“മാക്സ്വൽ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർ”.. തടുക്കാനാവില്ല എന്ന് മാത്യു വെയ്ഡ്.

d1f8ce37 b23c 42c1 8d37 e1da383df223

ഇന്ത്യക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഒരു ശക്തമായ പ്രകടനം തന്നെയായിരുന്നു ഓസ്ട്രേലിയ കാഴ്ചവച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 222 എന്ന ശക്തമായ സ്കോർ സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ തുടക്കത്തിൽ പതറിയെങ്കിലും മാക്സ്വെല്ലിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ ബലത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു.

ഒരു ഓസ്ട്രേലിയൻ താരത്തിന്റെ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി മത്സരത്തിൽ മാക്സ്വെൽ കുറിക്കുകയുണ്ടായി. 8 ബൗണ്ടറികളും 8 സിക്സറുകളും അടങ്ങിയതായിരുന്നു മാക്സ്വെല്ലിന്റെ ഈ തകർപ്പൻ ഇന്നിങ്സ്.  മത്സരശേഷം മാക്സ്വെല്ലിനെ പ്രശംസിച്ചുകൊണ്ട് ഓസ്ട്രേലിയൻ നായകൻ മാത്യു വെയ്ഡ് സംസാരിച്ചു.

ട്വന്റി20 ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച കളിക്കാരനാണ് മാക്സ്വെൽ എന്ന് മാത്യു വെയ്ഡ് പറയുകയുണ്ടായി. “ഇതിലും വലിയ വിജയം ഉണ്ടാവുമെന്ന് നമുക്ക് കരുതാൻ സാധിക്കില്ല. ഞങ്ങളുടെ ഏറ്റവും മികച്ചതാണ് മത്സരത്തിൽ കണ്ടത്. അത് ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരനിൽ നിന്നുമുണ്ടായി.”- മാത്യു വെയ്ഡ് പറഞ്ഞു. മത്സരത്തിൽ 47 പന്തുകളിൽ നിന്നായിരുന്നു മാക്സ്വെൽ തന്റെ സെഞ്ച്വറി സ്വന്തമാക്കിയത്. അവസാന പന്തിൽ ബൗണ്ടറി നേടിയാണ് മാക്സ്വെൽ ഓസ്ട്രേലിയയെ വിജയത്തിൽ എത്തിച്ചത്. മത്സരത്തിലെ വിജയം എത്രമാത്രം നിർണായകമായിരുന്നു എന്നും മാത്യു വെയ്ഡ് കൂട്ടിച്ചേർത്തു.

Read Also -  "റൺവേട്ടക്കാരിൽ സച്ചിനെ മറികടക്കാൻ അവന് സാധിക്കും", ഇംഗ്ലണ്ട് താരത്തെപറ്റി മൈക്കിൾ വോൺ.

“എന്റെ മനസ്സിൽ ഒരുപാട് ആത്മവിശ്വാസം ഉണ്ടായിരുന്നു എന്ന് ഞാൻ പറയുന്നില്ല. പക്ഷേ ചെയ്സ് ചെയ്യുന്ന മത്സരങ്ങളിൽ ഇത്തരത്തിൽ ഞങ്ങൾക്ക് നന്നായി ബാറ്റ് ചെയ്യാൻ സാധിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. ബോളിംഗ് സമയത്ത് 5 ഓവറുകൾ അവശേഷിക്കെ നിർഭാഗ്യവശാൽ റിച്ചാർഡ്സന് പരിക്കേൽക്കുകയുണ്ടായി. ഇത് ഞങ്ങളെ അല്പം പിന്നിലേക്കടിച്ചു. ഞങ്ങൾക്ക് ഒരു ബോളർ കുറവായിരുന്നു. അതിനാലാണ് അവസാന ഓവർ മാക്സ്വെല്ലിന് ബോൾ ചെയ്യാൻ അവസരം നൽകിയത്.”- വെയ്ഡ് കൂട്ടിച്ചേർക്കുന്നു. അടുത്ത മത്സരത്തിലും തങ്ങളെ സംബന്ധിച്ച് വിജയം സ്വന്തമാക്കേണ്ടത് അത്യാവശ്യമാണ് എന്നും വെയ്ഡ് പറഞ്ഞു.

“ഞങ്ങൾക്ക് ഈ വിജയം വളരെ അത്യാവശ്യമായിരുന്നു. ഞങ്ങളുടെ സ്ക്വാഡിൽ നിന്ന് ഒരുപാട് താരങ്ങൾ തിരികെ നാട്ടിലേക്ക് തിരിക്കുകയാണ്. അതിനാൽ തന്നെ യുവ താരങ്ങളുടെ മുൻപിലേക്ക് കുറച്ച് അവസരങ്ങൾ ഞങ്ങൾക്ക് വയ്ക്കേണ്ടതുണ്ട്. മറ്റൊരു വിജയം കൂടി അടുത്ത മത്സരത്തിൽ സ്വന്തമാക്കി പരമ്പര അവസാന മത്സരത്തിലേക്ക് എത്തിക്കാൻ സാധിക്കും എന്നാണ് ഞങ്ങൾ കരുതുന്നത്.”- വെയ്ഡ് പറഞ്ഞു വെക്കുന്നു. ഡിസംബർ ഒന്നിന് റായ്പൂരിലാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ നാലാം ട്വന്റി20 മത്സരം നടക്കുന്നത്. ശേഷം ബാംഗ്ലൂരിൽ അവസാന മത്സരം നടക്കും. അടുത്ത മത്സരത്തിൽ വിജയം നേടി പരമ്പര സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

Scroll to Top