ഇംഗ്ലീഷ് താരം ഹാരി ബ്രുക്ക് കഴിഞ്ഞ സമയങ്ങളിൽ വളരെ മികച്ച പ്രകടനമാണ് ടെസ്റ്റ് മത്സരങ്ങളിൽ കാഴ്ചവച്ചിട്ടുള്ളത്. ഇംഗ്ലണ്ടിനായി ഇതുവരെ 24 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ബ്രുക്കിന്റെ ശരാശരി 68.48 റൺസാണ്. ഇംഗ്ലണ്ടിനായി പ്രധാനപ്പെട്ട മത്സരങ്ങളിലൊക്കെയും മികവ് പുലർത്താൻ താരത്തിന് സാധിക്കുന്നുണ്ട്.
മാത്രമല്ല നിലവിൽ ഇംഗ്ലണ്ട് പുലർത്തുന്ന ബാസ്ബോൾ ശൈലിയിൽ ആക്രമണപരമായി തന്റെ ഇന്നിംഗ്സ് കെട്ടിപ്പടുക്കാനും താരത്തിന് പ്രത്യേക കഴിവുണ്ട്. ഇപ്പോൾ ഹാരി ബ്രുക്കിനെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുമായി താരതമ്യം ചെയ്താണ് മുൻ ഓസ്ട്രേലിയൻ താരമായ ഗ്രഗ് ചാപ്പൽ രംഗത്ത് വന്നിരിക്കുന്നത്.
ഇരു താരങ്ങളുടെയും കരിയറിന്റെ ആദ്യ സമയം താരതമ്യം ചെയ്യുകയാണെങ്കിൽ ഹാരി ബ്രുക്ക് സച്ചിനെ ഇതിനോടകം തന്നെ മറികടന്നിട്ടുണ്ട് എന്ന് ചാപ്പൽ പറയുന്നു. “ബ്രുക്കിന്റെ പ്രകടനം ഞാൻ താരതമ്യം ചെയ്യുന്നത് സച്ചിൻ ടെണ്ടുൽക്കറോടാണ്. തന്റെ കരിയറിന്റെ ആദ്യസമയത്ത് തന്നെ സച്ചിനെ മറികടക്കാൻ ബ്രുക്കിന് സാധിച്ചിട്ടുണ്ട്. 2 താരങ്ങളുടെയും കരിയറിന്റെ തുടക്കം കണക്കിലെടുത്താൽ മനസ്സിലാവുന്ന കാര്യമാണ് ഇത്”- ചാപ്പൽ പറയുകയുണ്ടായി. ഇരു താരങ്ങളുടെയും റെക്കോർഡുകൾ താരതമ്യം ചെയ്താണ് ചാപ്പൽ സംസാരിച്ചത്.
“നിലവിൽ കേവലം 25 വയസ് മാത്രമാണ് ബ്രുക്കിന്റെ പ്രായം. ഇതിനോടകം തന്നെ ലോക ക്രിക്കറ്റിലെ വലിയ ചർച്ചാ വിഷയമായി മാറാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കൃത്യമായ രീതിയിൽ റൺസ് സ്വന്തമാക്കാൻ സാധിക്കുന്നുണ്ട് എന്നതാണ് ബ്രുക്കിന്റെ മറ്റൊരു പ്രത്യേകത. എന്നാൽ സച്ചിൻ ടെണ്ടുൽക്കറെ പോലെ ക്രീസിൽ ഒരുപാട് ചലനങ്ങളുണ്ടാക്കി റൺസ് സ്വന്തമാക്കുന്ന താരമല്ല ബ്രുക്ക്.”- ചാപ്പൽ കൂട്ടിച്ചേർത്തു. ഇതുവരെ ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റിൽ 8 സെഞ്ച്വറികളും 10 അർദ്ധ സെഞ്ച്വറികളും സ്വന്തമാക്കാൻ ബ്രുക്കിന് സാധിച്ചിട്ടുണ്ട്.
‘വ്യത്യസ്തമായ ബാറ്റിംഗ് സാങ്കേതികതയാണ് ബ്രുക്കിന്റെ ശക്തി. കൃത്യമായി ബോളർമാരുടെ ലെങ്ത്തും ലൈനും നേരത്തെ തന്നെ തിരിച്ചറിയാനുള്ള കഴിവ് താരത്തിനുണ്ട്. അത് അവനെ കൃത്യമായ ഷോട്ടുകൾ കളിക്കാൻ സഹായിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ താൻ നേരിടുന്ന കൂടുതൽ പന്തുകളിലും അവൻ റൺസ് സ്വന്തമാക്കാറുണ്ട്.”- ചാപ്പൽ പറഞ്ഞു വെക്കുന്നു. മാത്രമല്ല സച്ചിനെപോലെ ബ്രുക്കും ബോളർമാരുടെ പേസ് കൃത്യമായി മുതലാക്കുന്ന ബാറ്ററാണ് എന്നും ചാപ്പൽ പറഞ്ഞുവയ്ക്കുകയുണ്ടായി