അമേരിക്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഞെട്ടിക്കുന്ന പരാജയമാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 159 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. മറുപടി ബാറ്റിംഗിൽ അമേരിക്കയും 159 റൺസ് സ്വന്തമാക്കിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 18 റൺസ് സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാനെ അമേരിക്ക തളക്കുകയും ചെയ്തു. ഇതോടെയാണ് ചരിത്രവിജയം അമേരിക്കയെ തേടിയെത്തിയത്. എന്നാൽ മത്സരത്തിനിടെ പാക്കിസ്ഥാൻ ബോളർ ഹാരിസ് റോഫ് പന്തിൽ കൃത്രിമം കാട്ടിയെന്ന ആരോപണവുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് അമേരിക്കൻ പേസർ റസ്റ്റി തെറോൺ.
പാക്കിസ്ഥാന്റെ പേസറായ ഹാരിസ് റോഫ് മത്സരത്തിനിടെ പന്തിൽ റിവേഴ്സ് സിംഗ് ലഭിക്കാൻ, കൈനഖം ഉപയോഗിച്ച് പന്തിന്റെ മുകൾഭാഗം ചുരണ്ടി എന്നാണ് തെറോൺ ആരോപിക്കുന്നത്. തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് അമേരിക്കൻ ബോളർ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇക്കാര്യത്തിൽ ഐസിസി അടിയന്തരമായി ഇടപെടണം എന്നാണ് തേറോൺ പറയുന്നത്. എന്നാൽ ഇക്കാര്യം തെളിയിക്കുന്ന വീഡിയോ ഒന്നും തന്നെ ലഭ്യമായിട്ടില്ല. എന്നാൽ ഇതിനോടകം തന്നെ അമേരിക്കൻ പേസറുടെ ആരോപണം വലിയ രീതിയിൽ ശ്രദ്ധ നേടുകയും ചെയ്തു. മത്സരത്തിൽ ബോൾ ചേഞ്ച് ചെയ്യുന്ന സമയത്തായിരുന്നു സംഭവം നടന്നത് എന്നാണ് തെറോൺ പറയുന്നത്.
“പുതുതായി ചേഞ്ച് ചെയ്ത പന്തിൽ പാക്കിസ്ഥാൻ നഖം ഉപയോഗിച്ച് ചുരണ്ടിയതായി ഞാൻ കാണുന്നു. അല്ലാത്തപക്ഷം എങ്ങനെയാണ് ഒരു പുതിയ ബോളിന് 2 ഓവറുകൾക്കുള്ളിൽ തന്നെ റിവേഴ്സ് സിംഗ് ലഭിക്കുന്നത്. മത്സരത്തിനിടെ ഹാരിസ് റോഫ് തന്റെ നഖം ഉപയോഗിച്ച് ബോൾ ചുരുണ്ടുന്നത് കൃത്യമായി തന്നെ കാണാനും സാധിച്ചിരുന്നു.”- തെറോൺ തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
മത്സരത്തിൽ മികവാർന്ന പ്രകടനങ്ങൾ പുറത്തെടുക്കാൻ പാക്കിസ്ഥാന്റെ ബോളർമാർക്ക് സാധിച്ചിരുന്നില്ല. മത്സരത്തിൽ പാക്കിസ്ഥാനായി 4 വമ്പൻ പേസർമാരാണ് അണിനിരന്നത്. പക്ഷേ ഒരു പേസർക്കു പോലും കൃത്യമായ ഇമ്പാക്ട് സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല.
ഇത്തരം സാഹചര്യത്തിൽ പാക്കിസ്ഥാൻ പരാജയത്തിലേക്ക് നീങ്ങുകയുണ്ടായി. ഈ സമയത്ത് റോഫ് ഈ രീതിയിൽ കൃത്രിമം കാട്ടി എന്നാണ് ആരാധകരടക്കം അഭിപ്രായപ്പെടുന്നത്. വരും ദിവസങ്ങളിൽ ഇതേ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ കത്തിപ്പടരാൻ സാധ്യത ഏറെയാണ്. പക്ഷേ സംഭവത്തിന്റെ വീഡിയോ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
അതുകൊണ്ടാണ് അമേരിക്കൻ ബോളറുടെ ആരോപണം ഇപ്പോഴും ആരോപണമായിത്തന്നെ നിൽക്കുന്നത്. മറുവശത്ത് പാക്കിസ്ഥാൻ ബോളർമാരുടെ ഫിറ്റ്നസ് ടീമിനെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. വരും മത്സരങ്ങളിൽ ബോളർമാർ തങ്ങളുടെ പ്രതാപകാല ഫോമിലേക്ക് തിരികെ എത്തിയില്ലെങ്കിൽ, പാകിസ്ഥാനെ അത് ബാധിക്കും എന്ന കാര്യം സംശയമില്ല.