ഭാര്യയെ സന്തോഷിപ്പിക്കാന്‍ ക്യാച്ച് നഷ്ടപ്പെടുത്തി. പാക്ക് താരത്തിനെതിരെ സൈബര്‍ ആക്രമണം.

ഒരു ബൗളര്‍ എന്ന നിലയിലും ഫീല്‍ഡര്‍ എന്ന നിലയിലും പാകിസ്ഥാന്‍ താരം ഹസന്‍ അലി മറക്കാന്‍ ആഗ്രഹിക്കുന്ന ദിവസമാണ് ഓസ്ട്രേലിയക്കെതിരെ നടന്ന സെമിഫൈനല്‍. 4 ഓവറില്‍ 44 റണ്‍ ഹസ്സന്‍ അലി വിട്ടുകൊടുത്തപ്പോള്‍ ഫീല്‍ഡിങ്ങില്‍ മാത്യൂ വേയ്ഡിന്‍റെ ക്യാച്ച് നഷ്ടപ്പെടുത്തി. ജീവന്‍ തിരിച്ചു കിട്ടിയതിനു ശേഷമായിരുന്നു മാത്യൂ വേയ്ഡിന്‍റെ ഫിനിഷിങ്ങ് പ്രകടനം കണ്ടത്.

മത്സരം പാകിസ്ഥാന്‍ 5 വിക്കറ്റിന് തോറ്റതോടെ സാമൂഹിക മാധ്യമങ്ങളില്‍ പാക് ആരാധകരിലെ ഒരു വിഭാഗം ഹസന്‍ അലിക്ക് നേരെ തിരിഞ്ഞു. മത്സരത്തിന്റെ നിര്‍‌ണായക നിമിഷത്തില്‍ മാത്യു വെയ്ഡിന്റെ ക്യാച്ച്‌ പാഴാക്കിയ പാകിസ്ഥാന്‍ പേസര്‍ ഹസന്‍ അലിയെയാണ് ടീമിന്റെ തോല്‍വിക്ക് കാരണമായി ആരാധകര്‍ കുരിശിലേറ്റുന്നത്. അതിന് കാരണം എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറായ ഹസന്‍ അലിയുടെ ഭാര്യ സാമിയ അര്‍സൂവാണ്. സാമിയ ഇന്ത്യക്കാരിയാണെന്നതാണ് പാകിസ്ഥാന്‍ ആരാധകരെ ഇത്രയേറെ ദേഷ്യം പിടിപ്പിക്കുന്നത്. 2019-ല്‍ ദുബായില്‍ വച്ചാണ് ഹസന്‍ അലി സാമിയയെ വിവാഹം കഴിക്കുന്നത്.

താരത്തിനെതിരെ വിദ്വേഷ കമന്റുകള്‍ നിറയുകയാണ്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലാണ് അധിക്ഷേപം. അദ്ദേഹത്തിന്റെ ഭാര്യ ഇന്ത്യക്കാരിയായതുകൊണ്ടാണ് റണ്‍വിട്ടുനല്‍കിയതെന്ന് പോലും പാകിസ്ഥാന്‍ ആരാധകര്‍ പറയുന്നുണ്ട്.

അവസാന രണ്ട് ഓവറില്‍ 22 റണ്‍സാണ് ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 19-ാം ഓവര്‍ എറിയാനെത്തിയ ഷഹീന്‍ അഫ്രീദിക്കെതിരെ തുടര്‍ച്ചയായ 3 സിക്സ് പറത്തിയാണ് മാത്യൂ വേഡ് ഓസീസിനെ വിജയത്തില്‍ എത്തിച്ചത്.