2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കി ഹൈദരാബാദ് താരം ഹാരി ബ്രുക്ക്. 55 പന്തുകളിലാണ് ബ്രുക്ക് കൊൽക്കത്തക്കെതിരെ തന്റെ സെഞ്ച്വറി സ്വന്തമാക്കിയത്. 2023ലെ മിനി ലേലത്തിൽ വമ്പൻ തുകയ്ക്ക് ആയിരുന്നു സൺറൈസേഴ്സ് ബ്രുക്കിനെ ടീമിലെടുത്തത്. എന്നാൽ ആദ്യ മത്സരങ്ങളിൽ തന്റെ പ്രതിഭയ്ക്കൊത്ത് ഉയരാൻ ബ്രുക്കിന് സാധിച്ചിരുന്നില്ല. ഇതിനുശേഷം വലിയ രീതിയിലുള്ള വിമർശനങ്ങളും ബ്രുക്കിനെതിരെ ഉയർന്നിരുന്നു. എന്നാൽ എല്ലാത്തിനുമുള്ള കടം തീർത്തിരിക്കുകയാണ് ഹാരി ബ്രുക്ക് ഇപ്പോൾ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ ഇന്നിംഗ്സാണ് ബ്രുക്ക് കാഴ്ച വച്ചിരിക്കുന്നത്. മത്സരത്തിൽ കൊൽക്കത്തൻ ബോളർമാർക്ക് മേൽ ബ്രുക്ക് നിറഞ്ഞാടുകയായിരുന്നു.
ഇന്നിംഗ്സിലെ ആദ്യ ബോളിൽ ഉമേഷ് യാദവിനെതിരെ ഒരു തകർപ്പൻ ബൗണ്ടറി നേടിയാണ് ബ്രുക്ക് തന്റെ ഇന്നിംഗ്സ് ആരംഭിച്ചത്. ശേഷം ബൗണ്ടറികൾ തുടർന്നുകൊണ്ടേയിരുന്നു. ഒരു സമയത്ത് പോലും കൊൽക്കത്തൻ ബോളിംഗിന് മുൻപിൽ ബ്രുക്ക് പതറിയില്ല. ഈഡൻ ഗാർഡൻസിലെ ചെറിയ ബൗണ്ടറികൾ ഹാരി ബ്രുക്ക് അങ്ങേയറ്റം നന്നായി ഉപയോഗിച്ചു. മത്സരത്തിൽ 55 പന്തുകളിൽ 100 റൺസ് ആണ് ബ്രുക്ക് നേടിയത്. ഇന്നിംഗ്സിൽ 12 ബൗണ്ടറികളും 3 സിക്സറുകളും ഉൾപ്പെട്ടു.
ബ്രുക്കിന്റെ ഈ പ്രകടനം മത്സരത്തിൽ ഹൈദരാബാദിന് വമ്പൻ സ്കോർ ആണ് നൽകിയത്. മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ആ തീരുമാനം തെറ്റായിരുന്നു എന്ന് തോന്നിക്കുന്ന തുടക്കമാണ് ബ്രുക്ക് ഹൈദരാബാദിന് നൽകിയത്. മത്സരത്തിന്റെ ആദ്യ ബോൾ മുതൽ ബ്രുക്ക് അടിച്ചു തുടങ്ങി. മറുവശത്ത് വിക്കറ്റുകൾ വീണപ്പോഴും ബ്രുക്ക് തന്റെ താണ്ഡവം തുടരുകയായിരുന്നു.
നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ എയ്ഡൻ മാക്രവും(50) അഭിഷേക് ശർമയും(32) മികച്ച പിന്തുണ കൂടി നൽകിയതോടുകൂടി ബ്രുക്ക് തകർപ്പൻ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു. ബ്രുക്കിന്റെ സെഞ്ചുറിയുടെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 228 റൺസാണ് സൺറൈസേഴ്സ് ഹൈദരാബാദ് നേടിയിരിക്കുന്നത്.