അന്താരാഷ്ട്ര ക്രിക്കറ്റിലെ മറ്റൊരു സുവർണ്ണ വർഷം കൂടി വിട പറയുകയാണ് കോവിഡ് മഹാമാരിയുടെ അതിരൂക്ഷ വ്യാപനം ഉയർത്തിയ എല്ലാ ഭീക്ഷണികളും നേരിട്ടാണ് ക്രിക്കറ്റ് പരമ്പരകളും ടി :20 ലോകകപ്പ് അടക്കം ഈ വർഷം നടന്നത്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷൻ പുരോഗമിക്കുമ്പോൾ എല്ലാ ടീമുകൾക്കും ഇനിയുള്ള ടെസ്റ്റ് മത്സരങ്ങളെല്ലാം ജീവന്മരണ പോരാട്ടം തന്നെയാണ്. അതേസമയം പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കിവീസ് ടീമിനോട് തോൽവി വഴങ്ങിയെങ്കിലും ഇന്ത്യക്ക് 2021ൽ ഓസ്ട്രേലിയ,ഇംഗ്ലണ്ട് എന്നിവരെ അവരുടെ മണ്ണിൽ ടെസ്റ്റ് പരമ്പരയിൽ വീഴ്ത്താനായി സാധിച്ചു. ടെസ്റ്റ് ഫോർമാറ്റിൽ അജയ്യരായ പ്രമുഖ താരങ്ങൾ പലരും ഈ വർഷം പൂർണ്ണ നിരാശയാണ് സമ്മാനിച്ചതെങ്കിലും ജോ റൂട്ട് അടക്കം കാഴ്ചവെച്ച സ്ഥിരതയാർന്ന പ്രകടനം കയ്യടികൾ നേടി.
എന്നാൽ ഇപ്പോൾ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഈ വർഷത്തെ ടെസ്റ്റ് ഇലവനെ പ്രഖ്യാപിക്കുകയാണ് പ്രമുഖ കമന്റേറ്റർ ഹർഷ ഭോഗ്ലെ.സ്റ്റീവ് സ്മിത്ത്, വിരാട് കോഹ്ലി, വില്യംസൺ എന്നിവരെ മോശം ഫോം കാരണം ഒഴിവാക്കിയാണ് ടീം പ്രഖ്യാപനം.മികച്ച ഫോമിലുള്ള ദിമുത് കരുണരത്ന, സ്റ്റാർ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ എന്നിവർ ഓപ്പണിങ് റോളിൽ എത്തുമ്പോൾ ലബുഷെയ്നാണ് ഹർഷ ഭോഗ്ലെ ടീമിലെ മൂന്നാം നമ്പർ ബാറ്റ്‌സ്മാൻ.നിലവിൽ ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാർ റാങ്കിങ്ങിൽ ഒന്നാമത് അദ്ദേഹമാണ്.
നാലാം നമ്പറിൽ ഈ വർഷത്തെ ടെസ്റ്റ് റൺസിലെ ടോപ് സ്കോററായ ജോ റൂട്ട് ഇടം നേടിയപ്പോൾ പാകിസ്ഥാൻ താരം ഫവാദ് അലമാണ് ടീമിലെ അഞ്ചാമൻ. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി റിഷാബ് പന്തിനെയാണ് ഹർഷ ഭോഗ്ലെ സെലക്ട് ചെയ്തത്. ഓസ്ട്രേലിയന്‍ മണ്ണിൽ ടെസ്റ്റ് പരമ്പര ഇന്ത്യൻ ടീം നേടിയപ്പോൾ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ബാറ്റിംഗ് ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ഏഴാം നമ്പറിൽ വിൻഡീസ് ആൾറൗണ്ടർ ഹോൾഡർ എത്തുമ്പോൾ ടീമിലെ ഏക സ്പിന്നർ അശ്വിനാണ്. ഈ വർഷത്തെ ടോപ് വിക്കറ്റ് ടേക്കർ അശ്വിനാണ്. ഷഹീൻ അഫ്രീഡി, നോർട്ജെ,ജാമിസൻ എന്നിവർ പേസർമാരായി ടീമിലേക്ക് എത്തി
ഹർഷ ഭോഗ്ലെ ടീം :ദിമുത് കരുണരത്ന, രോഹിത് ശർമ്മ,ലബുഷെയ്ൻ, ജോ റൂട്ട്, ഫവാദ് അലം, റിഷാബ് പന്ത്, ജെയ്സൺ ഹോൾഡർ, അശ്വിൻ, ഷഹീൻ അഫ്രീഡി, നോർട്ജെ,ജാമിസൻ