ബ്രുക്കിന്റെ ഷോയിൽ കൊൽക്കത്ത വീണു. 23 റണ്‍സ് വിജയം.

20230414 231346

ഇന്ത്യൻ പ്രീമിയർ ലീഗിലെ കൊൽക്കത്തക്കെതിരായ മത്സരത്തിൽ ഒരു വമ്പൻ വിജയം നേടി സൺറൈസേഴ്സ് ഹൈദരാബാദ്. 2023 ഐപിഎല്ലിലെ ആദ്യ സെഞ്ച്വറി കണ്ട മത്സരത്തിൽ 23 റൺസിന്റെ വിജയമാണ് ഹൈദരാബാദ് നേടിയത്. മത്സരത്തിൽ ഹാരി ബ്രുക്കിന്റെ തകർപ്പൻ വെടിക്കെട്ട് ആയിരുന്നു ഹൈദരാബാദിനെ വിജയത്തിലെത്തിച്ചത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും വമ്പൻ പ്രകടനങ്ങൾ കാട്ടാതിരുന്ന ഹരി ബ്രുക്കിന്റെ ഒരു തിരിച്ചുവരവാണ് മത്സരത്തിൽ കണ്ടത്. എല്ലാത്തരത്തിലും കൊൽക്കത്തൻ ടീമിന് മുകളിൽ ആധിപത്യം സ്ഥാപിക്കാൻ മത്സരത്തിൽ ഹൈദരാബാദിന് സാധിച്ചു.

ഈഡൻ ഗാർഡൻസിൽ ടോസ് നേടിയ കൊൽക്കത്ത ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ വളരെ മികച്ച തുടക്കം തന്നെയാണ് ഹൈദരാബാദിന് ലഭിച്ചത്. ഒരുവശത്ത് ഹൈദരാബാദിന്റെ വിക്കറ്റുകൾ വീഴാൻ തുടങ്ങിയെങ്കിലും മറുവശത്ത് ഹാരി ബ്രുക്ക് അടിച്ചു തകർക്കുകയുണ്ടായി. ആദ്യ ഓവറുകളിൽ തന്നെ ബ്രുക്ക് തന്റെ ആധിപത്യം മത്സരത്തിൽ സ്ഥാപിച്ചു. മത്സരത്തിൽ 55 പന്തുകൾ നേരിട്ട ബ്രുക്ക് സെഞ്ച്വറി കരസ്ഥമാക്കുകയുണ്ടായി. 2023 ഐപിഎല്ലിലെ ആദ്യ സെഞ്ച്വറിയാണ് ബ്രുക്ക് മത്സരത്തിൽ നേടിയത്. ഇന്നിംഗ്സിൽ 12 ബൗണ്ടറികളും 3 സിക്സളുമായിരുന്നു ഉൾപ്പെട്ടത്. ഒപ്പം 26 പന്തുകളിൽ 50 റൺസ് നേടിയ മാക്രവും 17 പന്തുകളിൽ 32 റൺസ് നേടിയ അഭിഷേക് ശർമയും അവസാന ഓവറുകളിൽ നിറഞ്ഞാടിയതോടെ ഹൈദരാബാദ് 228 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു.

Read Also -  "കോഹ്ലി ദേഷ്യപെട്ടതിൽ തെറ്റില്ല. അക്കാര്യത്തിൽ ഞങ്ങൾ കരുതിയ ഫലമല്ല കിട്ടിയത്"- പിന്തുണയുമായി ഡുപ്ലസിസ്.

മറുപടി ബാറ്റിംഗിൽ അപ്രതീക്ഷിതമായ തുടക്കം തന്നെയാണ് കൊൽക്കത്താ നൈറ്റ് റൈഡേഴ്സിന് ലഭിച്ചത്. ഓപ്പണർ ഗുർബാസിനെയും(0) വെങ്കിടേഷ് അയ്യരെയും(10) സുനിൽ നരേനെയും(0) കൊൽക്കത്തയ്ക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. മൂന്നാം വിക്കറ്റിൽ ജഗദീശ്വരനും(36) നിതീഷ് റാണയും ചേർന്ന് മികച്ച കൂട്ടുകെട്ട് കൊൽക്കത്തയ്ക്ക് നൽകി. നിതീഷ് റാണ മത്സരത്തിൽ 41 പന്തുകളിൽ 75 റൺസ് ആണ് നേടിയത്. അഞ്ചു ബൗണ്ടറികളും ആറു പടുകൂറ്റൻ സിക്സറുകളും റാണ നേടുകയുണ്ടായി. ശേഷം കഴിഞ്ഞ മത്സരത്തിലെ ഹീറോയായ റിങ്കുസിംഗ് ആണ് കൊൽക്കത്തയ്ക്കായി പൊരുതിയത്. റിങ്കു സിംഗ് മത്സരത്തിൽ 31 പന്തുകളിൽ 58 റൺസ് ആണ് നേടിയത്

മത്സരത്തിൽ 23 റൺസിന്റെ പരാജയമാണ് കൊൽക്കത്തയ്ക്ക് നേരിടേണ്ടിവന്നത്. ഹൈദരാബാദിനെ സംബന്ധിച്ച് വളരെ ആശ്വാസം നൽകുന്ന വിജയമാണിത്. 2023 ഐപിഎല്ലിൽ അത്ര മികച്ച തുടക്കമായിരുന്നില്ല ഹൈദരാബാദിന് ലഭിച്ചത്. എന്നാൽ കൃത്യസമയത്ത് തങ്ങളുടെ സ്റ്റാർ ബാറ്റർ ഫോമിലേക്ക് തിരിച്ചെത്തിയത് അവർക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്.

Scroll to Top