ലോക ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ വലിയ വിപ്ലവമായി മാറിയ ടൂർണ്ണമെന്റാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഒരുപാട് യുവ താരങ്ങൾക്ക് ദേശീയ ടീമിലേക്ക് എത്താൻ അവസരം ലഭിച്ചത് ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ ആയിരുന്നു. എന്നാൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ മൂലം നിലവിൽ പാക്കിസ്ഥാൻ താരങ്ങൾക്ക് ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ അവസരം ലഭിക്കാറില്ല.
എന്നാൽ എല്ലാ പാക്കിസ്ഥാൻ താരങ്ങൾക്കും ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ ആഗ്രഹമുണ്ട് എന്നാണ് പാക്കിസ്ഥാന്റെ പേസ് ബോളർ ഹസ്സൻ അലി പറഞ്ഞിരിക്കുന്നത്. അവസരം ലഭിക്കുകയാണെങ്കിൽ തങ്ങൾക്ക് എല്ലാവർക്കും ഐപിഎല്ലിൽ കളിക്കാൻ താല്പര്യമുണ്ട് എന്ന് അലി പറഞ്ഞു.
2008ലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസണിൽ പാക്കിസ്ഥാൻ താരങ്ങൾ ഫ്രാഞ്ചൈസികളിൽ അണിനിരന്നിരുന്നു. ശുഐബ് അക്ബർ, മുഹമ്മദ് ഹഫീസ്, സൽമാൻ ബട്ട്, കമ്രാൻ അക്മൽ, തൻവീർ തുടങ്ങി ഒരുപാട് താരങ്ങൾ അന്ന് ഐപിഎല്ലിലെ പ്രധാന സാന്നിധ്യമായിരുന്നു. എന്നാൽ ശേഷം 2009ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ കുറച്ചുകൂടി മോശമാവുകയും പാക്കിസ്ഥാൻ താരങ്ങളെ ഒഴിവാക്കുകയുമാണ് ചെയ്തത്.
2023 ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ ടീമിലെ അംഗമായിരുന്ന ഹസൻ അലി പറയുന്നത്, ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ ലീഗുകളിൽ ഒന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് എന്നാണ്. അതുകൊണ്ടുതന്നെ ഐപിഎല്ലിൽ കളിക്കുക എന്നത് എല്ലാ പാക്കിസ്ഥാൻ താരങ്ങളുടെയും സ്വപ്നമാണ് എന്നും ഹസ്സൻ അലി പറഞ്ഞു.
“എല്ലാ കളിക്കാർക്കും ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കണമെന്ന് ആഗ്രഹമുണ്ട്. എനിക്കും അവിടെ കളിക്കണമെന്ന് മനസ്സിലുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ലീഗുകളിൽ ഒന്നാണ് ഐപിഎൽ. ഭാവിയിൽ എപ്പോഴെങ്കിലും എനിക്കൊരു അവസരം ലഭിച്ചാൽ ഞാൻ ഉറപ്പായും ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കും.”- ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഹസൻ അലി പറയുകയുണ്ടായി. 2023 ഏകദിന ലോകകപ്പിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല ഹസ്സൻ അലി കാഴ്ചവെച്ചത്. പാക്കിസ്ഥാനായി 6 മത്സരങ്ങൾ കളിച്ച അലി 9 വിക്കറ്റുകൾ മാത്രമാണ് നേടിയത്. 6.29 എന്ന ശരാശരിയിലാണ് ഹസ്സൻ അലിയുടെ വിക്കറ്റ് നേട്ടം.
പാകിസ്താന്റെ ലീഗ് ക്രിക്കറ്റായ പിഎസ്എല്ലിൽ വളരെ മികച്ച പ്രകടനങ്ങളാണ് ഹസ്സൻ അലി പുറത്തെടുത്തിട്ടുള്ളത്. നിലവിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ ഏറ്റവും ഉയർന്ന രണ്ടാം വിക്കറ്റ് വേട്ടക്കാരനാണ് ഹസൻ അലി. ഇതുവരെ 72 സൂപ്പർ ലീഗ് മത്സരങ്ങളിൽ നിന്ന് 94 വിക്കറ്റുകൾ സ്വന്തമാക്കാൻ ഹസൻ അലിക്ക് സാധിച്ചിട്ടുണ്ട്. ശേഷമാണ് അലി ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാനുള്ള തന്റെ താല്പര്യം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.