക്രിക്കറ്ററാണ് ശുഭമാൻ ഗിൽ”- ഹെയ്ഡൻ പറഞ്ഞു.

20230413 231445

വളരെ മികച്ച തുടക്കം തന്നെയാണ് 2023 ഐപിഎല്ലിൽ ഗില്ലിന് ലഭിച്ചിട്ടുള്ളത്. തന്റെ അഞ്ചാമത്തെ ഐപിഎൽ സീസണാണ് ശുഭമാൻ ഗിൽ കളിക്കുന്നത്. ഇതുവരെ നാലു മത്സരങ്ങൾ ഈ സീസണിൽ കളിച്ച ഗിൽ 183 റൺസ് നേടുകയുണ്ടായി. 45.75 ആണ് ഗില്ലിന്റെ ശരാശരി. മാത്രമല്ല 141 സ്ട്രൈക്ക് റേറ്റിലാണ് ഈ നേട്ടങ്ങൾ ഗിൽ കൊയ്തിരിക്കുന്നത്. നിലവിലെ ഗുജറാത്ത് ടൈറ്റൻസ് ടീമിലെ ടോപ്പ് റൺസ്കോററാണ് ഗിൽ.

കഴിഞ്ഞ സീസണിലും ഗുജറാത്തിനായി തകർപ്പൻ പ്രകടനങ്ങളായിരുന്നു ഗിൽ കാഴ്ചവച്ചത്. ഓറഞ്ച് ക്യാപ്പ് മത്സരത്തിൽ അഞ്ചാം സ്ഥാനത്തായിരുന്നു ഗിൽ കഴിഞ്ഞ സീസണിൽ ഫിനിഷ് ചെയ്തത്. 2022ൽ 16 ഐപിഎൽ മത്സരങ്ങൾ കളിച്ച ഗിൽ 483 റൺസ് നേടുകയുണ്ടായി. ഗുജറാത്തിന്റെ നായകൻ ഹർദിക്ക് പാണ്ട്യ 15 മത്സരങ്ങളിൽ നിന്ന് 487 റൺസ് നേടി നാലാം സ്ഥാനത്ത് ലിസ്റ്റിൽ ഉണ്ടായിരുന്നു. 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിലും ഇതേ രീതിയിൽ മികവാർന്ന ബാറ്റിംഗ് പ്രകടനങ്ങൾ ഗിൽ കാഴ്ചവയ്ക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

Previous articleബ്രുക്കിന്റെ ഷോയിൽ കൊൽക്കത്ത വീണു. 23 റണ്‍സ് വിജയം.
Next articleന്യൂസിലന്‍റിനെ എറിഞ്ഞിട്ടു. തകര്‍പ്പന്‍ വിജയവുമായി പാക്കിസ്ഥാന്‍.